Loading ...

Home cinema

'വാത്സല്യ'ത്തിന്റെ കഥാസന്ദര്‍ഭങ്ങള്‍ ലോഹിതദാസിന്റെ ജീവിതത്തിലും ആവര്‍ത്തിച്ചു

കൊച്ചിന്‍ ഹനീഫ, ലോഹിതദാസ്, അബൂബക്കര്‍- മൂന്ന് പേരുകള്‍ സ്മരിച്ചുകൊണ്ടേ വാത്സല്യം എന്ന സിനിമയെക്കുറിച്ചുള്ള ഇരുപത്തഞ്ചാം വാര്‍ഷികം തുടങ്ങാനാവൂ. പലരും പറഞ്ഞ വിഷയങ്ങളായാലും പുതുമയുള്ള വിഷയമായാലും തന്റെ തൂലികാസ്പര്‍ശം കൊണ്ട് പ്രേക്ഷകമനസ്സിനെ കഥയുടെ വൈകാരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഉള്ളം നിറയ്ക്കുകയും ചെയ്യുന്ന ഒരു രചനാശൈലിയുടെ ഉടമയായിരുന്നു ലോഹിതദാസ്. വില്ലന്‍ കഥാപാത്രങ്ങളില്‍നിന്നും കോമഡിയിലേക്ക് വന്ന് നമ്മെ കുടുകുടെ ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫ നല്ല സംവിധായകന്‍കൂടിയാണെന്ന് തെളിയിച്ച ചിത്രമായിരുന്നു വാത്സല്യം. ചെറിയ വേഷങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും തന്റെ കഥാപാത്രത്തെ പ്രേക്ഷകമനസ്സില്‍ എന്നും ജീവിപ്പിക്കുന്ന പാത്രാവിഷ്‌കാരമാണ് അബൂബക്കര്‍ എന്ന നടനെ വേറിട്ടുനിര്‍ത്തുന്നത്.മേലേടത്ത് രാഘവന്‍നായരെ അനശ്വരനാക്കിയ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ നട്ടെല്ലെങ്കിലും ആ കഥാപാത്രത്തെ ഉജ്ജ്വലിപ്പിക്കുന്ന സഹകഥാപാത്രങ്ങളെല്ലാം ചേരുംപടി ചേര്‍ന്നതിന്റെയും ആ കഥയുടെ ആശയാദര്‍ശങ്ങള്‍ ചോര്‍ന്നുപോവാതെ അവതരിപ്പിച്ചതിന്റെയും ക്രെഡിറ്റ് കൊച്ചിന്‍ ഹനീഫയ്ക്കും ലോഹിതദാസിനുമാണ്. സ്നേഹംനിറഞ്ഞ വല്യേട്ടന്‍, കുടുംബത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അധ്വാനശീലനായ കര്‍ഷകന്‍ തിരസ്‌കൃതനാവുന്നതിന്റെ ദുഃഖം, എല്ലാം തിരിച്ചറിയുന്നതിന്റെ സന്തോഷം എന്നിങ്ങനെ പല കാലമായി സിനിമ പറഞ്ഞുപോന്ന കഥതന്നെയായിരുന്നു വാത്സല്യത്തിന്റെതും. എന്നാല്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്‍ അതിനെ രാമായണത്തിന്റെ അന്തര്‍ധാരയുമായി വിളക്കിച്ചേര്‍ത്തു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് അന്തരീക്ഷം ഒരുക്കി. കാണുന്ന പ്രേക്ഷകന്റെയും തൊണ്ടയിടറിപ്പിക്കുംവിധം അഭിനയവും സംഭാഷണത്തിലെ മോഡുലേഷനുംകൊണ്ട് മമ്മൂട്ടിയും ഒരു സ്നേഹത്തിരശ്ശീലതന്നെ തീര്‍ത്തു. കഥയുടെ കൃത്യമായ മൂഡ് അറിഞ്ഞുകൊണ്ട് കൈതപ്രം രചിച്ച പാട്ടുകളും കഥാന്തരീക്ഷത്തെ രാമായണവുമായി ബന്ധിപ്പിക്കുന്നതിലും കാര്‍ഷികലോകനന്മകള്‍ ആവിഷ്‌കരിക്കുന്നതിലും തുണയായി. ചിത്രം സൂപ്പര്‍ഹിറ്റായതിന്റെ ചേരുവകള്‍ വേറേ തിരയേണ്ടതില്ല.

