Loading ...

Home Europe

കൊവിഡിന്‍റെ രണ്ടാം വരവ്; അതിര്‍ത്തികള്‍ തുറക്കാതെ യൂറോപ്പ്

അമേരിക്കയിലും യൂറോപ്പിലും കുറഞ്ഞുതുടങ്ങിയിരുന്ന കൊവിഡ്-19 ഭീതി വീണ്ടും രൂക്ഷമാകുന്നു. ദിവസങ്ങളായി ചില യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാമാരിയുടെ രണ്ടാം തരംഗമാണിതെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്‍ധര്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് രാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് വൈറസ് ബാധ വീണ്ടും രൂക്ഷമാകുന്നത്. റെക്കോര്‍ഡ് രോഗബാധയാണ് അമേരിക്കയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‍തത്. അതേസമയം, നേരത്തെ രോഗവ്യാപനം തീവ്രമായിരുന്ന സംസ്ഥാനങ്ങളിലല്ല ഇപ്പോള്‍ രോഗികളുടെ എണ്ണം ഉയരുന്നത്. യൂറോപ്പിലും നേരത്തേ രോഗബാധ കൂടുതലുണ്ടായിരുന്ന രാജ്യങ്ങളിലല്ല ഇപ്പോള്‍ വൈറസ് വ്യാപിക്കുന്നത്.

ഒരു മാസത്തിലേറെയായി യൂറോപ്പില്‍ രോഗവ്യാപനം കുറയുകയായിരുന്നു. രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്‍തിരുന്നു. മിക്ക രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി നീക്കിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വീണ്ടും രോഗികളുടെ എണ്ണം ഉയരുകയാണ്. അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും സ്ഥിതി രൂക്ഷമായി തുടരുകയുമാണ്. ഈ സാഹചര്യത്തില്‍ അതിര്‍ത്തികള്‍ തുറക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടെന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം. ജൂലൈ ഒന്ന് മുതല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു.

ജൂലൈ ഒന്ന് മുതല്‍ യൂറോപ്പിന് പുറത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ എത്ര ദിവസം വേണമെന്നത് സംബന്ധിച്ച് രാജ്യങ്ങളാണ് തീരുമാനമെടുക്കുന്നത്. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതി നല്‍കണമെന്നും എത്ര ദിവസം ക്വാറന്‍റൈന്‍ വേണമെന്നും മിക്ക രാജ്യങ്ങളിലും സര്‍ക്കാരുകള്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.


Related News