Loading ...

Home Europe

ഡെസ്മണ്ട് എലിയറ്റ് പുരസ്‌കാരം പ്രീതി തനേജക്ക്

ലണ്ടന്‍: സാഹിത്യത്തിന്റെ മണ്ണില്‍ പുരസ്‌കാരം കരസ്ഥമാക്കി ഇന്ത്യന്‍ വംശജ .ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി പ്രീതി തനേജയുടെ കന്നി നോവലിനാണു  വിഖ്യാത ഡെസ്മണ്ട് എലിയറ്റ് പുരസ്‌കാരം. വിശ്വ സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്ത നാടകമായ 'കിങ് ലിയര്‍' ആധുനിക ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പുനരാഖ്യാനം ചെയ്ത ഇംഗ്ലീഷ് കൃതിയായ 'വീ ദാറ്റ് ആര്‍ യങ്' ആണ് തനേജക്ക് സമ്മാനം നേടിക്കൊടുത്തത്. യു.കെയില്‍ പ്രസിദ്ധീകരിച്ച കന്നി നോവലിനുള്ള പുരസ്‌കാരമാണ് തനേജയെ തേടിയെത്തിയത്. 10,000 പൗണ്ട് സമ്മാനത്തുകയുള്ള പുരസ്‌കാരം ജൂണ്‍ 20ന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ഗെയില്‍ ഹണിമാന്‍ (എലിനോര്‍ ഒലിഫന്റെ ഈസ് കംപ്ലീറ്റ്‌ലി ഫൈന്‍), പൗല കൊക്കോസ (ഹൗ ടു ബി ഹ്യൂമന്‍) എന്നിവരെ മറികടന്നാണ് അവര്‍ നേട്ടം കൊയ്തത്. 

കിങ്‌ലിയറിന്റെ ആശയം മുന്‍നിര്‍ത്തി കേന്ദ്ര കഥാപാത്രമായ ദേവരാജ് തന്റെ കമ്പനിയുടെ അവകാശം മൂന്ന് പെണ്‍മക്കളായ ഗാര്‍ഗി, രാധ, സീത എന്നിവര്‍ക്ക് കൈമാറുന്നതാണ് ഇതിവൃത്തം. ഒരു പഴയ കഥയിലെ കാതലായ ഭാഗങ്ങളെടുത്ത് കരുത്താര്‍ന്നതും പുത്തന്‍ ഊര്‍ജത്തോടെയുമുള്ള ആഖ്യാനശൈലിയിലൂടെ പുനരവതരിപ്പിക്കുകയായിരുന്നു അവര്‍. സാഹിത്യകാരിയായ സാറാ പെറി നേതൃത്വം നല്‍കിയ ജൂറി തനേജയെ പ്രശംസകൊണ്ട് മൂടിയിരുന്നു. 'വീ ദാറ്റ് ആര്‍ യങ്' പെന്‍ഗ്വിന്റാന്‍ഡം ഹൗസാണ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

എഴുത്തിലേക്ക് തിരിയുന്നതിന് മുമ്പ് ഇറാഖ്, ജോര്‍ഡന്‍, റുവാണ്ട, കൊസോവോ എന്നിവിടങ്ങളില്‍ മനുഷ്യാവകാശ കറസ്‌പോണ്ടന്റായി അവര്‍ സേവനമനുഷ്ഠിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 31ന് ഇടയില്‍ ഏതെങ്കിലും സാഹിത്യശാഖയില്‍ പ്രസിദ്ധീകരിച്ച കന്നി നോവലിനാണ് പ്രസിദ്ധ പ്രസാദകനും ലിറ്റററി ഏജന്റുമായിരുന്ന ഡെസ്മണ്ട് എലിയറ്റിന്റെ നാമധേയത്തിലുള്ള പുരസ്‌കാരം വിതരണം ചെയ്യുന്നത്.

Related News