Loading ...

Home cinema

നക്ഷത്രങ്ങള്‍ക്കു കീഴെ ടെന്റുകളില്‍ സിനിമ കാണാം; കോവിഡ് കാലത്ത് ഇന്തോനേഷ്യയിലെ സിനിമാ കാഴ്ച്ചകള്‍ ഇങ്ങനെ

കോവിഡ് കാലത്ത് സിനിമാ ആസ്വാദനം എങ്ങനെയായിരിക്കണം? അതിന് സ്വപ്ന തുല്യമായ ഒരു ഉദാഹാരണമുണ്ട് അങ്ങ് ഇന്തോനേഷ്യയില്‍. ക്യാമ്ബ് സ്റ്റൈലില്‍ സാമൂഹിക അകലം പാലിച്ച്‌ വൈകുന്നേരങ്ങളില്‍ നക്ഷത്രങ്ങള്‍ക്കു കീഴെ ഇരുന്ന് സിനിമ കാണാം.

'സിനിമ അണ്ടര്‍ ദി സ്റ്റാര്‍സ്' എന്നാണ് പുതിയ രീതിക്ക് പേരിട്ടിരിക്കുന്നത്. രണ്ട് മാസം മുമ്ബാണ് ഇന്തോനേഷ്യയിലെ പ്രധാന നഗരമായ വെസ്റ്റ് ജാവ പ്രവിശ്യയിലെ ബാന്‍ഡങ്ങില്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച്‌ ആളുകളെ ഒന്നിച്ചിരുത്തി സിനിമ കാണിക്കുക എന്ന ആശയത്തില്‍ നിന്നാണ് നക്ഷത്രങ്ങള്‍ക്ക് കീഴെയുള്ള സിനിമ എന്ന ആശയം രൂപപ്പെട്ടത്. പുതിയ സംരഭത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുവാക്കള്‍ക്കിടയിലാണ് പുതിയ ആശയം ഏറ്റവും വേഗത്തില്‍ പ്രചാരത്തിലായത്.

"സാധാരണ സിനിമകള്‍ വീടുകള്‍ക്കുള്ളിലാണ് കാണുന്നത്. എന്നാല്‍ ഇപ്പോള്‍ ബാന്‍ഡങ്ങില്‍ തുറന്ന സ്ഥലത്ത് സിനിമ കാണാനുള്ള സൗകര്യം വന്നിരിക്കുന്നു. ഏറെ സന്തോഷമുള്ള കാര്യമെന്തെന്നാല്‍ ടെന്റുകളില്‍ ഇരുന്നാണ് സിനിമ കാണുന്നത്. ഞാനും ഇത് ആസ്വദിക്കാന്‍ ഒരുങ്ങുകയാണ്". ഇരുപതുകാരിയായ ലിഡിയ ഉട്ടാരിയുടെ വാക്കുകള്‍.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടെന്റുകളാണ് കാഴ്ച്ചക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ടെന്റുകളില്‍ തലയണ, പുതപ്പ്, ലഘുഭക്ഷണം എന്നിവയ്ക്ക് പുറമേ കോവിഡ് കാലത്ത് അത്യന്താപേക്ഷിതമായ സാനിറ്റൈസര്‍ വരെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ അവതരണത്തിന് ശേഷവും സംഘാടകര്‍ അണുനാശീകരണവും നടത്തുന്നുണ്ട്.

ടെന്റിന് മുന്നില്‍ ഇരുന്നാണ് സിനിമ കാണേണ്ടത്. ഇരിപ്പിടത്തിന് മുന്നിലായി കുഞ്ഞു ടേബിളില്‍ ഭക്ഷണവും വെള്ളവും ലഭ്യമായിരിക്കും. കൂടെ കാന്റില്‍ ലൈറ്റും. സ്വപ്ന തുല്യമായ സിനിമാ ആസ്വാദനം തന്നെ.

ഇരുപത്തിയെട്ട് ടെന്റുകളാണ് സിനിമ കാണാനായി ഒരുക്കിയിരിക്കുന്നത്. ഓരോ ടെന്റിലും മൂന്നില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. ഓരോ ടെന്റുകള്‍ തമ്മിലും 1.5 മുതല്‍ 2 മീറ്റര്‍ വരെ അകലവുമുണ്ട്. ആഢംബര പൂര്‍ണമായ സിനിമ കാണലിന് 215,000 ഇന്തോനേഷ്യന്‍ രൂപയാണ് ചിലവ്.

കോവിഡ് കാലത്ത് ആരംഭിച്ച ബിസിനസ് ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലാക്കണമെന്ന ആലോചനയാണ് ടെന്റുകളില്‍ തുറന്ന സ്ഥലത്തുള്ള സിനിമ എന്ന ആശയത്തില്‍ എത്തിച്ചതെന്ന് സംഘാടകരില്‍ ഒരാളായ ഇഹാം ഫാരി സുഹദ പറയുന്നു.

കോവിഡ് ബാധിച്ച്‌ ഇന്തോനേഷ്യയില്‍ ഇതുവരെ 16,000 പേരാണ് മരിച്ചത്. 530,000 പേര്‍ രോഗബാധയേറ്റു. ദക്ഷിണേഷ്യയില്‍ കോവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. പുതിയ സാഹചര്യത്തില്‍ തങ്ങളുടെ ബിസിനസിന് മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.

കോവിഡിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ നടപ്പിലാക്കിയതുപോലെ രാജ്യവ്യാപകമായുള്ള ലോക്ക്ഡൗണ്‍ ഇന്തോനേഷ്യയില്‍ നടപ്പാക്കിയിരുന്നില്ല. പ്രാദേശികമായ സാമൂഹിക നിയന്ത്രണങ്ങളാണ് ഇന്ത്യോനേഷ്യയില്‍ ഉണ്ടായിരുന്നത്.


Related News