Loading ...

Home sports

ഏഷ്യന്‍ മീറ്റ്: ചൈനയുടെ പുതുനിരയ്ക്ക് എന്തു പറ്റി ?

ഭുവനേശ്വര്‍ > ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ 17 തുടര്‍കിരീടങ്ങള്‍ക്കുശേഷം ഭുവനേശ്വറിലെത്തിയ ചൈനയ്ക്ക് കിതപ്പ്. കഴിഞ്ഞതവണ വുഹാനില്‍ നടന്ന മീറ്റില്‍ 15 സ്വര്‍ണം ഉള്‍പ്പെടെ 41 മെഡല്‍ നേടിയ ചൈനയ്ക്ക്, കലിംഗയില്‍ മൂന്നാംദിനം കിട്ടിയത് ഒരു സ്വര്‍ണം. അവസാനദിനത്തിലാണ് പ്രതീക്ഷ. ഇതുവരെ കിട്ടിയത് അഞ്ച് സ്വര്‍ണം.
പുതുനിരയാണ് ചൈനയുടേത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് എല്ലാ കാലത്തും രണ്ടാംനിര ടീമായിരുന്നു ചൈനയ്ക്ക്. പക്ഷേ, ഏഷ്യന്‍ ട്രാക്കില്‍ അവരെ വെല്ലാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് കഴിയാറില്ല. ഇക്കുറി പുതുനിരയ്ക്ക് ഏറെയൊന്നും കഴിഞ്ഞില്ല. 
മുന്‍നിരതാരങ്ങള്‍ വരാറില്ലെങ്കിലും ചൈന ഏഷ്യന്‍ മീറ്റിനെ വിലകുറച്ചു കാണാറില്ല. ലോകചാമ്പ്യന്‍ഷിപ്പിനും ഒളിമ്പിക്സിലേക്കുമുള്ള കണക്കുകൂട്ടലുകളിലാണ് ചൈന. അത് തെറ്റാറില്ല. ആദ്യം ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്, പിന്നെ 2020ലെ ടോക്യോ ഒളിമ്പിക്സ്. ഇതിനായുള്ള യുവനിരയുടെ പരീക്ഷണം. 18 വയസ്സുമുതല്‍ 24 വരെയാണ് നിലവിലെ ടീമിന്റെ ശരാശരി പ്രായം. ഇക്കുറി വനിതകളുടെ ഫീല്‍ഡ് ഇനങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടു. ലോങ് ജമ്പ്, ഷോട്ട്പുട്ട്, ട്രിപ്പിള്‍ജമ്പ് ഇനങളില്‍ സ്വര്‍ണം നഷ്ടമായി. പുരുഷ ഹൈജമ്പില്‍ ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് ഷാങ് ഗുവോവെയ് രണ്ടാമതായത് കനത്ത തിരിച്ചടിയായി.തിരിച്ചടികള്‍ക്കിടയിലും ഒരുപിടി മികച്ച താരങ്ങളെ ചൈന കലിംഗയില്‍ അവതരിപ്പിച്ചു. പുരുഷ പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ ഡിങ് ബാങ്ചാവോ ലണ്ടനിലേക്കുള്ള ചൈനയുടെ കരുതിവയ്പാണ്. 5.70 മീറ്ററിലാണ് ബാങ്ചാവോ ഭുവനേശ്വറില്‍ ഒന്നാമതെത്തിയത്. ചൈനയുടെ ദേശീയ ചാമ്പ്യന്‍. 21 വയസ്സ്. ഈ സീസണില്‍ ഏഷ്യയില്‍ മികച്ച രണ്ടാമത്തെ ഉയരമാണ് ബാങ്ചാവോയുടേത്. ഇരുപത്തിമൂന്നുകാരന്‍ ഷു യമിങ് ട്രിപ്പിള്‍ജമ്പില്‍ ചാടിയത് 16.82 മീറ്റര്‍. ഈ സീസണില്‍ ഏറ്റവും മികച്ച ദൂരം കുറിച്ച കസാക്കിസ്ഥാന്റെ റൊമാന്‍ വാലിയേവിനെ മറികടന്നായിരുന്നു യമിങ്ങിന്റെ മുന്നേറ്റം. ആദ്യ രണ്ടു ദിനത്തില്‍ ആകെ പിറന്ന മീറ്റ് റെക്കോഡ് ജാവലിനില്‍ മത്സരിച്ച ലി ലിങ്വെയുടെ പേരിലാണ്. 63.06 മീറ്ററില്‍ ഈ ഇരുപത്തെട്ടുകാരി സ്വര്‍ണം നേടി. ലിങ്വെയ്ക്ക് ഒരു പിന്‍ഗാമി വരുന്നുണ്ട്. ഇരുപതുകാരി സു ലിങ്ഡാന്‍.ചൈനയുടെ എക്കാലത്തെയും മികച്ച അത്ലീറ്റായ ലിയു ഷിയാങ്ങിന്റെ സീനിയര്‍തലത്തിലേക്കുള്ള തുടക്കം ഏഷ്യന്‍ മീറ്റോടെയായിരുന്നു. 18-ാം വയസ്സില്‍ കൊളംബോ മീറ്റില്‍ സ്വര്‍ണത്തോടെ തുടങ്ങിയ ലിയു പിന്നീട് ചരിത്രമെഴുതി. 2004ലെ ഏതന്‍സ് ഒളിമ്പിക്സില്‍ ലിയു സ്വര്‍ണം നേടി. കടമ്പയോട്ടത്തില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ആകെ നേടിയത് ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരുവെങ്കലവും. ലിയുവിന്റെ പിന്മുറക്കാര്‍ വന്നു. 100 മീറ്റര്‍ ഓട്ടക്കാരന്‍ സു ബിങ്ഷിയാന്‍, വനിതാതാരം വെയ് യോങ്ലി അങ്ങനെ ഒരുനിര.

Related News