Loading ...

Home Business

ഉള്ളിക്ക് തീവില, തൊട്ടാല്‍ പൊള്ളും

മുംബൈ: ഉള്ളിക്ക് പൊള്ളുന്ന വില. രണ്ടാഴ്ച മുമ്പുവരെ കിലോയ്ക്ക് 30 രൂപയ്ക്ക് ലഭിച്ചിരുന്ന ഉള്ളിക്ക് ഇപ്പോള്‍ 50 മുതല്‍ 55 രൂപ വരെനല്‍കണം. ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതാണ് വില പെട്ടെന്ന് കൂടാന്‍കാരണമായത്. മൊത്തവിപണിയില്‍ത്തന്നെ ഉള്ളിക്ക് കിലോയ്ക്ക് 35 രൂപയോളമായി. നാസിക്കില്‍ 30 മുതല്‍ 40 രൂപ വരെയാണ് മൊത്തവില. ആവശ്യത്തിന് ഉള്ളിയെത്തിയില്ലെങ്കില്‍ വൈകാതെ ചില്ലറവിപണിയില്‍ ഉള്ളിവില കിലോവിന് 70 രൂപ മുതല്‍ 80 വരെയായേക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നാഫെഡ് 10,000 ടണ്‍ ഉള്ളി ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇത് വിപണിയില്‍ എപ്പോഴെത്തും എന്ന് കൃത്യമായിപറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. 

രാജ്യത്തെ ഏറ്റവുംവലിയ ഉള്ളിവിപണി നാസിക്കിലെ ലസല്‍ഗാവ് മാര്‍ക്കറ്റാണ്. കഴിഞ്ഞവര്‍ഷം ജൂലായില്‍ 25,000 ടണ്‍ ഉള്ളിയാണ് ഇവിടെയെത്തിയിരുന്നത്. എന്നാല്‍, ഇത്തവണ എത്തിയത് 18,000 ടണ്‍ മാത്രമാണ്. 

മഹാരാഷ്ട്രയില്‍ രണ്ടുലക്ഷം ഹെക്ടറിലാണ് ഉള്ളി കൃഷിചെയ്യുന്നത്. ഇതില്‍ പകുതിയും നാസിക്കിലാണ്. 90,000 ഹെക്ടര്‍ സ്ഥലത്താണ് നാസിക്കില്‍ കൃഷിചെയ്യുന്നത്. ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് ഉള്ളിയുടെ ഉത്പാദനം കുറയാന്‍കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജൂലായ് ആദ്യം ക്വിന്റലിന് 1,551 രൂപയായിരുന്നു ലാസല്‍ഗാവില്‍ ഉള്ളിവില. മാസാവസാനംവരെ വില വര്‍ധിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ഇത് ഇരട്ടിയിലധികമായി ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞയാഴ്ച ക്വിന്റലിന് 3,400 വരെയായി. 

ഇതുവരെയുള്ളതില്‍ 2013 നവംബറിലാണ് അടുത്തകാലത്ത് ഉള്ളിവില ഏറ്റവുംകൂടിയത്. അന്ന് ക്വിന്റലിന് 4,461 രൂപയായിരുന്നു വില. 
വിലകുറയണമെങ്കില്‍ ഇറക്കുമതിചെയ്യുന്ന ഉള്ളിവിപണിയില്‍ എത്തേണ്ടതുണ്ട്. ഇതിന് രണ്ടുമാസമെങ്കിലും താമസമുണ്ടാകും. 
പാകിസ്താന്‍, തുര്‍ക്കി, ചൈന എന്നിവിടങ്ങളില്‍നിന്നാണ് ഉള്ളി ഇറക്കുമതിചെയ്യുന്നത്. ഇതിന്റെ ടെന്‍ഡര്‍ പരിശോധന ആഗസ്ത് എട്ടിനുമാത്രമേ നടക്കുകയുള്ളൂ. ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞ് ഉള്ളി വിപണിയിലെത്തണമെങ്കില്‍ സപ്തബര്‍ പകുതിയെങ്കിലുമാകും. സര്‍ക്കാര്‍ ഉള്ളി ഇറക്കുമതിചെയ്യുമെന്ന വാര്‍ത്ത വന്നതോടെ ഉള്ളിവില വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. മൊത്തവില കഴിഞ്ഞയാഴ്ചത്തേതില്‍നിന്ന് അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും ചില്ലറവിപണിയില്‍ കുറവനുഭവപ്പെട്ടിട്ടില്ല. ചില്ലറവില്പനക്കാര്‍ വിലകുറയ്ക്കാന്‍ തയ്യാറാവുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ രണ്ടുമാസമെങ്കിലും കഴിയും ഉള്ളിവില കുറയാന്‍. 

Related News