ഈ ചിത്രത്തെക്കുറിച്ച്‌ കൈതപ്രത്തിന് നല്ല ഓര്‍മകളാണുള്ളത്. ഞാനും ലോഹിയും കൊച്ചിന്‍ ഹനീഫയും മമ്മൂട്ടിയും മുരളിയും എല്ലാം അടങ്ങിയ ഒരു ഗള്‍ഫ് യാത്രയ്ക്കിടയിലാണ് വാത്സല്യത്തിന്റെ ആദ്യചര്‍ച്ച നടക്കുന്നത്. ആ യാത്രയിലാണ് ലോഹിതദാസ് ഹനീഫയ്ക്കുവേണ്ടി ഒരു കഥ എഴുതിക്കൊടുക്കാമെന്ന് സമ്മതിക്കുന്നത്.
 പിന്നെ ഷൊര്‍ണൂരില്‍ ലോഹിയുടെ വീട്ടില്‍ കഥയും പാട്ടും എഴുതിക്കൊണ്ടിരിക്കുമ്ബോഴാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. അലയും കാറ്റിന്‍ ഹൃദയം അരയാലില്‍ തേങ്ങി. രാമായണം കേള്‍ക്കാതെയായി, പൊന്‍മൈനകള്‍ മിണ്ടാതെയായി, സരയു വിമൂകമായി എന്നതിനൊക്കെ സിനിമയ്ക്കപ്പുറം ഞങ്ങള്‍ക്ക് ചില അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. കാരണം ആ സംഭവം ഞങ്ങളെല്ലാവരേയും സങ്കടത്തിലാക്കിയ നാളുകളായിരുന്നു അത്.ചിത്രത്തിലെ താരാട്ടുപാട്ടും ഹിറ്റായിരുന്നു. അതുപോലെ ആമുഖഗാനമായ ഇന്നീ കൊച്ചുവരമ്ബത്ത് എന്ന പാട്ട് ചെന്നൈയില്‍ റെക്കോഡ് ചെയ്യുമ്ബോള്‍ ഞാനുമുണ്ടായിരുന്നു. പാട്ടുകേട്ട് കൊച്ചിന്‍ ഹനീഫ പറഞ്ഞു. '' എനിക്കൊരുപാട് ഇഷ്ടായി ഈ പാട്ട്. ഇത് ഞാന്‍തന്നെ പാടി അഭിനയിക്കും എന്നുപറഞ്ഞു. അങ്ങനെ കാളവണ്ടിക്കാരനായി സംവിധായകന്‍തന്നെ പ്രത്യക്ഷപ്പെട്ടു.''പണ്ടത്തെ പല തറവാടിന്റെ ക്ഷയത്തിനും കാരണം കേസായിരുന്നു. കോടതി കയറിയിറങ്ങി വക്കീലന്‍മാര്‍ക്ക് കാശ് വാരിക്കോരിക്കൊടുത്ത് മുടിഞ്ഞ തറവാടുകള്‍. അങ്ങനെയൊരു തറവാട്ടിലെ മൂത്ത മകനാണ് മേലേടത്ത് രാഘവന്‍നായര്‍. അമ്മ, ഭാര്യ, മക്കള്‍, സഹോദരി, സഹോദരന്‍. ഒരു വലിയ കുടുംബത്തെ അയാള്‍ തന്റെ ചിറകിന്‍കീഴിലൊതുക്കി സംരക്ഷിച്ചു. കുടുംബം പോറ്റാന്‍ തൂമ്ബയെടുത്ത് മണ്ണിലേക്കിറങ്ങി രാവും പകലും അധ്വാനിച്ചു. കുടുംബത്തിനൊരു തണല്‍മരമായി. നേരും നെറിയും ജീവിതചര്യയാക്കി. പക്ഷേ, പഠിപ്പിച്ചുവലുതാക്കിയ അനുജന്‍ വക്കീലായി, കരിയര്‍ മെച്ചപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ അയാള്‍ തന്റെ സീനിയര്‍ അഡ്വക്കേറ്റിന്റെ മകളെ കല്യാണം കഴിച്ചു. അയാളെ മോഹിച്ചുകഴിഞ്ഞ കുഞ്ഞമ്മാമയുടെ മകള്‍ നളിനിയും രാഘവന്‍നായരുടെ സങ്കടമായി. നഗരജീവിത പരിഷ്‌കാരങ്ങളുടെ ലോകത്തുനിന്നും അനിയന്റെ ഭാര്യയായിവന്ന പെണ്‍കുട്ടിക്ക് ഈ കുടുംബവുമായി പൊരുത്തപ്പെടാനായില്ല. തന്റെ കാല്‍ക്കീഴില്‍നിന്നും മണ്ണ് ഒലിച്ചുപോവുന്നത് അയാള്‍ അറിയാന്‍ തുടങ്ങി. ഒടുക്കം ഭാഗംവെച്ച്‌ പിരിയുന്ന കുടുംബത്തില്‍നിന്നും അയാള്‍ പടിയിറങ്ങേണ്ടിയും വരുന്നു. പക്ഷേ, ആര് ചതിച്ചാലും മണ്ണ് ചതിക്കില്ലെന്ന വിശ്വാസവുമായി അയാള്‍ പുതിയ കൃഷിനിലത്തിലേക്ക് പൊന്നുവിളയിക്കാന്‍ പോവുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ അനിയന്‍ അയാളെ തിരിച്ചുവിളിക്കാന്‍ വരുമ്ബോള്‍ അതുതന്നെ തനിക്ക് സന്തോഷമായെന്ന് പറയുന്ന ഏട്ടന്‍. വാത്സല്യത്തിന്റെ കഥാചുരുക്കം അങ്ങനെയാണ്.
