Loading ...

Home cinema

ഐഎഫ്എഫ്‌കെയിലെ അപരിചിതര്‍ by ഗിരീഷ് ബാലകൃഷ്ണന്‍

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ മലയാളത്തിൽനിന്ന് മത്സരിക്കുന്നത് രണ്ട് അപരിചിതരുടെ ചിത്രങ്ങളാണ്. കച്ചവടസിനിമാവഴികളിലോ കലാമൂല്യമുള്ള സിനിമയെന്ന പേരിൽ ആനുകൂല്യം പറ്റാൻ നിൽക്കുന്നവരുടെ നിരയിലോ ഇതുവരെ കാണാത്ത രണ്ടുപേർ. നിലപാടുകളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത രണ്ടു ചെറുപ്പക്കാർ ഏറെനാൾ കാത്തിരുന്നൊരുക്കിയ കന്നിസിനിമകൾ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്  പത്തുവർഷംമുമ്പ് പഠിച്ചിറങ്ങിയ തൃശൂർക്കാരൻ സഞ്ജു സുരേന്ദ്രന്റെ 'ഏദൻ', പതിനെട്ടുവർഷത്തെ പരസ്യകലാജീവിതം ഉപേക്ഷിച്ച് ആദ്യ സിനിയൊരുക്കിയ ബംഗളൂരുമലയാളി പ്രേംശങ്കറിന്റെ 'രണ്ടുപേർ'. ഏറ്റവും പുതിയകാലത്തെ മലയാള സിനിമകൾ എന്ന അഭിമാനത്തോടെ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാവുന്ന ഉജ്വല രചനകളാണ് ഇവയെന്ന് തെരഞ്ഞെടുപ്പ് സമിതി സാക്ഷ്യപ്പെടുത്തുന്നു.

