Loading ...

Home sports

പി.എസ്.ജിയുടെ തോല്‍വി; പാരീസില്‍ അക്രമം അഴിച്ചുവിട്ട് ആരാധകര്‍

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി, ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെ ക്ഷുഭിതരായ പി.എസ്.ജി ആരാധകര്‍ പാരീസിലെ വിവിധയിടങ്ങളില്‍ അക്രമം അഴിച്ചുവിട്ടു. പാരിസിലെ ചാമ്പ്യന്‍സ് എലിസീസില്‍ ഫ്രഞ്ച് പോലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ചാമ്പ്യന്‍സ് എലിസീസിലെ ഒരു ബാറില്‍ കളികാണാനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ബാറിലിരുന്നവരെയാണ് പോലീസ് ബലം പ്രയോഗിച്ച്‌ നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഇതോടെ ആളുകള്‍ പോലീസിനെതിരേ തിരിഞ്ഞു. പാരീസിലെ പടിഞ്ഞാറന്‍ മേഖലയില്‍ പി.എസ്.ജിയുടെ സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ സ്ഥാപിച്ച രണ്ട് കൂറ്റന്‍ സ്ക്രീനുകളില്‍ ആരാധകര്‍ക്ക് മത്സരം കാണാനുള്ള സൗകര്യം ക്ലബ്ബ് ഒരുക്കിയിരുന്നു. കോവിഡ് മാനദണ്ഡമനുസരിച്ച്‌ 5,000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ കിക്കോഫിന് മിനിറ്റുകള്‍ക്ക് മുമ്ബും നിരവധി ആരാധകര്‍ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം ലഭിക്കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ച പുറത്തുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടന്നത്.
ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ മറികടന്നാണ് ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്ബ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.
59-ാം മിനിറ്റില്‍ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോള്‍. പതിനൊന്നാം ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്കിന്റെ ആറാം കിരീടമാണിത്.



Related News