 ചിത്രത്തിലെ ഇനിവരുന്ന സംഭാഷണ സീക്വന്‍സ് കേള്‍ക്കുക. സീനിയര്‍ വക്കീലിന്റെ മകളെ കല്യാണം കഴിക്കണമെന്നുപറയുന്ന അനിയനോട് രാഘവന്‍ നായര്‍: മനുഷ്യനാവെടാ ആദ്യം. ന്നിട്ട് ഉണ്ടാക്ക് നിലേം വെലയും. അതും സൂത്രത്തില്‍ ഉണ്ടാക്കുകയല്ല വേണ്ടത്. സ്വയം ഉണ്ടാവട്ടെ. അതാ കഴിവ്. ഇപ്പൊ നീ വക്കീലായി ന്നോട് വാദിക്കണണ്ടല്ലോ. അതിനുള്ള കഴിവുണ്ടാക്കിയത് ന്റെ വിയര്‍പ്പാ. നിനക്ക് ല്ലാം ഉണ്ടാവും. ദൈവം തരും. വന്ന വഴി മറക്കരുത്. ഇത് ഞാന്‍ സമ്മതിക്കില്ല.വിജയന്‍: ഏട്ടനിങ്ങനെ വാശീം ദേഷ്യോം ഒന്നും കാണിക്കണ്ടാ... ഇതെന്റെ ലൈഫിന്റെ പ്രശ്നാ. നിക്ക് മേനോന്‍സാറിന്റെ മോളുമായിട്ടുള്ള ബന്ധമാ ഇഷ്ടം. ഏട്ടന്‍ അത് പോയാലോചിച്ചു നടത്തിത്തരണംരാഘവന്‍ നായര്‍: എന്റെ പട്ടി വരും. മേലേടത്ത് രാഘവന്‍ നായര്‍ക്ക് നിന്റത്രേം വിവരം ഇല്ല. പക്ഷേ, നെറികേട് കാണിക്കില്ല. ന്റെ നെഞ്ചില്‍ പെടപ്പുണ്ടേ ഞാനിത് സമ്മതിക്കില്ല. എന്നെ ധിക്കരിച്ചാ ഞാന്‍ പിന്നെ ഈ കുടുംബത്ത് കയറ്റില്ല ഓര്‍ത്തോ...കേട്ടോ അമ്മെ അമ്മയുടെ മോന്‍ പറയണ കേട്ടോ. കുട്ടി ആയിരുന്നെ രണ്ടടി കൊടുത്തനുസരിപ്പിച്ചേനെ. പ്പോ ഞാന്‍ എന്താ ചെയ്യാഅമ്മ: രാഘവാ അവന്‍ പറയുന്നതിലും കാര്യം ഇല്ലേരാഘവന്‍ നായര്‍: ഓ അമ്മയുംകൂടെ അറിഞ്ഞിട്ടാണല്ലേ. പണ്ട് ഇതുപോലെ ഒരു രാത്രിയില് ജപ്തി നടക്കണ കാണാന്‍ വയ്യ എന്ന് പറഞ്ഞ് ഉള്ളതൊക്കെ പെറുക്കിയെടുത്ത് നാല് മക്കളേംകൊണ്ട് പുറത്തേക്കെറങ്ങുമ്ബോ ഒരു സഞ്ചി നിറയെ കാശുമായിട്ടൊരാള് വന്നു. അന്ന് അമ്മ പറഞ്ഞു കുഞ്ഞമ്മാവന്‍ നമ്മുടെ ദൈവാന്ന്. പിന്നെ ആ കുഞ്ഞമ്മാവന്റെ മോളോട് അമ്മ തന്നെയാ പറഞ്ഞെ എന്റെ വിജയന്റെ പെണ്ണാ നീ എന്ന്. മറക്കരുത് അമ്മെ അതൊന്നും... ഈ സംഭാഷണത്തിലൂടെ ഈ കഥയുടെ രത്നച്ചുരുക്കംതന്നെയാണ് അനാവൃതമാവുന്നത്. രാഘവന്‍നായരായി മമ്മൂട്ടിയും കുഞ്ഞമ്മാവനായി അബൂബക്കറും അമ്മയായി കവിയൂര്‍പൊന്നമ്മയും അനിയനായി സിദ്ധിഖുമായിരുന്നു രംഗങ്ങളില്‍. ഇതില്‍ കുഞ്ഞമ്മാവനും രാഘവന്‍നായരും തമ്മിലുള്ള ബന്ധത്തിലെ ലോഹിസ്പര്‍ശം എടുത്തുപറയേണ്ടതാണ്.