Loading ...

Home Europe

ലണ്ടൻ ബ്രോംലി സിറോ മലബാർ പ്രഥമ തിരുന്നാൾ വിശ്വാസോത്സവമായി

ബ്രോംലി∙ ബ്രോംലി സിറോ മലബാർ മാസ്സ് സെന്ററിൽ ആഘോഷിച്ച ഭാരത അപ്പസ്ത്തോലൻ വിശുദ്ധ തോമശ്ലീഹയുടെയും വിശുദ്ധരായ അൽഫോൻസാമ്മ, ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ, എവുപ്രാസിയമ്മ എന്നിവരുടെയും സംയുക്ത തിരുന്നാൾ അക്ഷരാർഥത്തിൽ ബ്രോംലി മലയാളി നിവാസികൾക്ക് വിശ്വാസോത്സവമായി. പാരിഷ് അംഗങ്ങൾക്കൊപ്പം സമീപവാസികളും ലണ്ടനു പുറത്തുനിന്നുളളവരും തിരുന്നാളിൽ പങ്കെടുത്തു. ബ്രോംലിയിലെ വിശ്വാസ പ്രഘോഷണമായി മാറിയ പ്രദക്ഷിണവും ചെണ്ടമേളവും അലങ്കാരങ്ങളും ബ്രോംലി വാസികളെയും യാത്രക്കാരെയും ആകർഷിച്ചു. അവിസ്മരണീയ അനുഭവമായ തിരുന്നാളിൽ നാനാ ഭാഷക്കാരുടെ സാന്നിധ്യം ശ്രദ്ധേയമായി.തക്കല രൂപതാ അധ്യക്ഷൻ ജോർജ് രാജേന്ദ്രൻ പിതാവിന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ തിരുന്നാൾ ദിവസം രാവിലെ വൈദികരായ ജോസഫ്‌ കറുകയിൽ, സാജു മുല്ലശ്ശേരി, സിറിൽ ഇടമന സിറോ മലബാർ സെന്റർ ചാപ്ലിൻ സാജു പിണക്കാട്ട്,സിറിയക് പലക്കുടിയിൽ,ഡീക്കൻ ബാരി എന്നിവരുടെ സാന്നിധ്യത്തിൽ സെൻറ് ജോസഫ്‌ പള്ളി വികാരി ടോം അച്ചൻ എന്നിവർ പള്ളിക്കു മുൻപിൽ തയ്യാറാക്കിയ കൊടിമരത്തിൽ കൊടിയേറ്റിയതോടെ തിരുന്നാളിന് ആരംഭമായി.തുടർന്നു തിരുന്നാൾ പ്രസുദേന്തി വാഴ്ചയും ആഘോഷമായ സമൂഹ ദിവ്യബലിയും നടന്നു. ഫാ.ജോസഫ് കറുകയിൽ തിരുന്നാൾ കുർബ്ബാനയിൽ മുഖ്യ കാർമ്മികനായിരുന്നു.ഫാ.സിറിൽ ഇടമന കുർബ്ബാന മധ്യേ സുവിശേഷ പ്രസംഗം ചെയ്തു.

