Loading ...

Home cinema

തമിഴ്മകന്‍ by ഗിരീഷ് ബാലകൃഷ്ണന്‍

താടിയുള്ള നിവിന്‍പോളി വീണ്ടും വരുന്നു. കേരളത്തിലും തമിഴകത്തുമായി എഴുനൂറിലധികം കേന്ദ്രങ്ങളില്‍ റിച്ചിയുടെ വിജയാരവം 'അയലത്തെ വീട്ടിലെ പയ്യ'ന്റെ പുതിയ പടയോട്ടം പ്രഖ്യാപിക്കുന്നു. മലയാളിനായകന്റെ തമിഴ്ചിത്രത്തെ കേരളത്തിലെ യുവജനങ്ങളും ഏറ്റെടുക്കുന്നുവെന്നാണ് ആദ്യറിപ്പോര്‍ട്ട്്. സ്വന്തമായി നിര്‍മിച്ച ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ നൂറാംദിന ആഘോഷവും റിച്ചിയുടെ മുന്നേറ്റവും നല്‍കുന്ന ആത്മവിശ്വാസത്തിലാണ് താരം. നന്നായി തയ്യാറെടുത്ത് പരീക്ഷയെഴുതിയ കുട്ടിയുടെ സന്തോഷം കരിയറിലെ ഏറ്റവും വലിയ റിലീസിന്റെ ഫലം വന്നുതുടങ്ങുമ്പോള്‍ നിവിന്‍പോളിക്കുണ്ട്. സിനിമയുടെ തമിഴ് ഡബ്ബിങ്ങിനായിമാത്രം നിവിന്‍ ചെലവിട്ടത് അമ്പതിലേറെ ദിവസങ്ങള്‍. കാന്‍ മേളയിലടക്കം പ്രദര്‍ശിപ്പിക്കുകയും വാണിജ്യവിജയം നേടുകയും ചെയ്ത 'ഉളിദവരു കണ്ടംതേ' എന്ന കന്നട ചിത്രത്തിന്റെ സ്വതന്ത്രമായ പുനരാവിഷ്കാരമാണ് നിവിന്റെ ആദ്യപൂര്‍ണ തമിഴ്സിനിമ റിച്ചി. നേരവും പ്രേമവുമെല്ലാം മലയാളത്തിനൊപ്പം തമിഴിലും പ്രദര്‍ശനവിജയം നേടിയിട്ടുണ്ട്. യുവനായകര്‍ക്ക് പഞ്ഞമില്ലാത്ത തമിഴ് ചലച്ചിത്രലോകത്തേക്ക് ഉറച്ചകാല്‍വയ്പാണ് നിവിന്‍ നടത്തുന്നത്്. 'വീട്ടിലെ പയ്യന്‍' പ്രതിച്ഛായയില്‍നിന്ന് പതിയെ പുറത്തുകടക്കാനുള്ള ബോധപൂര്‍വമായ ചുവടുവയ്പുകൂടിയാണ് അതെന്ന് നിവിന്‍ സമ്മതിക്കുന്നു. 'റിച്ചി'യിലെ 'ഇഷ്ടം പിടിച്ചുവാങ്ങുന്ന ഗുണ്ട'യ്ക്കുപിന്നാലെ റോഷന്‍ ആന്‍ഡ്രൂസിന്റെ 'കായംകുളം കൊച്ചുണ്ണി'യും ഗീതു മോഹന്‍ദാസിന്റെ 'മൂത്തോനും' നിവിന് കരുത്തുള്ള കഥാപാത്രങ്ങള്‍ കാത്തുവച്ചിരിക്കുന്നു. 'റിച്ചി'യുടെ വിശേഷങ്ങള്‍ നിവിന്‍ പങ്കുവയ്ക്കുന്നു.