സഹായത്തിനൊന്നും കിട്ടില്ലെങ്കിലും അയാള്‍ക്ക് ദേഷ്യം തീര്‍ക്കാനും സങ്കടം പറയാനും കുഞ്ഞമ്മാമയും അയല്‍വാസിയും ആണ് ഉണ്ടായിരുന്നത്. പിന്നെ പരിഭവവും പരാതിയും പോലും ഒരു നിമിഷംകൊണ്ട് അലിയിച്ചുകളയുന്ന, അയാളുടെ മനസ്സറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ സഹധര്‍മ്മിണിയായി മാറുന്ന ഭാര്യ മാലതിയും. ഗീതയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗീതയും മമ്മൂട്ടിയും ഭാര്യാഭര്‍ത്താക്കന്‍മാരായി വരുന്നതിലെ രസതന്ത്രവും ചിത്രത്തെ കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രമാക്കുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.
 മോഹന്‍ലാലിനെ എല്ലാവരും ഫ്ളക്സിബിളായ നടന്‍ എന്ന് വിശേഷിപ്പിക്കുമ്ബോള്‍ ലോഹിതദാസ് മമ്മൂട്ടിയെയാണ് ഫ്ളക്സിബിള്‍ ആയ നടനായി കാണുന്നത്. മമ്മൂട്ടി എന്ന വ്യക്തിയെ മാറ്റിനിര്‍ത്തി കഥാപാത്രമായി മാറുന്ന പ്രത്യേകതയാണ് അതിന് കാരണമായി അദ്ദേഹം എടുത്തുപറയുന്നത്. ഒരുപക്ഷേ. മമ്മൂട്ടിക്കുവേണ്ടി ലോഹിതദാസ് സൃഷ്ടിച്ച ഓരോ കഥാപാത്രവും എടുത്തുനോക്കിയാല്‍, à´† സിനിമകള്‍ വീണ്ടും ഒന്നുകണ്ടാല്‍ à´ˆ അഭിപ്രായത്തോട് ആരും യോജിക്കും. à´† മഹാനടന് ഇനിയെന്നാണ് ഇത്തരം മണ്ണിന്റെ മണമുള്ളൊരു കഥാപാത്രത്തെ ലഭിക്കുക എന്നത് ആരാധകര്‍ക്കപ്പുറം നല്ല സിനിമയെ സ്നേഹിക്കുന്ന ഏതൊരാളിന്റെയും മനസ്സില്‍ മുഴങ്ങുന്ന ചോദ്യവുമാണ്.