bromly-syro-malabar-tirunal-1
'തിരുന്നാളുകൾ ആഘോഷമാക്കി വിശുദ്ധരെ അനുസ്മരിക്കുമ്പോൾ അവരുടെ ജീവിത നന്മകൾ മനസ്സിലാക്കുവാനും, അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികം ആക്കുകയും ചെയ്താലേ അതിന്ഫലം ഉള്ളൂവെന്ന്' സിറിൽ അച്ചൻ ഓർമ്മിപ്പിച്ചു.ബ്രോംലിയുടെ സ്വന്തം കൊയർ ഗ്രൂപ്പ്‌ തന്നെ ഒരുങ്ങി നടത്തിയ ഗാന ശുശ്രുഷ തിരുന്നാൾ കുർബ്ബാനയിൽ സ്വർഗ്ഗീയ അനുഭവം പകർന്നു.തിരുന്നാൾ കുർബ്ബാനക്ക് ശേഷം വിശുദ്ധരുടെ രൂപങ്ങൾ രൂപക്കൂടുകളിൽ എടുത്തുകൊണ്ട് തിരുശേഷിപ്പും വഹിച്ചു കൊണ്ട് ഹോളി ട്രിനിറ്റി കോണ്‍വെന്റ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് നൂറു കണക്കിന് വിശ്വാസികൾ അണിനിരന്ന ഭക്തി നിർഭരമായ പ്രദക്ഷിണവും നടന്നു. ജോർജ് രാജേന്ദ്രൻ പിതാവ് തിരുശേഷിപ്പ് വഹിച്ചുകൊണ്ട് പ്രദക്ഷിണത്തിൽ പങ്കുചേർന്നത് എല്ലാവർക്കും ആത്മീയ അനുഭവവും ഒപ്പം അനുഗ്രഹദായകവുമായി. തായമ്പക മേളങ്ങളുടെയും താലപൊലിയുടെയും അകമ്പടിയോടെ നടന്ന ആഘോഷകരമായ വിശ്വാസ പ്രഘോഷണ പ്രദക്ഷിണം തിരുന്നാൾ കൊടികൾ ഏന്തിയ കൊച്ചുകുട്ടികൾക്ക് പുതിയ കാഴ്ചയായിരുന്നു. മുത്തുകുടകൾ, വർണ്ണാഭമായ തോരണങ്ങളാൽ അലംകൃതമായ പള്ളിയും പരിസരവും കൊടികളും പേപ്പൽ ഫ്ലാഗുകളും പ്രദക്ഷിണത്തിനു കൂടുതൽ അഴകേകി. പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തിയ ശേഷം വാഴ്വും ലദീഞ്ഞും അൽഫോൻസാമ്മയുടെ നോവേനക്കും ശേഷം ജോർജ് രാജേന്ദ്രൻ പിതാവ് തിരുന്നാൾ സന്ദേശം നൽകി.നമ്മുടെ സഭാ പിതാവായ മാർത്തോമ്മാ ശ്ലീഹ, ദൈവ വചനവും,വിശ്വാസ സത്യങ്ങളും പ്രഘോഷിക്കുവാനായിട്ടാണ് നമ്മുടെ മണ്ണിൽ എത്തിയതെന്നും കൂടാതെ ദൈവത്തിന്റെ രക്ഷാകര പദ്ധതി ഏവർക്കും പകർന്നു നൽകുകയും ചെയ്തു.ദൈവിക പാത സ്വീകരിച്ചു ജീവിച്ചവരാണ് വിശുദ്ധ ഗണത്തിൽ ചേർക്കപ്പെട്ടതെന്നും , പ്രവാസമണ്ണിൽ ഓരോ മാർത്തോമ്മാ കത്തോലിക്കരും യേശുവിനു ജീവിത സാക്ഷികളാവണം എന്ന് പിതാവ് ഓർമ്മിപ്പിച്ചു. ജോർജ് പിതാവ് നൽകിയ സമാപന ആശിർവാദത്തോടെ തിരുന്നാൾ കർമ്മങ്ങൾക്ക് സമാപനമായി.തുടർന്ന് വിശ്വാസികൾ കഴുന്നെടുക്കുന്നതിന്റെയും നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിന്റെയും തിരക്കായിരുന്നു.തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം പള്ളി ഹാളിൽ വിശ്വാസി സമൂഹം ഒത്തുകൂടി.വേദപാഠം കുരുന്നുകളുടെ മികവുറ്റ കലാവിരുന്നിന് ശേഷം ചെണ്ട മേളക്കാരുടെ കലാശക്കൊട്ട് ഏവർക്കും ആവേശം വിതറി. ഹാളിൽ തിങ്ങിക്കൂടിയ വിശ്വാസികളെ സാക്ഷി നിർത്തി സിറോ മലബാർ മാസ്സ് സെന്ററിന്റെ വെബ്സൈറ്റ് ഏറ്റവും പ്രായം കുറഞ്ഞ കുരുന്ന് ഉദ്ഘാടനം ചെയ്തു. സിറോ മലബാർ മാസ്സ് സെന്റർ ചാപ്ലിൻ സാജു പിണക്കാട്ടച്ചൻ എല്ലാവർക്കും തിരുന്നാളിന്റെ ആശംസകൾ നേരുകയും തിരുന്നാളിന്റെ വിജയത്തിനായി പ്രവർത്തിച്ച കമ്മിറ്റി കാർക്കും,തിരുന്നാൾ പ്രസുദേന്തിമാർക്കും,തിരുന്നാളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു. വിഭവ സമൃദ്ധവും,സ്വാദിഷ്ടവുമായ സ്നേഹ വിരുന്നു ഏവരും ആസ്വദിച്ചു.

വാർത്ത∙ അപ്പച്ചൻ കണ്ണഞ്ചിറ

Related News