Loading ...

Home sports

ഐപിഎല്‍ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ഒന്നാം ക്വാളിഫയര്‍ പോരാട്ടം മുംബൈയും ഡല്‍ഹിയും തമ്മില്‍

ദുബായ്: ഐപിഎല്‍ 2020 ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഒന്നാം ക്വാളിഫയറില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനെ തകര്‍ത്ത് രണ്ടാം സ്ഥാനത്തെത്തിയ ഡല്‍ഹിയും പ്രതീക്ഷയിലാണ്. ഇന്ന് ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്ന ടീം ബാംഗ്ലൂര്‍-ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരവിജയികളുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടേണ്ടി വരും. ഈ സീസണില്‍ ആധികാരികമായ പ്രകടനവുമായാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. മുന്‍ നിരക്ക് വിശ്രമം നല്‍കി അവസാന ഗ്രൂപ്പ് മത്സരത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതൊഴിച്ചാല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് രോഹിത് ശര്‍മ്മയുടെ ടീം കാഴ്ചവെച്ചിരിക്കുന്നത്. ബാറ്റിംഗില്‍ നായകന്‍ രോഹിതും ഡി കോക്കും സൂര്യകുമാര്‍ യാദവും യുവതാരം ഇഷാന്‍ കിഷനും പാണ്ഡ്യ സഹോദരന്മാരും പൊള്ളാര്‍ഡും മുംബൈയുടെ കരുത്താണ്. ബൂമ്രയും ബോള്‍ട്ടും നയിക്കുന്ന പേസ് ആക്രമണവും രാഹുല്‍ ചഹാര്‍- ക്രുണാല്‍ പാണ്ഡ്യ സ്പിന്‍ കൂട്ടുകെട്ടും മികച്ച ഫീല്‍ഡിംഗും മുംബൈയെ കിരീടസാധ്യതയുള്ള ടീമാക്കി മാറ്റുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തവണയും മുബൈയോട് തോറ്റെങ്കിലും ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവാന്‍ യോഗ്യത തെളിയിച്ചവരാണ് മലയാളി താരം ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി. ശിഖര്‍ ധവാന്‍, ഋഷഭ് പന്ത് എന്നിവര്‍ ബാറ്റിംഗ് കരുത്താകുന്ന ഡല്‍ഹിയുടെ പ്രതീക്ഷകള്‍ക്ക് നായകന്‍ ശ്രേയസ് അയ്യരും ഹെറ്റ്മെയറും പൃഥ്വി ഷായും നിറം പകരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ദ്വയമായ റബാഡയും നോര്‍ട്യെയും സ്പിന്നര്‍മാരായ അശ്വിനും അക്സര്‍ പട്ടേലും ബൗളിംഗ് കരുത്താകുന്നു.

Related News