Loading ...

Home sports

പുതുവത്സരത്തില്‍ മൂന്നടി വാങ്ങി ബ്ലാസ്റ്റേഴ്സിനു മടക്കം


കൊച്ചി: ആരാധകര്‍ റോഡില്‍ നടത്തിയ പ്രകടനങ്ങള്‍ ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിന്റെ തുണക്കെത്തിയില്ല. പുതുവര്‍ഷ തലേന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്നമത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതുവര്‍ഷം കുളമാക്കി ബെംഗളൂരു എഫ്‌സി മൂന്ന് പോയിന്റുമായി നാട്ടിലേക്ക് മടങ്ങി.
ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് അയല്‍ക്കാരായ ബെംഗളൂരുവിനോട് ദയനീയമായി കീഴടങ്ങിയത്. ബെംഗളൂരുവിന് വേണ്ടി 60ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രയും പരിക്ക് സമയത്ത് വെനസ്വേലന്‍ താരം മികുവും ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു. ബ്ലാസ്റ്റഴ്‌സിന്റെ ആശ്വാസ ഗോള്‍ ഇഞ്ചുറി സമയത്ത് കറേജ് പെക്കൂസണും നേടി. പെക്കൂസന്റെ സീസണിലെ ആദ്യ ഗോളായി ഇത്. ഇന്ന് രണ്ട് ഗോളുകള്‍ നേടിയതോടെ മികു എട്ട് ഗോളുകളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ ഗോവ താരം കൊറോമിനാസിനൊപ്പമെത്തുകയും ചെയ്തു. മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പത്തുതട്ടാനിറങ്ങിയത്. ബെംഗളൂരുവിന്റെ മുന്‍ താരമായ സി.കെ. വിനീതിനെ പകരക്കാരുടെ ബെഞ്ചില്‍ പോലും കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ ഉള്‍പ്പെടുത്തിയില്ല. പരിശീലനത്തിനിടെ പരിക്കേറ്റതാണ് വിനീതിനെ ഒഴിവാക്കാന്‍ എന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് പറയുന്ന ന്യായം.എന്നാല്‍ അവസാന നിമിഷമായിരുന്നു ഈ നാടകീയ ഒഴിവാക്കല്‍ . ഗോള്‍കീപ്പര്‍ പോള്‍ റെച്ചുകയും വലയ്ക്കുമുന്നിലെത്തിയില്ല. പകരം സുഭാശിഷ് റോയ് ചൗധരി വന്നു. ചെന്നൈയിനെതിരായ മത്സരത്തിനിടെ പരിേക്കറ്റ റിനോ ആന്റോയ്ക്കും അവസരം കിട്ടിയില്ല. ഏറെ മത്സരങ്ങളുടെ ഇടവേളയ്ക്കുശേഷം ഇയാന്‍ ഹ്യൂം ആദ്യ പതിനൊന്നില്‍ ഇടംനേടി. വെനസ്വേലന്‍ സ്‌ട്രൈക്കര്‍ മികുവിനെ മുന്നില്‍നിര്‍ത്തിയായിരുന്നു. ബെംഗളൂരു പരിശീലകന്‍ കോച്ച് ആല്‍ബെര്‍ട്ട് റോച്ച ടീമിനെ വിന്യസിച്ചത്. മികുവിന് സഹായികളായി സുനില്‍ ഛേത്രി, ഉദാന്ത സിങ്, നിക്കളാസ് ഫെഡര്‍ എന്നിവരെയും കളിക്കളത്തില്‍ എത്തിച്ചു.
കളിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ആദ്യ മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അവസരം ലഭിച്ചെങ്കിലും ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ബെംഗളൂരു കളിയില്‍ ആധിപത്യം
