Loading ...

Home cinema

സൈന്‍ ഓഫ് പറഞ്ഞ് എച്ച്‌ബിഒ, സംപ്രേഷണം അവസാനിപ്പിച്ചു; ഇന്ത്യയിലേക്ക് ഇനി വരുന്നത് പുതിയ രൂപത്തില്‍

പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്‌ബിഒയും ഡബ്ലുബിയും ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിച്ചു. ഇന്നലെയോടെയാണ് ചാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇന്ത്യ കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലും ചാനലുകള്‍ കാണാനാവില്ല. ഒക്ടോബറിലാണ് എച്ച്‌ബിഒയുടെ സംപ്രേഷണം അവസാനിപ്പിക്കുന്നതായി ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചത്. ഡിസംബര്‍ 15 ന് ശേഷം ചാനലുകള്‍ ലഭ്യമാകില്ലെന്നും വ്യക്തമാക്കിയിരുന്നു. വാര്‍ണര്‍ മീഡിയയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോം എച്ച്‌ബിഒ മാക്സിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവിന് മുന്നോടിയായാണ് ഈ അടച്ചുപൂട്ടല്‍. അടുത്തവര്‍ഷത്തോടെ എച്ച്‌ബിഒ മാക്സ് ഇന്ത്യയിലെത്തിയേക്കും. കുട്ടികളുടെ ചാനലായ കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും, പോഗോയും വാര്‍ണര്‍ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാല്‍ ഇവ ഇന്ത്യയില്‍ സംപ്രേഷണം തുടരും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്‌ബിഒ അവസാനിപ്പിക്കുന്നത്. പേ-ടിവി വ്യാവസായ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായും, കോവിഡ് മാറ്റത്തിന്റെ ആവശ്യകതയെ ത്വരിതപ്പെടുത്തിയതായും വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജയിന്‍ പറഞ്ഞു. കടുപ്പമേറിയ തീരുമാനമായിരുന്നു ഈ രാജ്യങ്ങളിലെ സംപ്രേഷണം നിര്‍ത്തുക എന്നത്. തങ്ങളുടെ ബ്രാന്‍ഡുകളെ വീടുകളിലേക്ക് സ്വീകരിച്ച എല്ലാ പങ്കാളികള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ണര്‍ മീഡിയയയുടെ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായാണ് ഇത്. വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്റര്‍നാഷണലിന്റെ ഓപ്പറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും.

Related News