Loading ...

Home sports

2023ലെ ഫിഫയുടെ വനിതാ ലോകകപ്പിന് രണ്ടു വേദികള്‍, ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയര്‍

സൂറിച്ച്‌: 2023ല്‍ നടക്കാനിരിക്കുന്ന ഫിഫയുടെ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിക്കും. ഇരുരാജ്യങ്ങളും സംയുക്തമായി നല്‍കിയ അപേക്ഷ ഫിഫ അംഗീകരിക്കുകയായിരുന്നു. ലാറ്റിനമേരിക്കയില്‍ നിന്നുള്ള കൊളംബിയയെ മറികടന്നാണ് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആതിഥേയത്വം കൈക്കലാക്കിയത്. നേരത്തേ മല്‍സരരംഗത്തുണ്ടായിരുന്ന ജപ്പാന്‍ പിന്‍മാറിയതിനാല്‍ മല്‍സരം ഓസ്‌ട്രേലിയ- ന്യൂസിലാന്‍ഡും കൊളംബിയയും തമ്മിലായിരുന്നു. ഫിഫ കൗണ്‍സിലിലെ 37 അംഗങ്ങള്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള യോഗത്തിലാണ് ലോകകപ്പിന്റെ വേദി പ്രഖ്യാപിച്ചത്. 32 ടീമുകള്‍ അണിനിരക്കുന്ന ആദ്യത്തെ ലോകകപ്പ് കൂടിയായിരിക്കും 2023ലേത്. ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ അണിനിരന്നത് 24 രാജ്യങ്ങളായിരുന്നു. അന്നു അമേരിക്കയായിരുന്നു ചാംപ്യന്‍മാര്‍. ഫിഫയുടെ ഒമ്ബതാമത്തെ വനിതാ ലോകകപ്പാണ് 2023ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നടക്കാനിരിക്കുന്നത്. 2023 ജൂലൈ മുതല്‍ ആഗസ്റ്റ് വരെയായിരിക്കും വനിതാ ലോകകപ്പ് നടക്കുക. 12 നഗരങ്ങളിലായി 13 വേദികളിലായിരിക്കും മല്‍സരങ്ങള്‍. ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരം ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍ നടക്കുമ്ബോള്‍ ഫൈനലിനു വേദിയാവുക ഓസ്‌ട്രേലിയയിലെ സിഡ്‌നിയായിരിക്കും. ഓസ്‌ട്രേയയിലെ ഏഴും ന്യൂസിലാന്‍ഡിലെ അഞ്ചും നഗരങ്ങളിലായിരിക്കും മല്‍സരങ്ങള്‍. സിഡ്‌നിയിലെ രണ്ടു സ്‌റ്റേഡിയങ്ങളില്‍ മല്‍സം നടക്കും. നിരവധി അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകള്‍ക്കു വേദിയായ അനുഭവസമ്ബത്ത് ഇത്തവണ ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനും വോട്ടിങില്‍ മുതല്‍ക്കൂട്ടാവുകയായിരുന്നു. 2015ല്‍ പുരുഷന്‍മാരുടെ ഏഷ്യാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയില്‍ നടന്നിരുന്നു. ഇതേ വര്‍ഷം തന്നെ പുരുഷന്‍മാരുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്‍ഡിലും നടന്നിരുന്നു. ഇതുകൂടാതെ രണ്ടു തവണ ഒളിംപിക്‌സിന് വേദിയായിട്ടുള്ള രാജ്യം കൂടിയാണ് ഓസ്‌ട്രേലിയ. 1956ല്‍ മെല്‍ബണും 2000ത്തില്‍ സിഡ്‌നിയും ഒൡപിക്‌സിന് ആതിഥേയത്വം വഹിച്ചിരുന്നു. അടുത്തിടെ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും പുരുഷന്‍മാരുടെ റഗ്ബി ലോകകപ്പിനു വേദിയായിരുന്നു. 1992, 2015 കളിലെ ക്രിക്കറ്റ് ലോകകപ്പിനും ഇരുരാജ്യങ്ങളും സംയുക്ത ആതിഥേയരായിട്ടുണ്ട്. നിലവില്‍ ഫിഫയുടെ വനിതാ റാങ്കിങില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടക്കാന്‍ അവര്‍ക്കായിട്ടില്ല. കഴിഞ്ഞ തവണത്തെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. അതേസമയം, ന്യൂസിലാന്‍ഡിന് ഒരിക്കല്‍പ്പോലും വനിതാ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടം കടക്കാനായിട്ടില്ല.

Related News