തമിഴ് പേശല്‍ പരിശ്രമംഎന്റെ കരിയറിലെ ഏറ്റവും വലിയ ചലച്ചിത്രറിലീസാണിത്. സാങ്കേതികവിഭാഗത്തില്‍ മികച്ചൊരു ടീമും നല്ല ഗൃഹപാഠവും ചെയ്താണ് സിനിമ ഒരുക്കിയത്്. അതിനാല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ട്്. തമിഴ്സംഭാഷണം ഡബ്ബ് ചെയ്യുക ശ്രമകരമായിരുന്നു. പ്രാദേശിക ഭാഷാപ്രയോഗം ശരിയാകാന്‍ ആവര്‍ത്തിച്ച് തിരുത്തലുകള്‍ വരുത്തി. ഭാഷ നന്നായി അറിയുന്നവര്‍ കേട്ടാല്‍ ഉച്ചാരണപ്പിശക് കണ്ടെത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചു. സിനിമയുടെ പിന്നണിയില്‍ മികച്ച ടീമുണ്ട്്. അവരുടെ കഠിനയത്നംകൂടിയാണ് സിനിമ.കന്നട ചിത്രംസംവിധായകന്‍ ഗൌതം രാമചന്ദ്രന്‍ മറ്റൊരു തിരക്കഥയുമായാണ് ആദ്യം എത്തിയത്്. അതു നടന്നില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് 'ഉളിദവരു കണ്ടംതേ'യുടെ സിഡി അദ്ദേഹം തരുന്നത്. അത്തരമൊരു കഥാപാത്രം ചെയ്യാന്‍ കൌതുകം തോന്നി. എന്നാല്‍, സിനിമ അതേപടി പകര്‍ത്തിയിട്ടില്ല. സീനുകള്‍ പൂര്‍ണമായി മാറ്റിയെഴുതി.പരകായപ്രവേശങ്ങള്‍കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ഗെറ്റപ്പില്‍ എത്തുകയെന്നത് ശ്രമകരമായ കാര്യമാണ്. സിനിമയ്ക്കുവേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്്. അതൊരു ത്രില്ലാണ്്. സിനിമയില്‍ ആ പരിശ്രമത്തിന്റെ ഫലം കാണാനാകുമ്പോള്‍ സന്തോഷം. സിനിമ വളരെ ആസ്വദിച്ചാണ് ഞാന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇഷ്ടപ്പെടുന്ന ഒന്നിനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കഷ്ടപ്പാടായി തോന്നില്ല. റിച്ചിയില്‍ കഥാപാത്രത്തിന് താടിവേണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. കന്നട സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കിനോട് ചേര്‍ന്നുനില്‍ക്കാന്‍ വേണ്ടിയായിരുന്നു അത്.മലയാളിപ്പയ്യന്‍ഒരു സിനിമ വിജയിച്ചാല്‍ അതിനുസമാനമായ നിരവധി സിനിമകള്‍ തേടിവരിക സ്വാഭാവികമാണ്്. വിജയിക്കുമെന്ന് തോന്നുന്ന ആശയങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. എന്നാല്‍, ഒരേകാര്യം ചെയ്തുകൊണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്കും ബോറടിക്കും. അതുകൊണ്ട് അത്തരം പ്രതിച്ഛായകളില്‍ പെട്ടുപോകാതിരിക്കാന്‍ ശ്രമിക്കാറുണ്ട്്. അതിന്റെ ഫലമാണ് 'റിച്ചി'പോലുള്ള സിനിമകള്‍. എല്ലാത്തരം വേഷങ്ങളും എനിക്ക് ചെയ്യാനിഷ്ടമാണ്്.

