Loading ...

Home sports

കേരളം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതി; പിന്തുണ തേടി യുവ ക്രിക്കറ്റര്‍

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് കേരളജനത. ആഞ്ഞടിച്ച മഹാപ്രളയത്തില്‍ ദുരിതത്തിലായവരെ സഹായിക്കാനും അവരുടെ കൂടെ എല്ലാ സഹായവും നല്‍കി ഒപ്പം നില്‍ക്കാനും കേരളം മുഴുവന്‍ ശ്രമിക്കുകയാണ്. കായിക ലോകത്തുനിന്നും നിരവധി ക്ലബുകളും താരങ്ങളും കേരളത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നുള്ള ആഹ്വാനവുമായി എത്തിയിരിക്കുകയാണ് യുവ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍.

നേരത്തെ സാമ്ബത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി മുഖമായ സഞ്ജു രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വീട് നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് വേണ്ടിയുള്ള പിന്തുണ തേടിയാണ് യുവതാരം ഫെയ്‌സ്ബുക്കില്‍ എത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമങ്ങളെ കരുത്തുറ്റതാക്കുകയെന്ന ലക്ഷ്യത്തോടൊണ് സഞ്ജു സാംസണ്‍ എത്തിയത്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് സഞ്ജു 15 ലക്ഷം നല്‍കി. ഹൈദരാബാദിലുള്ള സഞ്ജുവിന് വേണ്ടി അച്ഛനും സഹോദരനുമാണ് മുഖ്യമന്ത്രിക്ക് ചെക്ക് നേരിട്ട് കൈമാറിയത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി അധികൃതരും ജീവനക്കാരും ചേര്‍ന്ന് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ സഹായ ഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. നടി നയന്‍താര, നടന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്.

കേരളത്തെ സഹായിക്കാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിച്ച്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി രംഗത്ത് വന്നിരുന്നു. കേരളം കടന്നു പോകുന്ന സാഹചര്യത്തെ കുറിച്ച്‌ എല്ലാവരും മനസിലാക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ കേരളത്തിലെ ജനത ഭയപ്പെടാതെ ഇരിക്കണമെന്നും ഛേത്രി പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷയും സംരക്ഷണവും നല്‍കുന്നുണ്ടെന്നും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കേരളത്തോടായി അഭ്യര്‍ത്ഥിച്ചു. അതേസമയം, കേരളത്തെ കഴിയുന്ന രീതിയില്‍ എല്ലാം സഹായിക്കണമെന്ന് അദേഹം രാജ്യത്തോടായി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ദുരിതാശ്വസ ക്യാംപുകളിലേക്കായി ബെംഗളൂരു എഫ്‌സി പണവും സാമഗ്രികളും സമാഹരിക്കുന്നുണ്ടെന്നും കഴിയുന്നവര്‍ സഹായവുമായെത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പ്രാര്‍ത്ഥന ഒപ്പമുണ്ടെന്നും ജാഗ്രതയോടെ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ ഈ പ്രളയത്തില്‍ നിന്നും കേരളത്തെ നമുക്ക് രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഛേത്രി കേരളത്തിന് പിന്തുണയുമായെത്തിയത്. നേരത്തെ തന്നെ കേരളത്തിലേക്കുള്ള ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ബെംഗളൂരു എഫ്‌സി തുടക്കം കുറിച്ചിരുന്നു. ഇതിനായി ബെംഗളൂരു ശ്രീകണ്ഠീര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ നേതൃത്വത്തിലാണ് കേരളത്തിലേക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണവും മറ്റു വസ്തുക്കളും ശേഖരിക്കുന്നത്. കൂടാതെ, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലി, അംഗമായ ഹര്‍ദ്ദിക്ക് പാണ്ഡ്യ, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങി നിരവധിപേര്‍ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു.

കേരളത്തിന് പിന്തുണയും പ്രാര്‍ത്ഥനയുമായി ഫുട്‌ബോള്‍ ലോകം രംഗത്തെത്തിയിരുന്നു. പ്രമുഖ ക്ലബ്ബുകളായ ബാഴ്‌സലോണ, ലിവര്‍പൂള്‍, ചെല്‍സി, എന്നീ ടീമുകളും സ്പാനിഷ് ലീഗായ ലാ ലീഗയും കേരളത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. ഏറെ സങ്കീര്‍ണമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കേരളത്തിനൊപ്പമുണ്ടെന്നും വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്ന എല്ലാവര്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നുമായിരുന്നു ലാ ലീഗയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും ലാ ലീഗ ആഹ്വാനം ചെയ്യുന്നു. കേരളത്തിനൊപ്പമുണ്ടെന്ന് പ്രീമിയര്‍ ലീഗ് വമ്ബന്മാരായ ചെല്‍സിയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നു. കേരളത്തിന് ഒപ്പമുണ്ടെന്നു പ്രഖാപിച്ച്‌ കൊണ്ടാണ് മറ്റൊരു പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളും രംഗത്തെത്തിയത്. കേരളത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി ക്ലബ്ബിന്റെ കേരളത്തിലെ ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പേജിന്റെ ലിങ്കും ലിവര്‍പൂള്‍ പങ്കുവെച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പിന്തുണയറിക്കുന്നതായി ബാഴ്‌സലോണയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ മാസം കേരളത്തില്‍ ലാ ലീഗ കളിക്കാന്‍ എത്തിയ ജിറോണ എഫ്‌സിയും മെല്‍ബണ്‍ സിറ്റിയും പിന്തുണ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ലോകം പ്രാര്‍ത്ഥനയും പിന്തുണയുമായി രംഗത്തെത്തി.

Related News