Loading ...

Home Business

ധനനയം: റിപ്പോ 4% തന്നെ; വളര്‍ച്ച 9.5% ആകും

മുംബൈ: തുടര്‍ച്ചയായി ആറാം ധനനയയോഗത്തിലും അടിസ്‌ഥാന നിരക്കുകള്‍ നിലനിര്‍ത്തി ആര്‍.ബി.ഐ. കോവിഡ്‌ രണ്ടാംതരംഗം വിപണികളിലുണ്ടാക്കിയ ആഘാതം വ്യക്‌തമാക്കി കൊണ്ടാണ്‌ ആര്‍.ബി.ഐ. നിരക്കുകള്‍ നിലനിര്‍ത്തിയത്‌. ഇതോടെ റിപ്പോ നിരക്ക്‌ നാല്‌ ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ 3.35 ശതമാനമാണ്‌. ആര്‍.ബി.ഐ. ബാങ്കുകള്‍ക്കു നല്‍കുന്ന വായ്‌പയുടെ പലിശയാണ്‌ റിപ്പോ. അവശ്യ സമയങ്ങളില്‍ ബാങ്കുകളില്‍നിന്ന്‌ ആര്‍.ബി.ഐ. വായ്‌പ സ്വീകരിക്കുന്ന നിരക്കാണ്‌ റിവേഴ്‌സ് റിപ്പോ. അതേസമയം 2021-22 സാമ്ബത്തിക വര്‍ഷത്തെ വളര്‍ച്ച അനുമാനം 9.5 ശതമാനമായി ആര്‍.ബി.ഐ. കുറച്ചു.

നടപ്പ്‌ വര്‍ഷം രാജ്യം 10.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിന്നു മുന്‍യോഗത്തിലെ അനുമാനം. നിലവിലെ സവിശേഷ സാഹചര്യത്തില്‍ ചട്ടക്കൂടുകള്‍ക്കു പുറത്തുനിന്നാണ്‌ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതെന്നു വ്യക്‌തമാക്കിയാണ്‌ ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്‌തികാന്താ ദാസ്‌ ധനനയ പ്രസംഗം ആരംഭിച്ചത്‌. നിക്ഷേപസ്വരം അക്കോമഡേറ്റീവ്‌ ആയി തുടരാന്‍ ആര്‍.ബി.ഐയ്‌ക്കു ശക്‌തി പകര്‍ന്നതും ഈ ചിന്താഗതിയാണ്‌. അക്കോമഡേറ്റീവ്‌ നിക്ഷേപസ്വരം കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നാണു വിലയിരുത്തല്‍.
വിദേശനിക്ഷേപം വിപണികളിലെത്തിക്കാനും ഇതു വഴിവയ്‌ക്കും. 2020 മാര്‍ച്ച്‌ മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 115 ബേസിസ്‌ പോയിന്റിന്റെ കുറവു ആര്‍.ബി.ഐ. വരുത്തിയിട്ടുണ്ട്‌. പണപ്പെരുപ്പ ഭീഷണി വിപണികളില്‍ നിലനില്‍ക്കുന്നെന്നു വ്യക്‌തമാക്കിയ ദാസ്‌ നടപ്പു സാമ്ബത്തികത്തില്‍ പണപ്പെരുപ്പം 5.1 ശതമാനമായിരിക്കുമെന്നു വ്യക്‌തമാക്കി.
2026 മാര്‍ച്ച്‌ 31നുള്ളില്‍ പണപ്പെരുപ്പം നാലു ശതമാനത്തിലെത്തിക്കാനാണ്‌ ആര്‍.ബി.ഐ. ലക്ഷ്യമിടുന്നത്‌. പണപ്പെരുപ്പം റേഞ്ച്‌ 2- 6 ശതമാനമാണ്‌. ആഗോളതലത്തിലുള്ള അസംസ്‌കൃത വസ്‌തുക്കളുടെ വിലവര്‍ധന, ചരക്ക്‌ നീക്കത്തിലെ തടസങ്ങള്‍ എന്നിവ ദോഷകരമായി ബാധിക്കും.

Related News