Loading ...

Home sports

ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബിസിസിഐ

ഐപിഎല്‍ 13 ആം പതിപ്പ് വന്‍വിജയമായിരിക്കുന്നു. കൊറോണക്കാലത്ത് എല്ലാവിധ തയ്യാറെടുപ്പുകളോടുംകൂടി ബിസിസിഐ സംഘടിപ്പിച്ച ഐപിഎല്‍ ടൂര്‍ണമെന്റ് കായിക ലോകത്ത് പുതിയ മാതൃകതന്നെ സൃഷ്ടിച്ചു. പറഞ്ഞുവരുമ്ബോള്‍ 14 ആം ഐപിഎല്‍ പതിപ്പിന് ഇനി ഏറെ നാളുകളില്ല. ഏപ്രിലില്‍ വീണ്ടും ഐപിഎല്‍ നടക്കും; 2021 സീസണ്‍. ഇതിനിടെ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ഉള്‍പ്പെടുത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിപുലപ്പെടുത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് ഉദ്ദേശ്യമുണ്ട്.

നിലവില്‍ എട്ടു ടീമുകള്‍ മാത്രമാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. മൊത്തം ഫ്രാഞ്ചൈസികളുടെ എണ്ണം പത്താക്കി ഉയര്‍ത്താന്‍ ബിസിസിഐ താത്പര്യപ്പെടുന്നു. ടൂര്‍ണമെന്റിന്റെ വാണിജ്യമൂല്യം കൂട്ടാന്‍ ഈ നീക്കം സഹായിക്കും. പുതിയ ഫ്രഞ്ചൈസികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കാനുള്ള ആലോചനയിലാണ് സൗരവ് ഗാംഗുലിയും സംഘവും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപാവലിക്ക് ശേഷം ബിസിസിഐ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.

2021 സീസണില്‍ ഒരു ഫ്രാഞ്ചൈസിയെ മാത്രം അവതരിപ്പിക്കാനായിരിക്കും ബിസിസിഐ മുന്‍കയ്യെടുക്കുക. 2022 സീസണില്‍ രണ്ടാമത്തെ ഫ്രഞ്ചൈസിയും അണിനിരക്കും. അദാനി ഗ്രൂപ്പ്, ടാറ്റ ഗ്രൂപ്പ്, ആര്‍പിജി-സഞ്ജയ് ഗോയങ്ക ഗ്രൂപ്പ് എന്നിവര്‍ക്കെല്ലാം പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിയില്‍ നോട്ടമുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ രാജ്യത്തെ പ്രമുഖ ബാങ്കര്‍മാരില്‍ ഒരാളായ ഉദയ് കൊടാക്കും പ്രമുഖ മാധ്യമ സംരംഭകന്‍ റോണി സ്‌ക്രൂവാലയും പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേസമയം, പുതിയ ഫ്രാഞ്ചൈസികള്‍ കടന്നുവരുമ്ബോള്‍ നിലവിലെ ഫ്രാഞ്ചൈസികള്‍ മൂന്നു പ്രധാന ആശങ്കള്‍ ബിസിസിഐയുമായി പങ്കുവെയ്ക്കുന്നുണ്ട്.

1. വരുമാനം പങ്കിടുന്നതിനെ ചൊല്ലിയാണ് ആദ്യത്തെ ആശങ്ക. 2023 സീസണ്‍ വരെ ഇപ്പോഴുള്ള വരുമാനഘടന തന്നെയായിരിക്കും ബിസിസിഐ കൈക്കൊള്ളുക. അതായത് പുതിയ ഫ്രാഞ്ചൈസികള്‍ കടന്നുവരുമ്ബോള്‍ ടീമുകള്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം കുറയും.

2. മാര്‍ച്ച്‌ അവസാനവാരത്തിനും ഏപ്രില്‍ ആദ്യവാരത്തിനുമിടയ്ക്ക് ഐപിഎല്‍ ആരംഭിക്കാനാണ് ബിസിസിഐയുടെ പദ്ധതി. അങ്ങനെയെങ്കില്‍ മുന്‍നിശ്ചയിച്ചിട്ടുള്ള മെഗാലേലത്തിന് തയ്യാറെടുക്കാന്‍ സാവകാശം കിട്ടില്ലെന്നും ഫ്രാഞ്ചൈസികള്‍ പറയുന്നു.

3. പുതിയൊരു ഫ്രാഞ്ചൈസി കൂടി കടന്നുവന്നാല്‍ മത്സരങ്ങളുടെ എണ്ണം 60 നിന്നും 76 ആയി ഉയരും. രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി എത്തിയാല്‍ മത്സരങ്ങളുടെ എണ്ണം 90 ആകും. ചെറിയ കാലയളവില്‍ 90 മത്സരങ്ങള്‍ കളിക്കുക പ്രായോഗികമല്ലെന്നും ഫ്രാഞ്ചൈസികള്‍ സൂചിപ്പിക്കുന്നു.

Related News