നിവിന്‍പോളി
സഖാവ്ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ ആദരിക്കുകയും ചെയ്യുന്ന ഒരുപാട് പേരെക്കുറിച്ച് കേട്ടിട്ടുണ്ട്്. അത്തരത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് 'സഖാവു'മായി സിദ്ധാര്‍ഥ് ശിവ എത്തുന്നത്. കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണത്. എനിക്ക് പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനവുമായി ബന്ധപ്പെടാനായിട്ടില്ല. പത്താംക്ളാസ് കഴിഞ്ഞപ്പോഴേക്കും പ്രീഡിഗ്രി പോയി പ്ളസ്ടു എത്തിയിരുന്നു. അതിനാല്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ അനുഭവങ്ങള്‍ എനിക്കില്ല. ഒരാളുടെ വേദന കേള്‍ക്കുമ്പോള്‍ അത് തന്റേതുകൂടിയാണെന്ന് തോന്നുന്നവനാണ് സഖാവെങ്കില്‍, ഞാനും ഒരു സഖാവാണ്്. മറ്റ് വലിയ സിദ്ധാന്തങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ല. ഒരു വ്യവസായത്തിന്റെ ഭാഗമായി നില്‍ക്കുന്നതുകൊണ്ട് മനസ്സിലുള്ളത്് പറയാന്‍ പാടില്ലെന്നൊന്നും ഞാന്‍ കരുതുന്നില്ല. നമ്മുടെ നാട്ടില്‍ കലാപ്രവര്‍ത്തനത്തിന്റെ ശക്തമായ പാരമ്പര്യം അത്രവേഗമൊന്നും  വിസ്മരിക്കാനാകില്ലല്ലോ.സന്തുഷ്ടനായി നിര്‍മാതാവ്പുതിയ ചെറുപ്പക്കാര്‍ ചെയ്യുന്ന സിനിമയ്ക്ക് രാഷ്ട്രീയ ഉള്ളടക്കമില്ലെന്ന വിമര്‍ശം ശ്രദ്ധിച്ചിട്ടില്ല. ഓരോരുത്തരും അവരെ സ്വാധീനിച്ച കാര്യങ്ങളാണ് സിനിമയിലൂടെ പങ്കുവയ്ക്കുന്നത്. സിനിമയുടെ ആശയങ്ങളുമായി പുതിയ ആള്‍ക്കാര്‍ എത്തുമ്പോള്‍ അവരുടെ പ്രായമല്ല പ്രതിഭയാണ് പരിഗണിക്കുന്നത്. നിര്‍മാതാവ് എന്ന നിലയില്‍ ചെയ്ത രണ്ടു ചിത്രങ്ങളും ജനങ്ങള്‍ സ്വീകരിച്ചു. 'ആക്ഷന്‍ ഹീറോ ബിജു'വിനുശേഷം ഒരുക്കിയ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ നൂറാംദിനം ആഘോഷിച്ചു. നിര്‍മാണഘട്ടത്തിലേക്ക് പുതിയ പദ്ധതികള്‍ എത്തിയിട്ടില്ല. ചലച്ചിത്രനിര്‍മാണം എനിക്കിഷ്ടമുള്ള കാര്യമാണ്. ഒരു ആശയം വളര്‍ന്ന് സമ്പൂര്‍ണ സിനിമയാകുന്നതുവരെ ഒപ്പം നില്‍ക്കാന്‍ കഴിയുന്നത് സുഖമുള്ള അനുഭവമാണ്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ ബിസിനസുകാരനായേനെ.ഹിന്ദി വിളിക്കുന്നുഇപ്പോള്‍ ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യില്‍ ചരിത്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശക്തമായ ടീം സിനിമയിലുണ്ട്്. മംഗലാപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ഗീതു മോഹന്‍ദാസിന്റെ 'മൂത്തോന്‍' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. വലിയ പ്രോജക്ടാണത്. ഹിന്ദിയും ലക്ഷദ്വീപ് മലയാളവുമെല്ലാം പറയുന്ന വ്യത്യസ്തമായ കഥാപാത്രം. എന്‍ എന്‍ പിള്ളയുടെ ജീവിതകഥയെ ആധാരമാക്കി രാജീവ് രവി  ഒരുക്കുന്ന സിനിമ വലിയ ക്യാന്‍വാസിലാണ് തയ്യാറെടുക്കുന്നത്. ഹിന്ദി സിനിമയില്‍നിന്ന് ഓഫറുണ്ട്്. എടുത്തുചാടി ഒന്നും ചെയ്യുന്നില്ല.

unnigiri@gmail.com

Related News