ആര്‍ദ്രവും തീക്ഷ്ണവുമായ മാനവികതയാണ് ലോഹിയുടെ തിരക്കഥകളുടെ ചൈതന്യം. താരപരിവേഷമുള്ള കഥകള്‍ക്കുപകരം താരങ്ങളെ മണ്ണിലേക്കിറക്കിക്കൊണ്ടുവന്ന് അഭിനയത്തിലൂടെ പ്രേക്ഷകമനസ്സിന്റെ ആകാശങ്ങളില്‍ തിളക്കമുള്ള നക്ഷത്രങ്ങളാക്കുന്നതായിരുന്നു à´ˆ സ്റ്റാര്‍മേക്കറുടെ രീതി. വാത്സല്യവും അതിനുദാഹരണമാണ്. മമ്മൂട്ടിയുടെ കഥാപാത്രങ്ങളില്‍ എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന വേഷമാണ് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത മേലേടത്ത് രാഘവന്‍നായര്‍. നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കുകയും തൊണ്ടയിടറിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ മമ്മൂട്ടി കൈയടക്കത്തോടെ അവതരിപ്പിച്ചു.വിധിവശാല്‍ സ്വന്തമായ ഒരു ദൗര്‍ബല്യം ദുരന്തത്തിലേക്കെത്തിക്കുന്ന കഥാപാത്രത്തിന്റെ നിയോഗം അനുഭവിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോഹിതദാസിന്റെ രചനയിലെത്തിയ അമരത്തിലെ അച്ചൂട്ടിയും മൃഗയയിലെ വാറുണ്ണിയും തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷും ഭൂതക്കണ്ണാടിയിലെ വിദ്യാധരനും പാഥേയത്തിലെ ചന്ദ്രദാസുമെല്ലാം ഇതുപോലെത്തന്നെ മമ്മൂട്ടിയിലെ അഭിനയപ്രതിഭയുടെ മാറ്റുരച്ച ചിത്രങ്ങളാണ്.ഏതെങ്കിലും കണ്ടുമറന്ന തറവാട്ട് കാരണവരില്‍നിന്നല്ല ലോഹിതദാസ് മേലേടത്ത് രാഘവന്‍നായരെ വാര്‍ത്തെടുത്തത്. പക്ഷേ, വാത്സല്യം എന്റെ കഥയാണ്, എന്റെ അച്ഛന്റെ കഥയാണ്, എന്റെ കുടുംബത്തിന്റെ കഥയാണ് എന്നൊക്കെ പറഞ്ഞ് സിനിമ ഇറങ്ങിയശേഷം പലരും അദ്ദേഹത്തെ കണ്ടു. à´ˆ സിനിമകണ്ട് പിണക്കം മറന്ന് കുടുംബത്തിലേക്ക് തിരിച്ചുവന്ന ഒരനുജന്റെ കഥയും അദ്ദേഹത്തെ തേടിയെത്തി. 
വാത്സല്യത്തിന്റെ ചില കഥാസന്ദര്‍ഭങ്ങള്‍ ലോഹിതദാസിന്റെ ജീവിതത്തിലും ആവര്‍ത്തിച്ചു എന്നത് യാദൃച്ഛികമാവാം. സ്വന്തമായി ഒരു കൂരയുണ്ടായിരുന്നില്ല ലോഹിയുടെ ബാല്യത്തില്‍. പിന്നെ സിനിമ എല്ലാം നല്‍കി. ആലുവാപ്പുഴയുടെ തീരത്ത് ലോഹി പണിത സ്വപ്ന ഗേഹം ഒടുക്കം സിനിമതന്നെ കൊണ്ടുപോയി.
