Loading ...

Home Business

ആഭ്യന്തര ഉല്‍പാദനത്തിലെ സങ്കോചം ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഭീഷണി

ആഭ്യന്തര ഉല്‍പാദനത്തിലെ സങ്കോചം ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. 2020-21 കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) അഞ്ച് ശതമാനം സങ്കോചം നേരിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, ഇത് കോര്‍പ്പറേറ്റ് ഇന്ത്യയുടെ വരുമാനത്തില്‍ 15 ശതമാനം ഇടിവിന് ഇടയാക്കുകയും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്‌എംഇ) ഭീഷണി ഉയര്‍ത്തുകയും ചെയ്യും. റിസര്‍വ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നയപരമായ ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെങ്കിലും അവയ്‌ക്ക് ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല, ഇത് ചെറുകിട ബിസിനസുകള്‍ക്ക് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോ ചെറുകിട ഇടത്തരം എന്റര്‍പ്രൈസ് (എംഎസ്‌എംഇ) മേഖലയ്‌ക്ക് 21 ശതമാനം വരെ വരുമാനത്തില്‍ കുത്തനെ ഇടിവ് നേരിടേണ്ടിവരുമെന്നും പ്രവര്‍ത്തന ലാഭം 4-5 ശതമാനമായി കുറയുമെന്നും ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ ഗവേഷണ വിഭാഗവും പറയുന്നു.കോവിഡ് -19 പശ്ചാത്തലത്തില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ കടുത്ത സാമ്ബത്തിക മാന്ദ്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും സ്വാതന്ത്രത്തിനുശേഷമുള്ള നാലാമത്തെ സാമ്ബത്തികമാന്ദ്യത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വരുമാനം അഞ്ച് ശതമാനം ചുരുങ്ങുമെന്ന് കണക്കാക്കുന്നതായും ഇന്ത്യയുടെ ജിഡിപി അവലോകന റിപ്പോര്‍ട്ടില്‍ ക്രിസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി ആരംഭിച്ചതിനുശേഷം സര്‍ക്കാരും റിസര്‍വ് ബാങ്കും എംഎസ്‌എംഇ മേഖലയ്‌ക്ക് 3 ലക്ഷം കോടി രൂപ വരെ ഈടില്ലാത്ത (കൊളാറ്ററല്‍ ഫ്രീ) വായ്‌പകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പിലായിരിക്കും ഈ വായ്പ.

12 മാസത്തേക്ക് വായ്പാ തിരിച്ചടവിന് മൊറട്ടോറിയവും നല്‍കും. വാര്‍ഷിക വിറ്റുവരവ് 100 കോടിയില്‍ കൂടാത്ത, 25 കോടി രൂപവരെ വായ്പ തിരിച്ചടവ് ബാക്കിയുള്ള സംരംഭങ്ങള്‍ക്കായിരിക്കും വായ്പയ്ക്ക് അര്‍ഹതയുണ്ടാവുകയെന്നും പ്രഖ്യാപിച്ചിരുന്നു. മൊത്തം എം‌എസ്‌എം‌ഇ കടത്തിന്റെ 32 ശതമാനം വരുന്ന മൈക്രോ എന്റര്‍പ്രൈസ് വിഭാഗത്തെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക. വരുമാന വളര്‍ച്ച, പ്രവര്‍ത്തന ലാഭം, പ്രവര്‍ത്തന മൂലധന സ്ട്രെച്ച്‌ എന്നിവയില്‍ ഈ വിഭാഗം ഭൗതിക സമ്മര്‍ദ്ദം നേരിടുന്നു. മൈക്രോ, ചെറുകിട സംരംഭങ്ങള്‍ക്ക് അവരുടെ വലിയ, ഇടത്തരം സമാന സംരംഭങ്ങളെപ്പോലെ എളുപ്പത്തില്‍ പ്രവര്‍ത്തന മൂലധന വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് മുന്‍ മാന്ദ്യം വ്യക്തമാക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നയപരമായ ഇടപെടലുകള്‍ താല്‍ക്കാലിക സഹായമാകുമെങ്കിലും, ഈ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകതയാണ് ഏറ്റവും വലിയ ആശങ്കയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Related News