Loading ...

Home cinema

മുരളി ഗോപി അഭിമുഖം

ചെറുപ്പത്തില്‍ സിനിമയിലേക്ക് ലഭിച്ച ഓഫര്‍ ഭരത് ഗോപിയുടെ മകന്‍ എന്ന ആനുകൂല്യത്തില്‍ വന്നത് കൊണ്ട് വേണ്ടെന്നുവെച്ചു എന്നൊരിക്കല്‍ മുന്‍പ് പറഞ്ഞ് കേട്ടിട്ടുണ്ട്. അന്ന് ആ തീരുമാനം കൈക്കൊണ്ടത് അച്ഛന്‍ പകര്‍ന്നുതന്ന സ്വാതന്ത്ര്യബോധമോ സ്വയം വളര്‍ത്തിയെടുത്ത തന്റേടമോ?

ഒരിക്കലും ഒരു താരപുത്രനായിട്ടല്ല എന്നെ വളര്‍ത്തിയത്. നടനം എന്നതും കലോപാസന എന്നതും തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന തികഞ്ഞ ബോധ്യം ഉണ്ടാക്കാന്‍ അച്ഛന്‍ ശ്രമിക്കാതെ തന്നെ ശ്രമിച്ചിരുന്നു എന്ന് ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.
അച്ഛനായിരുന്നു ഞങ്ങളുടെയൊക്കെ നായകന്‍. ഞങ്ങള്‍ ഉറ്റുനോക്കിയ കലാകാരന്‍. ഞാന്‍ എന്നെ ഒരു നടനെന്ന രീതിയിലോ കലാകാരന്‍ എന്ന രീതിയിലോ ഒരിക്കലും ചിന്തിച്ചിട്ടേയുണ്ടായിരുന്നില്ല.
1986-ല്‍ സുഖമില്ലാതായി അച്ഛന്‍ വീഴുമ്ബോള്‍ എനിക്ക് 14 വയസ്സ്. അന്നു മുതല്‍ ഞങ്ങളുടെയെല്ലാം ശ്രദ്ധയും പ്രാര്‍ത്ഥനയും അച്ഛന്റെ ആയുസ്സിനും ആരോഗ്യത്തിനും നടനായുള്ള തിരിച്ചുവരവിനും വേണ്ടിയായിരുന്നു.
എനിക്ക് ഒരു നടനാകണം എന്ന ആഗ്രഹമോ ലക്ഷ്യമോ ഇല്ലായിരുന്നു. എന്നാല്‍, സിനിമ എന്ന മാധ്യമത്തേയും കലയേയും കച്ചവടത്തേയും വളരെ സൂക്ഷ്മമായും ഗൗരവത്തോടെയും വീക്ഷിച്ചു പോന്നിരുന്നു.
വലിയ ഒരു നടന്റെ മകനാണ് എന്നത് കൊണ്ടുമാത്രം അഭിയിക്കാന്‍ ക്ഷണിക്കുക എന്നത് തീരെ യുക്തിയില്ലാത്ത ഒരു കാര്യമായി അന്നു തോന്നിയതുകൊണ്ടാവണം അങ്ങനെയൊരു തിരിഞ്ഞുനില്‍പ്പ് സംഭവിച്ചത്.

കുട്ടിക്കാലം ശരിക്ക് പറഞ്ഞാല്‍ രണ്ടായി പകുത്തുമാറ്റപ്പെട്ട ഒരു ജീവിതമായിരുന്നു. ആദ്യപകുതിയില്‍ ലോക സിനിമയുടെ തന്നെ തലത്തിലേക്ക് ഉയര്‍ന്ന പ്രതിഭാധനനായ ഒരു അച്ഛനോടൊപ്പം; രണ്ടാം പകുതിയില്‍ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞു കിടപ്പിലായ അച്ഛനോടൊപ്പം അങ്ങനെയായിരുന്നു ആ കാലം? അതിന്റെ ശേഷിപ്പുകള്‍?

