Loading ...

Home sports

ട്വന്റി-20 ലോകകപ്പ്‌ മാറ്റും; ഐപിഎല്‍ യുഎഇയില്‍

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവയ്ക്കാനുള്ള തീരുമാനം ഇന്ന് ചേരുന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ബോര്‍ഡ് യോഗം പ്രഖ്യാപിക്കും. അതിനുശേഷമാകും ഐപിഎല്‍ ക്രിക്കറ്റ് നടത്താനുള്ള ഔദ്യോഗിക തീരുമാനം ഉണ്ടാവുക. ലോകകപ്പ് മാറ്റിയാല്‍ യുഎഇ ഐപിഎലിന് വേദിയായേക്കും. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപിച്ചതിനാല്‍ ലോകകപ്പ് സാധ്യമല്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു. എന്നാല്‍, സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഐസിസി കുറച്ചുകൂടി സമയം നല്‍കി. ലോകകപ്പ് മാറ്റിയാല്‍മാത്രമേ ഐപിഎല്‍ സാധ്യമാകൂ. ഐപിഎലിന്റെ 13-ാംപതിപ്പ് മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ നടക്കേണ്ടതായിരുന്നു. കോവിഡ് എല്ലാം മാറ്റിമറിച്ചു. നിലവില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക സാധ്യമല്ല. അതിനാലാണ് കോവിഡ് വ്യാപനം കുറഞ്ഞ യുഎഇയിലേക്ക് കളി മാറ്റുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവയാണ് വേദികളായി പരിഗണിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യതയില്ല. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) 3000 കോടിയോളം രൂപ നഷ്ടമാകുമെന്ന് കണക്കാക്കിയിരുന്നു. അതാണ് ടൂര്‍ണമെന്റിനുള്ള ബിസിസിഐ താല്‍പ്പര്യം.യുഎഇയില്‍ കളി നടത്താന്‍ അനുമതി തേടി ബിസിസിഐ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. സെപ്തംബര്‍ 26 മുതല്‍ നവംബര്‍ ഏഴുവരെയാണ് ഐപിഎല്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. അത് ചിലപ്പോള്‍ നവംബര്‍ 14 വരെ നീണ്ടേക്കും.

Related News