കസ്തൂരിമാന്‍ തമിഴില്‍ നിര്‍മിക്കുകയും റിലീസിങ് സമയത്ത് ഉണ്ടായ കാലവര്‍ഷത്തില്‍ പടം ഫ്ളോപ്പാവുകയും ഒടുക്കം കടം വീട്ടാന്‍വേണ്ടി ഈ വീട് വില്‍ക്കേണ്ടി വരികയും ചെയ്യുന്നു. സര്‍വം മറന്ന് സ്നേഹിച്ച പലരും പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്തു. അപ്പോഴും ലോഹിതദാസ് എഴുതി. ജീവിതത്തിലെ പരമമായ ആനന്ദം പണമോ സ്വപ്നസൗധങ്ങളോ ഒന്നുമല്ല. നമ്മള്‍ സ്നേഹിക്കപ്പെടുന്നു എന്നുതോന്നുന്ന നിമിഷങ്ങളിലാണ്. നിറഞ്ഞ കണ്ണുകളോടെ പടിപ്പുരയിറങ്ങി പുതിയ വീട്ടിലേക്കുവന്ന ചക്കരയോടും കുഞ്ഞുണ്ണിയോടും വേദനയൂറിയ പുഞ്ചിരിയോടെ സിന്ധു പറഞ്ഞു. നമ്മള്‍ ഇതിലും വലിയ വീട് വയ്ക്കും. എന്നിട്ട് ഊര്‍ജസ്വലത നടിച്ച്‌ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ പുണര്‍ന്നു. നിസ്സഹായമായ ഒരു പുഞ്ചിരിയോടെ ഞാനും അത് ശരിവെച്ചു. പക്ഷേ, എന്റെ കണ്ണുകള്‍ മെല്ലെ നിറഞ്ഞുവരുന്നുണ്ടായിരുന്നു.ഭാഗംവെച്ചപ്പോള്‍ മേലേടത്തെ തറവാട് ഉപേക്ഷിച്ച്‌ രാഘവന്‍നായര്‍ ഇറങ്ങിപ്പോവുമ്ബോഴും ഇതേ വികാരവിചാരങ്ങളായിരുന്നല്ലോ അന്തരീക്ഷത്തില്‍. ജീവിതത്തില്‍ കണ്ടതും കേട്ടതും വായിച്ചറിഞ്ഞതും ഒരുവേള അനുഭവിച്ചതുമായ സന്ധിസന്ദര്‍ഭങ്ങളെ ഉള്ളിലൊരു ആന്തലോടെ കണ്ടുതീര്‍ക്കാനാവുംവിധം പുനരാവിഷ്‌കരിച്ച തിരക്കഥകളായിരുന്നു ലോഹിതദാസിന്റെത്. ആ തിരക്കഥകള്‍ ജീവിതത്തിലേക്കും ഒന്ന് തിരിഞ്ഞുനോക്കിയതുപോലെ...
 കൊച്ചിന്‍ ഹനീഫ ഏഴ് മലയാള ചിത്രങ്ങളും ആറ് തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ, വാത്സല്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല ചിത്രമായി അടയാളപ്പെടുത്തുന്നത്. അമ്മാസിന്റെ ബാനറില്‍ മൂവിബഷീറാണ് ചിത്രം നിര്‍മിച്ചത്. അതിനുപിന്നിലും ഒരു രാഘവന്‍നായര്‍ ടച്ചുണ്ട്. മമ്മൂട്ടിയുടെ ബന്ധുവായ അദ്ദേഹത്തെ സഹായിക്കാനായി മമ്മൂട്ടി നല്‍കിയ ഡേറ്റാണ് വാത്സല്യത്തിന്റെത്. ജൂബിലി ജോയ് ആണ് ചിത്രം അവതരിപ്പിച്ചതും തീയേറ്ററുകളിലെത്തിച്ചതും. അന്ന് അമ്ബതു ലക്ഷത്തിനാണ് ചിത്രം തീര്‍ന്നത്. മമ്മൂട്ടിക്കന്ന് പത്തുലക്ഷമായിരുന്നു പ്രതിഫലം. ''നല്ല ഓര്‍മകളാണ് ചിത്രം തന്നത്. അനങ്ങനടി മലയുടെ താഴ്വാരത്തിലുള്ള ഒരു മനയും വയലുമായിരുന്നു പ്രധാന ലൊക്കേഷന്‍.ആ മനയിലെ കാരണവരുടെ ശവകുടീരംതന്നെയാണ് രാഘവന്‍നായരുടെ അച്ഛന്റെ ശവകുടീരമായി കാണിച്ചതും. ക്ലൈമാക്സ് ഷൂട്ട് ചെയ്തത് നെന്‍മാറയിലെ ഒരു വരണ്ട മണ്ണിലായിരുന്നു. അവിടവും പൊന്നുവിളയിക്കാനൊരുങ്ങുന്ന രാഘവന്‍നായരിലേക്കാണല്ലോ കഥ അവസാനിക്കുന്നത്. രാഘവന്‍നായരുടെ ജീവിതം ഒരു രാമായണം വായനയിലാണ്
തുടങ്ങുന്നത്. രാമായണശീലുകളോടെയാണ് കഥ തീരുന്നതും.'' ജോയ് തോമസ് പറഞ്ഞു. ചിത്രത്തിന്റെ നൂറാംദിവസം ഞങ്ങള്‍ കൊണ്ടാടിയിരുന്നു. തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു പരിപാടി. അന്ന് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരില്‍നിന്ന് ക്ഷണിച്ച നല്ല അഭിപ്രായങ്ങള്‍ക്കായി 25 പവന്‍ സമ്മാനമായി നല്‍കുകയും ചെയ്തു.

Courtesy:Mathrubhoomi

Related News