Loading ...

Home Business

ജീവിതത്തിന് അതിവേഗം - by എസ്.പി. ശരത്

ആന്റണി കുടുംബത്തോടൊപ്പം.

വരാനുള്ളതു വഴിയിൽ തങ്ങില്ലെന്നു കേട്ടിട്ടുണ്ടെങ്കിലും ആ വരവ് ഒരു പരസ്യരൂപത്തിലായിരിക്കുമെന്ന് ആന്റണി സെബാസ്റ്റ്യൻ കരുതിയ‍ിരുന്നില്ല. ഒന്നര വർഷം മുൻപ് ലണ്ടന്‍ നഗരത്തിലൂടെ ബസിൽ സഞ്ചരിക്കുമ്പോൾ ആകസ്മികമായി കയ്യിലെത്തിയ ഒരു പത്രത്താളിലാണ് ആന്റണി ആ പരസ്യം കണ്ടത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈ സ്പീഡ് ട്രെയിനിന്റെ ഡ്രൈവർ ആകാൻ യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു എന്ന‍ായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. കൃത്യം ഒന്നര വർഷത്തിനിപ്പുറം ആന്റണിയുടെ സഞ്ചാരം ആ പഴയ ബസിൽനിന്നു ഹൈ സ്പീഡ് ട്രെയിനിലേക്കു മാറിയിരിക്കുന്നു. യാത്രക്കാർക്കൊപ്പമല്ല, എൻജിന്‍ ക്യാബിനിലാണ് സ്ഥാനം.ഇംഗ്ലണ്ടിന്റെ അഭിമാനമായ ഹൈ സ്പീഡ് ട്രെയിനിന്റെ അമരക്കാരനാകുന്ന ആദ്യ മലയാളി. ആ പരസ്യം കണ്ണിലുടക്കിയശേഷം ഒന്നരവർഷത്തിനിടെ ആന്റണിയുടെ ജീവ‍ിതത്തിൽ എന്താണ് സംഭവിച്ചത്?

