Loading ...

Home Business

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 4685 രൂപയും പവന് 37480 രൂപയുമായി.അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1965 ഡോളറും രൂപയുടെ വിനിമയ നിരക്ക് 73 രൂപയിലുമാണ്. ഓഗസ്റ്റ് 7ന് 5250, 42000 എന്ന റെക്കോര്‍ഡ് വിലയില്‍ നിന്നും ഗ്രാമിന് 565 രൂപയും പവന് 4520 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 26 ദിവസത്തിനിടെയാണ് വലിയ വിലക്കുറവിലേക്കെത്തിയത്. ഈ ദിവസങ്ങളില്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2081 ഡോളറില്‍ നിന്നും 1965ലേക്ക് എത്തിയിട്ടുണ്ട്.

116 ഡോളറിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും രൂപ 74.89ല്‍ നിന്നും 72.96ലേക്കെത്തി കരുത്തായതാണ് ആഭ്യന്തര വിപണിയില്‍ വലിയ വിലക്കുറവായി പ്രതിഫലിക്കുന്നത്. രൂപ വീണ്ടും കരുത്ത് പ്രകടിപ്പിച്ച്‌ 72ലേക്ക് എത്തുമെന്നാണ് സൂചനകള്‍.

ഓണവിപണി സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 - 50 ശതമാനത്തോളം വില്പന കുറവായിരുന്നെങ്കിലും വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം സ്വര്‍ണ വില നിര്‍ണയത്തില്‍, അനാവശ്യ വിവാദം അവസാനിപ്പിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ്‌ ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ആവശ്യപ്പെട്ടു. സ്വര്‍ണ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ 1990ല്‍ പിന്‍വലിച്ചതിന് ശേഷം വില നിശ്ചയിക്കുന്നതിന് ഓള്‍ കേരള ഗോള്‍ഡ്‌ ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഒരു മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട് അത് തന്നെയാണിപ്പോഴും പിന്‍തുടരുന്നത്.

എകെജിഎസ്‌എംഎ പ്രഖ്യാപിച്ച സ്വര്‍ണവിലയ്ക്കെതിരെ 100 രൂപ കുറച്ച്‌ നിര്‍ണയിച്ച്‌ വിപണിയില്‍ അനാവശ്യ വിവാദമുണ്ടാക്കിയവര്‍ പറഞ്ഞത് ലാഭത്തില്‍ ഒരു വിഹിതം കുറച്ചു നല്‍കുന്നുവെന്നാണ്. എന്നാല്‍ ക്രമാതീതമായി വില വര്‍ദ്ധിച്ച്‌ 5250 രൂപയിലേക്കെത്തിയപ്പോള്‍ ഒരിക്കല്‍ പോലും അവര്‍ വില കുറയ്ക്കാന്‍ തയ്യാറായതുമില്ലെന്നതാണ് വിപണിയില്‍ സംശയമുയര്‍ത്തിയത്. അവര്‍ക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ലാഭമെത്രയാണെന്ന് വ്യക്തമാക്കണം. ബാങ്ക് നിരക്കില്‍ നികുതി നല്‍കി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയില്‍ മാത്രമാണ് നാമമാത്ര ലാഭം ലഭിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യമെന്നും എകെജിഎസ്‌എംഎ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ ഹാള്‍മാര്‍ക്കിംഗ്, ഈ വേ ബില്‍, അനുമാന നികുതി സംബന്ധിച്ച ആംനസ്റ്റി സ്കീം, സ്വര്‍ണ തൊഴിലാളി ക്ഷേമനിധി തുടങ്ങിയ ഒട്ടേറെ പ്രതിസന്ധികളിലും സമരമുഖങ്ങളിലും ഒരിക്കലും രംഗത്തില്ലായിരുന്നവര്‍ തങ്ങളും ഈ രംഗത്തുണ്ടെന്നറിയിക്കാനാണ് വിലക്കുറവ് വിവാദമുണ്ടാക്കിയത്. ആരോടെങ്കിലുമുള്ള പകയുടെയോ വിദ്വേഷത്തിന്റെയോ പേരില്‍ സ്വര്‍ണ വിപണിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഓള്‍ കേരള ഗോള്‍ഡ്‌ ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററും ജിജെസി ദേശീയ ഡയറക്ടറുമായ എസ്.അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.

Related News