Loading ...

Home Europe

ജര്‍മനിയില്‍ കോവിഡ് പിടിമുറുക്കുന്നു; പാര്‍ലമെന്‍റില്‍ പുതിയ നിയമം പാസാക്കി സർക്കാർ


ബെര്‍ലിന്‍: കോവിഡ് മഹാമാരിയുടെ പിടിയിലായ ജര്‍മനിയില്‍ കാര്യങ്ങള്‍ ഏറെക്കുറെ കൈവിട്ട അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്.പോയ വര്‍ഷം കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോഴും വ്യാപനം ഇത്രയും ശക്തമായില്ല എന്ന ആശ്വാസം തന്നെ ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്.

മെര്‍ക്കലിന്‍റെ കെയര്‍ടേക്കര്‍ സര്‍ക്കാര്‍ കൊറോണ ഉച്ചകോടിയുടെ ബില്ല് പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസാക്കി. ഇതനുസരിച്ച്‌ ജര്‍മനിയിലെ 16 സംസ്ഥാനങ്ങള്‍ക്ക് സംരക്ഷണ നടപടികള്‍ നില നിര്‍ത്താനും അവതരിപ്പിക്കാനും കഴിയും.

വിനോദ, സാംസ്കാരിക, കായിക പരിപാടികള്‍ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യല്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം, മദ്യത്തിന്‍റെ വില്‍പ്പനയും പൊതു ഉപഭോഗവും നിരോധിക്കുക, സര്‍വകലാശാലകള്‍ അടച്ചുപൂട്ടല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ ചട്ടമനുസരിച്ച്‌ ഉയര്‍ന്ന പിഴകള്‍, കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് റസ്റ്ററന്‍റ് സന്ദര്‍ശനത്തിന് വിലക്ക്, സാമ്ബത്തിക സഹായം നിരസിക്കല്‍, കെയര്‍ ഗിവര്‍ ബോണസ്, ഭാഗിക ലോക്ക്ഡൗണ്‍,രാജ്യവ്യാപകമായി 2 ജി തുടങ്ങിയവ നിയമമാക്കി.

വ്യാഴാഴ്ച ചാന്‍സലറിയില്‍ നടന്ന കൊറോണ സമ്മേളനത്തില്‍ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഫെഡറല്‍ ചാന്‍സലറും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. കൊറോണ ഹോട്ട്സ്പോട്ടുകള്‍ക്കുള്ള ഭാഗിക ലോക്ക്ഡൗണ്‍, ഉയര്‍ന്ന പിഴ, വാക്സിന്‍ എടുക്കാത്തവര്‍ക്ക് രാജ്യവ്യാപകമായ നിയന്ത്രണങ്ങള്‍ എന്നിവയും പുതിയ നിയമത്തിന്‍റെ പരിധിയില്‍ വരും. അതേസമയം സ്കൂള്‍ അടച്ചുപൂട്ടല്‍, യാത്രാ നിയന്ത്രണങ്ങള്‍, നിര്‍ബന്ധിത വാക്സിനേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല.

പുതിയ നിയമനിര്‍മാണത്തില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുന്നു. വാക്സിന്‍ പാസ്പോര്‍ട്ടുകള്‍ എന്ന് വിളിക്കപ്പെടുന്ന വ്യാജരേഖകള്‍ നിര്‍മക്കുന്നത് ജര്‍മനിയില്‍ ഒരു വലിയ നിയമ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇത്തരം വ്യാജ രേഖകള്‍ 400 യൂറോയ്ക്കാണ് വില്‍പ്പന.

പ്രതിദിനം 65,371 കേസുകള്‍ രേഖപ്പെടുത്തിയ ജര്‍മനിയിലെ കോവിഡ് കേസുകള്‍ മറ്റൊരു ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുകയാ‌ണ്. കോവിഡ് നാലാം തരംഗം പൂര്‍ണ ശക്തിയോടെ ആക്രമിക്കുകയാണെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ പരീക്ഷിക്കുകയോ ചെയ്ത ആളുകള്‍ക്ക് മാത്രം പൊതുഗതാഗത സൗകര്യം ഉള്‍പ്പെടെയുള്ള പുതിയ നടപടികള്‍ക്ക് അനുകൂലമായി ജര്‍മന്‍ എംപിമാര്‍ പാര്‍ലമെന്റില്‍ വോട്ട് ചെയ്തു.ജര്‍മനിയുടെ പാര്‍ലമെന്റിന്റെ ഉപരിസഭയായ ബുണ്ടസ് റാറ്റ് വെള്ളിയാഴ്ച നടപടികള്‍ പരിഗണിച്ച്‌ പച്ചക്കൊടി കാട്ടി.
പുതിയ നിയമങ്ങളുടെ സംക്ഷിപ്ത രൂപം

► കോണ്ടാക്‌ട് നിയന്ത്രണങ്ങള്‍, ഇവന്‍റുകള്‍ റദ്ദാക്കല്‍, 2ജി എന്നിവയില്‍ ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഈ നിയമം പൂര്‍ണമായോ ഭാഗികമായോ ഇതിനകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

► പ്രദേശം മുഴുവന്‍ അടച്ചിടലും നിരോധനവും, കര്‍ഫ്യൂ, ആരാധനയ്ക്കുള്ള പൊതുവായ നിരോധനം ഭാവിയില്‍ ഒഴിവാക്കും.

► മാസ്ക് ധരിക്കല്‍, ദൂര ആവശ്യകതകള്‍, ശുചിത്വ ആശയങ്ങള്‍ എന്നിവ നിലനില്‍ക്കും.

► ജോലിസ്ഥലത്ത് 3 ജി നിയമം. ഇതു ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ ഹോം ഓഫീസിലോ മറ്റെവിടെയെങ്കിലുമോ ജോലി ചെയ്യണം

► നിര്‍ബന്ധിത ഹോം ഓഫീസ് - തൊഴിലുടമകള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കണം

► വൃദ്ധസദനങ്ങളിലെ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ബന്ധിത പരിശോധന (എന്നാല്‍ ദിവസേന ഇല്ല)

► പ്രാദേശികവും ദീര്‍ഘദൂര ട്രാഫിക്കിലും ആഭ്യന്തര ജര്‍മ്മന്‍ എയര്‍ ട്രാഫിക്കിലും 3ജി നിയമം ക്രമരഹിതമായി പരിശോധിക്കും.

► തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, സാമൂഹിക മേഖലയ്ക്കുള്ള സാമ്ബത്തിക സംരക്ഷണം, കൊറോണ ആവശ്യകതകള്‍ കാരണം കുട്ടികളെ വീട്ടില്‍ നോക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ക്ക് ബാല്യകാല രോഗ ദിനങ്ങള്‍ ഇരട്ടിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള സാമ്ബത്തിക സഹായം വിപുലീകരിക്കും.



Related News