പുതുക്കാട് വഴി വെംബ്ലിയിലേക്ക്തൃശൂർ പുതുക്കാട് മുപ്ലിയം മാളിയേക്കൽ ആന്റണി മുംബൈയിലെ ജോലി അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെത്തുന്നത് എട്ടു വർഷം മുൻപ്. ഫസ്റ്റ് ഗ്രേറ്റ് വെസ്റ്റേൺ എന്ന പേരിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക റയിൽവേ സർവീസിൽ ട്രെയിൻ മാനേജർ തസ്തികയിലായിരുന്നു ജോലി. ഇന്ത്യൻ റയിൽവേയിൽ ടിടിആറിനു സമാനമായ ജോലി. അൽപം കൂടി ചുമതലകളും അധികാരങ്ങളും കൂടുതലാണെന്നു മാത്രം. ഭാര്യ ജിനി വെംബ്ലി എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സ്. മക്കളായ ഫ്രേയ, ശ്രേയ, ഈഥൻ എന്നിവരോടൊത്ത് ആന്റണിയും ജിനിയും സംതൃപ്ത കുടുംബജീവിതം നയിക്കവേ ഒന്നര വർഷം മുൻപാണ് ജീവിതം അപ്രതീക്ഷിതമായ ഒരു ട്രാക്കിലേക്ക് ആന്റണിയെ കൊണ്ടുചെന്ന് എത്തിക്കുന്നത്.
antony-inside-train-4col
പരസ്യം കൊണ്ടുവന്നത്...2014 ജനുവരിയിലെ മഞ്ഞുതിരുന്നൊരു സായാഹ്നം. ഓഫിസ് വിട്ടു വീട്ടിലേക്കു ബസിൽ മടങ്ങുകയായിരുന്നു ആന്റണി. ബസിലും ട്രെയിനിലും മറ്റും സൗജന്യമായി വിതരണം ചെയ്യുന്ന പത്രത്തിന്റെ ഒരു കോപ്പി ആന്റണിയുടെ കയ്യിലും കിട്ടി. താളുകൾ വെറുതേ മറിച്ചുനോക്കുന്നതിനിടെയാണ് ആ പരസ്യം കൺമുന്നിലേക്കു ചൂളംവിളിച്ചെത്തുന്നത്. താൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ അഭിമാന പദ്ധതിയായ ഹൈ സ്പീഡ് ട്രെയിനിനു ഡ്രൈവറെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം.അടിസ്ഥാന ശമ്പളം വർഷം 44,787 പൗണ്ട്. മറ്റ് ആനുകൂല്യങ്ങളും കൂടി ചേരുമ്പോൾ വർഷം 48 ലക്ഷം ഇന്ത്യൻ രൂപയായി ഉയരും! കയ്യോടെ ആന്റണി അപേക്ഷ അയച്ചു. പക്ഷേ, കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമല്ലെന്നു പിന്നാലെ മനസ്സിലായി. ഒരു ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികളുടെ എണ്ണം ശരാശരി 400 ആണ്. ജോലി ലഭിക്കാനുള്ള സാധ്യത ഒരുശതമാനത്തിൽ താഴെ.
Bullet-Train-arrives
‘പരിശ്രമിക്കുകിൽ എന്തിനെയും...’യുകെയിൽ ഹൈ സ്പീഡ് ട്രെയിൻ ഡ്രൈവറായി മലയാളികളാരും നിയമിക്കപ്പെട്ടിട്ടില്ലെന്ന വിവരം ആന്റണിയിൽ ആദ്യം ഉളവാക്കിയത് നിരാശയാണ്. മാർക്കറ്റിങ് രംഗത്തു ജോലിചെയ്തിരുന്ന തനിക്ക് സാങ്കേതിക വൈദഗ്ധ്യം ഏറെ ആവശ്യമായ ട്രെയിൻ ഡ്രൈവറുടെ ജോലി ചെയ്യാനാകുമോ എന്ന ആശങ്കയും ഒപ്പമുണ്ടായിരുന്നു. പക്ഷേ, പരിശ്രമിച്ചാൽ വിജയം ഒപ്പംവരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ആഞ്ഞുപിടിക്കാൻ ആന്റണി തീരുമാനിച്ചു.വിമാനങ്ങളിലേതിനു സമാനമായി സ്വയംനിയന്ത്രിത സംവിധാനങ്ങൾ ഏറെയുള്ളവയാണ് ഹൈ സ്പീഡ് ട്രെയിൻ. സഞ്ചരിക്കുന്നതു മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിലും. ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധ വലിയ ദുരന്തങ്ങളിലേക്കു വരെ നയിക്കാം. അതിനാൽ സീറോ പെർസന്റേജ് റിസ്ക് കാറ്റഗറിയിലാണ് ജോലിയുടെ സ്ഥാനം. എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ അടുത്ത നിമിഷം സസ്പെൻഷനും പിന്നാലെ പിരിച്ചുവിടലുമുണ്ടാകും. എന്നെന്നേക്കുമായി സർക്കാരിന്റെ നോട്ടപ്പുള്ളി പട്ടികയിൽപ്പെടുകയും ചെയ്യും. പിന്നീടൊരു ജോലി കണ്ടെത്തുക എളുപ്പമാവില്ല. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കെ അപേക്ഷയുമായി മുന്നോട്ടു പോകാൻ ആന്റണി തീരുമാനിച്ചു.പരിശീലനയജ്ഞം കഠിനം
Bullet-Train-arrives
ഒന്നരവർഷത്തോളം നീളുന്നതായിരുന്നു ജോലിക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ. ആദ്യത്തെ നാലഞ്ചുമാസം ക്ലാസ് റൂം പഠനം. പിന്നീട് പ്രാക്ടിക്കൽ പരിശീലനം. പിന്നെ 21 ദിവസം നീളുന്ന ടെസ്റ്റ് കൂടി പാസായാൽ മാത്രമേ ഇന്റർവ്യുവിനു പരിഗണിക്കപ്പെടൂ. സ്വന്തമായി 250 മണിക്കൂർ കുറ്റമറ്റരീതിയിൽ ട്രെയിൻ ഓടിച്ചുകാണിച്ചശേഷമേ നിയമനം നൽകൂ. ഇതിൽ 210 മണിക്കൂർ പകലും 40 മണിക്കൂർ രാത്രിയാത്രയുമാണ്. 21 ദിവസം നീളുന്ന ടെസ്റ്റിനെ കഠിനമെന്നേ വിശേഷിപ്പിക്കാനാവൂ.നിയമപഠനം, ട്രാക്ക് സുരക്ഷ, തീപിടിത്ത രക്ഷാപ്രവർത്തനം തുടങ്ങിയവയൊക്കെ അടങ്ങുന്നതാണ് ടെസ്റ്റ്. ഏറ്റവുമൊടുവിൽ വിദഗ്ധർക്കു മുന്നിൽ തുടർച്ചയായി ഏഴു മണിക്കൂർ വരെ സിമുലേറ്റർ എന്ന യന്ത്രം ഉപയോഗിച്ച് വിഡിയോയിലൂടെ ട്രെയിൻ ഓടിച്ചുകാണിക്കണം. ഇന്റർവ്യു രീതിയിൽ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരവും നൽകിക്കൊണ്ടിരിക്കണം.ഹൈ സ്പീഡിലൊരു മാറ്റംപരിശീലന മഹാമഹം കഴിഞ്ഞയാഴ്ച വിജയകരമായി പൂർത്തിയാക്കി ആന്റണി ഓപ്പറേഷൻ മാനേജർ ‍ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അതുവരെ ഫസ്റ്റ് ഗിയറിൽ ഓടിക്കൊണ്ടിരുന്ന ജീവിതം പെട്ടെന്നു ടോപ്ഗിയറിലായതായി അനുഭവപ്പെടുന്നുവെന്ന് ആന്റണി പറയുന്നു.ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ ദൈർഘ്യമുള്ള ലണ്ടൻ–ഓക്സ്ഫഡ് റൂട്ടിലാണ് ഇപ്പോൾ ആന്റണി ട്രെയിൻ പായിക്കുന്നത്. ഓരോദിവസവും അഞ്ചു മുതൽ ഒൻപതു മണിക്കൂർവരെയാണ് ജോലിസമയം. ജോലിയിൽ പ്രവേശിച്ചാൽ പിന്നെ പുറംലോകവുമായി ബന്ധപ്പെടാനാവില്ല. മൊബൈൽ ഫോണും ലാപ്ടോപ്പുമെ‍ാന്നും ഉപയോഗിക്കാൻ അനുവാദവുമില്ല. ഇത്രയേറെ ശ്രമകരമായൊരു ജോലി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ആന്റണി പറയും, ‘ബുദ്ധിമുട്ടുകളാണെന്റെ ഇന്ധനം, പരിശ്രമമാണെന്റെ ഊർജം..’

Related News