Loading ...

Home sports

അഭിമാനമായി സഞ്ജു; മലയാളി താരങ്ങളെയെല്ലാം നിലനിർത്തി ഐപിഎൽ ടീമുകൾ

കഴിഞ്ഞ സീസണിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നിലനിർത്തിയിട്ടുണ്ട്.ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിനായി ടീമുകൾ തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി താരലേലത്തിന് മുന്നോടിയായി നിലവിൽ ടീമിന്റെ ഭാഗമായ പല താരങ്ങളെയും വിവിധ ഫ്രാഞ്ചൈസികൾ ഒഴിവാക്കി കഴിഞ്ഞു. ഇത്തരത്തിൽ പുറത്തായവരിൽ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ആരോൺ ഫിഞ്ചും ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങുമെല്ലാം ഉൾപ്പെടുന്നു. അതേസമയം, മലയാളികൾക്ക് അഭിമാനിക്കാവുന്ന തീരുമാനമായിരുന്നു ടീമുകളുടേത്.നിലവിൽ വിവിധ ക്ലബ്ബുകളുടെ ഭാഗമായിരിക്കുന്ന മലയാളി താരങ്ങളെയെല്ലാം വിവിധ ക്ലബ്ബുകൾ നിലനിർത്തിയിട്ടുണ്ട്. ഒപ്പം ഏറെ അഭിമാനിക്കാവുന്ന നേട്ടവുമായി സഞ്ജു സാംസണിന്റെ നായകത്വവും. ഏറെക്കാലമായി രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരിക്കുന്ന സഞ്ജുവിനെ ഇന്നലെയാണ് ക്ലബ് നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ സ്മിത്തായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിലെ തന്നെ മറ്റൊരു കേരള താരം റോബിൻ ഉത്തപ്പയും വരും സീസണിൽ ടീമിനൊപ്പം തുടരും. കഴിഞ്ഞ സീസണിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നിലനിർത്തിയിട്ടുണ്ട്. അരങ്ങേറ്റ സീസണിൽ തന്നെ നായകൻ കോഹ്‌ലിയുടെ വിശ്വാസ്യത നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരിക്കുന്ന കെ.എം ആസിഫിനെ ഇത്തവണയും ടീം നിലനിർത്തിയിട്ടുണ്ട്. ഇതുവരെ കാര്യമായ അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സന്ദീപ് വാര്യറെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബേസിൽ തമ്പിയെ സൺറൈസേഴ്സ് ഹൈദരാബാദും ടീമിനൊപ്പം നിലനിർത്തി.

Related News