നേടുന്നതും കണ്ടു. ആദ്യഘട്ടത്തില്‍ മികുവിന്റെ മികച്ചൊരു ഹെഡര്‍ നേരെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സുഭാശിഷിന്റെ കൈകളിലേക്കായി. ആദ്യ പകുതിയുടെ പകുതിയോടടുത്തതോടെ കളി വേഗം കുറഞ്ഞു. പിന്നീട് ഇരുടീമുകളും തുടര്‍ച്ചയായി ഫൗളുകള്‍ നടത്തി. ഇതിനിടെ ബെംഗളൂരു കളിയുടെ വേഗം കുറച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിന് വേഗത കൂട്ടി. പത്താം മിനിറ്റില്‍ ഹംഗലില്‍ നിന്ന് പെക്യുസന് പന്ത് ലഭിച്ചു. ഇടതുപാര്‍ശ്വത്തിലൂടെ മുന്നേറിയ പെക്കൂസണ്‍ പന്ത് സിഫ്‌നിയോസിന് കൈമാറി. സിഫ്‌നിയോസിന്റെ ശക്തമായ ഇടങ്കാലന്‍ ഷോട്ട് പുറത്ത് പോയി. ഇരുപത്തിയെട്ടാം മിനിറ്റില്‍ സിഫ്‌നിയോസ് മറ്റൊരു നല്ല അവസരവും പാഴാക്കി. ആദ്യപകുതിയുടെ അവസാനഘട്ടം ബംഗളൂരു ആഞ്ഞടിച്ചു. എഡു ഗാര്‍ഷ്യയുടെ തകര്‍പ്പന്‍ ഷോട്ട് സുഭാശിഷ് പിടിച്ചെടുത്തു. ഇടയ്ക്ക് ഛേത്രി ഇടതുഭാഗത്ത് പ്രതി’യുടെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തു. ചേത്രിയുടെ പല മുന്നേറ്റങ്ങളും ഗോളിനടുത്തുവരെയെത്തിയെങ്കിലും ഗോളായിമാറിയില്ല. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി കലാശിച്ചു. ആദ്യപകുതിയില്‍ നിര്‍ത്തിയേടത്തുനിന്നായിരുന്നു രണ്ടാം പകുതിയില്‍ ബെംഗളൂരുവിന്റെ കുതിപ്പ്. തുടര്‍ച്ചയായ മുന്നേറ്റത്തിനൊടുവില്‍ 60-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബെംഗളൂരു ലീഡ് നേടി. സന്ദേശ് ജിംഗാന്‍ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ടു തടുത്തതിനാണ് പെനാല്‍റ്റി. കിക്കെടുത്ത സുനില്‍ ഛേത്രി ബ്ലാസ്‌റ്റേഴ്‌സ് ഗോളി സുഭാശിഷ് റോയ് ചൗധരിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. 73-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സുഭാശിഷ് റോയ് ചൗധരിയെ പിന്‍വലിച്ച് കഴിഞ്ഞ മത്സരങ്ങളില്‍ വല കാത്ത പോള്‍ റെചൂബ്കയെ കളത്തിലിറക്കിയെങ്കിലും ദയനീയ പരാജയം ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ഇഞ്ചുറി സമയം വരെ ബെംഗളൂരു 1-0ന് മുന്നിട്ടുനിന്നു. ഇതിനിടെ ഗോള്‍ മടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗുണമുണ്ടായില്ല. സ്റ്റാര്‍ സ്‌ട്രൈക്കര്‍ സിഫ്‌നിയോസ് നിറംമങ്ങിയതും ഇയാന്‍ ഹ്യൂം തീര്‍ത്തും പരാജയപ്പെട്ടതും അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ കളി പരിക്ക് സമയത്തേക്ക് കടന്നശേഷം മത്സരത്തില്‍ മൂന്ന് ഗോളുകളാണ് പിറന്നത്. രണ്ടെണ്ണം ബെംഗളൂരുവിന്റെയും ഒരെണ്ണം ബ്ലാസ്‌റ്റേഴ്‌സിന്റെയും വക. പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ എഡുഗാര്‍ഷ്യയുടെയും സുഭാശിഷ് ബോസിന്റെയും പാസില്‍ നിന്ന് മികുനിറയൊഴിക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിടിപ്പുകേടില്‍ നിന്നായിരുന്നു മികുവിന്റെ രണ്ട് ഗോളുകളും. ദയനീയ പരാജയം പ്രതീക്ഷിച്ചിരിക്കെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍.
ഇത് ആദ്യമായി മികച്ച പ്രകടനം നടത്തിയ കറേജ് പെക്കൂസനാണ്
ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. വിജയത്തോടെ ബംഗളൂരു എട്ട് കളികളില്‍ നിന്ന് 15 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സ് 7 പോയിന്റുമായി എട്ടാമത്. നാലിന് നടക്കുന്ന അടുത്ത മത്സരത്തില്‍ പൂനെ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

ആര്‍ ഗോപകുമാര്‍

Related News