Loading ...

Home cinema

സിനിമ, സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്; ചുരുളിയില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ചുരുളി സിനിമയില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കൈകടത്താന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു.ചുരുളി ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സിനിമ തീയേറ്ററുകളിലല്ല ഒടിടിയിലാണ് റീലീസ് ചെയ്തത്. അതിനാല്‍ തന്നെ ആരേയും സിനിമ നിര്‍ബന്ധിച്ച്‌ കാണിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. സിനിമയില്‍ ഏതെങ്കിലും തരത്തിലെ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഡിജിപിയ്‌ക്ക് നിര്‍ദ്ദേശം നല്‍കി. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ എങ്ങനെയാണ് കോടതി ആവശ്യപ്പെടുകയെന്നും കോടതി ചോദിച്ചു. ആ ഗ്രാമത്തിലെ ജനങ്ങള്‍ അത്തരത്തിലുള്ള ഭാഷയാണ് സംസാരിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ. പ്രഥമദൃഷ്ട്യാ ക്രിമിനല്‍ കുറ്റം നടന്നതായി തോന്നുന്നില്ലന്ന് കോടതി വ്യക്തമാക്കി.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷ കൊണ്ട് ചര്‍ച്ചയായ സിനിമയാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളതെന്നാണ് ഒരു വിഭാഗം ആളുകള്‍ നല്‍കിയ പ്രതികരണം. ചെമ്ബന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


Related News