ഏദനിലേക്കുള്ള ദൂരം

 സഞ്ജു സുരേന്ദ്രൻ
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചിറങ്ങിയ സഞ്ജു സുരേന്ദ്രൻ മുംബൈ ചലച്ചിത്രലോകത്തെ അവസരങ്ങൾ ഉപേക്ഷിച്ചാണ് കേരളത്തിലേക്ക് എത്തിയത്. മലയാളിയുടെ പുതിയകാല ജീവിതപരിസരങ്ങളുടെ ദൃശ്യസാധ്യത അടയാളപ്പെടുത്തണമെന്ന ഉദ്ദേശ്യവുമായി. ഇന്ത്യൻ സമാന്തരസിനിമാപ്രസ്ഥാനത്തിലെ ഉജ്വലസാന്നിധ്യമായ മണികൗൾ ആയിരുന്നു വഴികാട്ടി. ഗുരു   മണികൗളിനുള്ള സഞ്ജുവിന്റെ സ്മരണാഞ്ജലിയായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പുറത്തിറങ്ങിയശേഷം ഒരുക്കിയ കൂടിയാട്ടത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികപില. കൂടിയാട്ടമെന്ന പ്രൗഢകലയെ അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലൊതുക്കാൻ സഞ്ജുവും ക്യാമറാമാനും സുഹൃത്തുമായ മനേഷ് മാധവനും ചെലവിട്ടത് രണ്ടുവർഷം. ദേശീയപുരസ്‌കാര നേട്ടത്തിനു പുറമെ നിരവധി രാജ്യാന്തരവേദികളിലും 'കപില' അംഗീകരിക്കപ്പെട്ടു. 2009ൽ ഐഎഫ്എഫ്‌കെയുടെ സിഗ്നേച്ചർഫിലിം ഒരുക്കിയതും സഞ്ജുവായിരുന്നു. സന്തോഷ് ശിവനൊപ്പം ഏറെക്കാലം പ്രവർത്തിച്ചു. കോട്ടയത്ത് സംസ്ഥാനസർക്കാരിനു കീഴിലുള്ള ചലച്ചിത്രപഠനകേന്ദ്രമായ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കുറെക്കാലം അധ്യാപകനായും പ്രവർത്തിച്ചു.
 à´à´±àµ† കാത്തിരിപ്പിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് കന്നി ചിത്രം യാഥാർഥ്യമാക്കിയതെന്ന് സഞ്ജു പറയുന്നു.
  ഏദൻ എന്ന ചിത്രത്തിൽനിന്ന്
പുണെയിൽ ചലച്ചിത്രപഠനകാലത്തെ സുഹൃത്തുക്കളുടെയും കോട്ടയം സുഹൃത്തുക്കളുടെയും കൂട്ടായ്മയിൽനിന്നാണ് സിനിമ പിറന്നത്. ഞാൻ സിനിമ ചെയ്യുന്നതറിഞ്ഞ് പലയിടത്തുനിന്നായി കൂട്ടുകാരെത്തി. അവർ അവരുടെ സിനിമപോലെ ഒപ്പംനിന്നു. ശ്രദ്ധേയനായ യുവകഥാകൃത്ത് എസ് ഹരീഷിന്റെ മൂന്ന് കഥകളാണ് സിനിമയ്ക്കാധാരം. നിസ്സഹായതയിലും ചങ്കുറപ്പ് കൈവിടാത്ത ധൈര്യവതികളായ പെൺകുട്ടികൾക്കുള്ള അഭിവാദനമായ à´•à´¥ 'നിര്യാതരായി', ഹൈറേഞ്ചിലെ കുടിയേറ്റ ജീവിതങ്ങൾ പ്രമേയമായ 'ചപ്പാത്തിലെ കൊലപാതകം',  'മാന്ത്രികവാൽ' എന്നീ കഥകൾ പരസ്പരം ബന്ധിപ്പിച്ച് ഹരീഷിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കി. 
മനുഷ്യമനസ്സിന്റെ സൂക്ഷ്മമായ പരിശോധനയാണ് സിനിമ. കഥാപാത്രങ്ങളുടെ അവസ്ഥാന്തരങ്ങൾ ദുരൂഹമാണ്. അതുകൊണ്ടുതന്നെ മുഖ്യധാരാ അഭിനേതാക്കളെ പാടെ ഒഴിവാക്കി. അറേബ്യൻ കഥകൾപോലെ വന്യസൗന്ദര്യമുള്ള കഥകളാണ് ഹരീഷിന്റേത്. അവ പകർത്താൻ പ്രത്യേകതരം ലൈറ്റിങ് രീതിയാണ് ഛായഗ്രാഹകൻ മനേഷ് മാധവൻ സ്വീകരിച്ചത്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിറങ്ങിയ തിരുവനന്തപുരം സ്വദേശി അഭിലാഷ് നായരും ടെലിവിഷൻ അവതാരകയായ നന്ദിനി ശ്രീയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഇറങ്ങിയ അജയൻ അടാട്ട്, പ്രമോദ് തോമസ്, ഗോഡ്‌ലി ടിമോ കോശി, എഡിറ്റർ ശ്രേയ ചാറ്റർജി തുടങ്ങിയവർ പിന്നണിയിൽ. മുംബൈയിൽ പരസ്യകമ്പനി ഉടമയായ മലയാളി മുരളി മാട്ടുമ്മൽ ആണ് നിർമാതാവ്. മറ്റ് രാജ്യാന്തരമേളകളിലേക്കും സിനിമ അയച്ചിട്ടുണ്ട്. ഐഎഫ്എഫ്‌കെയ്ക്കുശേഷം സിനിമ തിയറ്റർ റിലീസ് ചെയ്യും.

