Loading ...

Home cinema

കഥയെഴുത്തുകാര്‍ക്ക് ഇനി ഓണ്‍ലൈന്‍ 'കഥയിടം'

പാലാ: കഥയല്ലിത്, സത്യം; മലയാളത്തിലെ കഥാകൃത്തുക്കള്‍ ഒത്തു ചേര്‍ന്ന് കഥയുടെ 'ഇ' ഇടം 'കഥയിടം' വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചു.കഥയെഴുതി അവതരിപ്പിക്കുന്നതിനും കേള്‍ക്കുന്നതിനുമായി കഥകളുടെ ഇ വേദി ആയാണ് മലയാള കഥയിടം വാട്സ് ആപ്പ് ഗ്രൂപ്പ് എന്ന് പ്രമുഖ സാഹിത്യകാരനും എം.ജി. യൂണിവേഴ്‌സിറ്റി റിട്ട. രജിസ്ട്രാറുമായ പ്രൊഫ. എലിക്കുളം ജയകുമാര്‍ പറഞ്ഞു. ഇദ്ദേഹമാണ് ഗ്രൂപ്പിന്റെ പ്രധാന അഡ്മിന്‍. എലിക്കുളം ജയകുമാര്‍ ചെയര്‍മാനും, ജോബിന്‍ പൈക കണ്‍വീനറുമായാണ് കഥയിടം പ്രവര്‍ത്തിക്കുന്നത്. മലയാള കഥയിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സാഹിത്യകാരന്‍ ബാബു കുഴിമറ്റം നിര്‍വഹിച്ചു.

ഒമ്ബതു ജില്ലകളില്‍ നിന്നായി 130 കഥാകൃത്തുക്കള്‍ ഇപ്പോള്‍ കൂട്ടായ്മയിലുണ്ട്. കഥ എഴുതുന്നവരെയും ആസ്വദിക്കുന്നവരെയും കഥയെ പ്രോത്സാഹിപ്പിക്കുന്നവരെയുമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിട്ടുള്ളത്.എഴുതി തുടങ്ങുന്നവര്‍ക്ക് കഥയിടത്തില്‍ പ്രത്യേക പരിഗണന നല്‍കും.ദിവസേനയുള്ള കഥയവതരണമാണ് ഗ്രൂപ്പിന്റെ ആകര്‍ഷണീയത. ഓരോരുത്തരും സ്വന്തം കഥകള്‍ വായിച്ച്‌ ഓഡിയോ ആയും എഴുതിയും ഗ്രൂപ്പിലിടുന്നു. കൂടാതെ മാസത്തില്‍ രണ്ടു തവണ കഥയരങ്ങും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഓഡിയോ ആയതിനാല്‍ വിശ്രമവേളകളില്‍പ്പോലും കഥ കേട്ടു രസിക്കാമെന്നതാണ് സവിശേഷത.

കഥയിടത്തിന്റെ പ്രഥമ കഥയരങ്ങില്‍ എലിക്കുളം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.ഹരികുമാര്‍ ചങ്ങമ്ബുഴ ഉദ്ഘാടനം ചെയ്തു. ഡോ.ആന്‍സി ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഡോ.എന്‍ രേഖ, രവി പുലിയന്നൂര്‍, ഡി. ശ്രീദേവി തുടങ്ങിയവര്‍ കഥകള്‍ അവതരിപ്പിച്ചു.ആഗസ്റ്റ് 27 ന് 'കഥയോണം' എന്ന പേരില്‍ ഓണക്കഥകളുടെ അവതരണത്തിനായി ഒരുക്കങ്ങള്‍ നടന്നുവരുന്നു.കഥയിടത്തില്‍ ഏതൊരു കഥാകൃത്തിനും ചേരാം. അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ 9496116245ല്‍ വിളിച്ച്‌ വാട്‌സ് ആപ്പ് നമ്ബര്‍ കൊടുത്താല്‍ മതി.

കഥാകൃത്തുക്കളായ ചന്തിരൂര്‍ താഹ, സലിം മുല്ലശ്ശേരി, ഉല്ലലബാബു. രാധാകൃഷ്ണന്‍ കാര്യാകുളം, എരമല്ലുര്‍ സനല്‍കുമാര്‍, പി.ആര്‍.രാമചന്ദ്രന്‍ ,സുരേന്ദ്രന്‍ എഴുപുന്ന, ഗീതാകൃഷ്ണന്‍ തിരുവനന്തപുരം, പ്രൊഫ. രഘുദേവ്, മുരുകന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിത്യ കഥാവതരണവും ആരംഭിച്ചിട്ടുണ്ട്.

Related News