രണ്ടുപേർ

പ്രേംശങ്കർ
മനുഷ്യബന്ധങ്ങളുടെ അവസ്ഥകൾതന്നെയാണ് പ്രേംശങ്കറിന്റെ 'രണ്ടുപേർ' എന്ന സിനിമയുടെയും പ്രമേയം. നോട്ടുനിരോധന പശ്ചാത്തലത്തിലാണ് à´•à´¥ നടക്കുന്നത്. ഒരാണും പെണ്ണും തമ്മിലുള്ള സംഭാഷണമാണ് സിനിമയെങ്കിലും അവാർഡ് പടം എന്ന ബ്രായ്ക്കറ്റുകൾക്ക് അപ്പുറത്ത് എല്ലാവരിലേക്കും എത്താൻ ഉദ്ദേശിച്ചാണ് സിനിമയൊരുക്കിയതെന്ന് പ്രേംശങ്കർ പറയുന്നു. 
ആദ്യസിനിമ പൂർത്തിയാക്കി ഈവർഷം അവസാനത്തോടെ തിയറ്ററുകളിൽ എത്തിക്കാൻ ശ്രമം നടക്കവെയാണ് സിനിമ മേളയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിനിമ കമ്പനി, സൈലൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബിപിൻ ബേസിൽ പൗലോസും ടൊവിനോയുടെ 'തരംഗ'ത്തിൽ അഭിനയിച്ച ശാന്തി ബാലചന്ദ്രനുമാണ് പ്രധാന വേഷത്തിൽ. സുരാജ് വെഞ്ഞാറമൂട്, അലൻസിയർ, സുനിൽസുഖദ എന്നിവരും ചെറുവേഷങ്ങളിലെത്തുന്നു. തിരക്കഥയും പ്രേംശങ്കറിന്റേതുതന്നെ.
  രണ്ടുപേർ എന്ന ചിത്രത്തിൽനിന്ന്‌
ബംഗളൂരുവിൽ 18 വർഷത്തിലേറെയായി പരസ്യനിർമാണരംഗത്ത് ക്രിയേറ്റീവ് ഡയറക്ടറായി ജോലി ചെയ്യുന്ന പ്രേംശങ്കർ അതിനിടയിലാണ് കൂട്ടുകാർക്കൊപ്പം സ്വന്തം സിനിമ പിടിക്കാനിറങ്ങിയത്. സഹപാഠി അരുൺകുമാറാണ് നിർമാണം. സിനിമയുടെ സ്വതന്ത്രമായ സർഗാത്മകലോകത്തെത്തിയപ്പോൾ പരസ്യക്കമ്പനി ജോലി ഉപേക്ഷിച്ചു. മാർച്ചിൽ ചിത്രീകരണം ആരംഭിക്കത്തവിധം അടുത്ത സിനിമയുടെ ചർച്ചയിലാണ് പ്രേംശങ്കർ.

പുതിയ പ്രതിഭകൾ

എഴുപതിലേറെ സിനിമകളിൽനിന്നാണ് ഏദൻ, രണ്ടുപേർ എന്നിവ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നിലവാരം പുലർത്തുന്ന 15 സിനിമകളെങ്കിലും അവസാനഘട്ടത്തിലുണ്ടായിരുന്നു. പുതിയ പ്രതിഭകൾക്കു മുന്നിൽ പുരസ്‌കാരത്തണലിൽ വിശ്രമിച്ചവർക്ക് നിറംമങ്ങി. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സലിംകുമാറിന്റെ കറുത്ത ജൂതൻ, ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്, സതീഷ് ബാബുസേനൻസന്തോഷ് ബാബുസേനന്മാരുടെ മറവി, പ്രശാന്ത് വിജയ് ഒരുക്കിയ അതിശയങ്ങളുടെ വേനൽ എന്നിവയും പ്രദർശിപ്പിക്കും.
നിലനിൽക്കുന്ന താരസങ്കൽപ്പങ്ങളെയും സിനിമാസങ്കൽപ്പങ്ങളെയും വെല്ലുവിളിക്കുന്ന സിനിമകളാണ് മത്സരവിഭാഗത്തിൽ ഇടംനേടിയതെന്ന് മേളയുടെ മലയാളവിഭാഗം തെരഞ്ഞെടുപ്പ് സമിതി അംഗമായ ചെലവൂർ വേണു ചൂണ്ടിക്കാട്ടി. ഡിസംബർ എട്ടുമുതൽ 15 വരെ നീളുന്ന കേരളത്തിന്റെ ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമാവിഭാഗത്തിൽനിന്ന് ഹിന്ദി ചിത്രം 'ന്യൂട്ടൺ', ആസാമീസ് ചിത്രം 'വില്ലേജ് റോക്ക്സ്റ്റാർ' എന്നിവയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കർ എൻട്രിയാണ് 'ന്യൂട്ടൺ'.

Related News