എന്റെ പതിന്നാലാമത്തെ വയസ്സിലാണ് അച്ഛന്‍ പക്ഷാഘാതം വന്നു വീഴുന്നത്. പെട്ടെന്നാണ് ഇരുട്ട് പരന്നത്. പ്രശസ്തി എന്ന നാണയത്തിന്റെ അതുവരെ കാണാത്ത ഒരു ഇരുവശം കണ്ട നാളുകള്‍ ആയിരുന്നു പിന്നീടങ്ങോട്ട്. വലിയ ഉയരങ്ങളില്‍നിന്ന് വലിയ ഗര്‍ത്തങ്ങളിലേക്കുള്ള ദൂരം വെറും നിമിഷങ്ങളാണ് എന്നത് പൊള്ളിക്കുന്ന ഒരു ബോധ്യപ്പെടല്‍ ആയിരുന്നു. വലിയ പാഠങ്ങളും അത് തന്നു.


 
അഭിനയത്തിലും നിലപാടുകളിലും അച്ഛന്‍ മാതൃകയാണോ? അല്ലെങ്കില്‍ വേറെ മാതൃകകള്‍ ഉണ്ടോ?

കലയിലും നിലപാടുകളിലും വീക്ഷണങ്ങളിലും മാതൃകകള്‍ ഉണ്ടാവുന്നു എന്നതാണ് മാനവരാശിയുടെ തന്നെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം. മാതൃകകള്‍ മാറ്റിനിറുത്തി ഇന്‍ഡിജിനിയസ് ആവുമ്ബോഴാണ് കല കലയും നിലപാട് നിലപാടും വീക്ഷണം വീക്ഷണവും ആവുന്നത്.
അച്ഛന്‍ എന്നും എനിക്ക് ഒരു പ്രചോദനമാണ് എന്നു തീര്‍ത്ത് പറയുമ്ബോള്‍ത്തന്നെ അദ്ദേഹം ഒരിക്കലും ഒരു സ്വാധീനം അല്ല എന്നും തീര്‍ത്ത് പറയേണ്ടിവരും.

ആദ്യചിത്രമായ 'രസികന്‍' (2004) ഒരു തരത്തില്‍ ഫാന്‍സ് അസോസിയേഷനുകളുടെ രീതികളും രാഷ്ട്രീയവും ആദിമധ്യാന്തം നിലനിറുത്തിയ ആദ്യത്തെ ചലച്ചിത്രമാണെന്ന് തോന്നുന്നു. ഇന്ന്, താരങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും താരാധിപത്യം ഒരു ജനവിരുദ്ധ പ്രതിലോമ രാഷ്ട്രീയം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമോത്സുക ഫാന്‍സ് അസോസിയേഷനുകള്‍ ഈ പ്രതിഭാസത്തില്‍ നല്‍കുന്ന സംഭാവന വലുതാണ്. രസികന്‍ സിനിമയുടെ സ്രഷ്ടാവ് ഈ വിഷയത്തെ എങ്ങനെ കാണുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്?

ആരാധന, വ്യക്തിപൂജ എന്നൊക്കെയുള്ളത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ത്തന്നെ അലിഞ്ഞു ചേര്‍ത്തിട്ടുള്ള കാര്യമാണ്. ഈ സിനിമയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒരു പ്രതിഭാസവുമല്ല. രാഷ്ട്രീയത്തിലാണ് ഇത് ഏറ്റവും അധികം ഉള്ളത്. 'ഫാന്‍സ്' എന്ന വാക്ക് സിനിമയ്ക്കുളളില്‍ മാത്രം ഉപയോഗിച്ചു പോരുന്നു എന്നത് കൊണ്ടാവണം ഈ പ്രതിഭാസം സിനിമയില്‍ മാത്രമുള്ള ഒന്നാണെന്ന് തെറ്റിദ്ധരിക്കാനുള്ള കാരണം എന്ന് തോന്നുന്നു. ഇവിടുള്ള ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും ഇപ്പോള്‍ വ്യക്തിപൂജയില്‍ അധിഷ്ഠിതമാണ്. അതിലെല്ലാം ഫാന്‍സിനേയും ഫാനാറ്റിക്‌സിനേയും കാണുവാന്‍ സാധിക്കും. സിനിമയില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാവുന്നത് കുറച്ചെങ്കിലും ന്യായീകരിക്കാനാവും. പക്ഷേ, രാഷ്ട്രീയത്തില്‍ അതുണ്ടാകുക എന്നത് ഒരു ജനാധിപത്യത്തിന് ആത്മഹത്യാപരമാണ്. ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കുള്ള ഒരു വലിയ ചാനലാണ് ഈ വ്യക്തിപൂജാരികള്‍.

അപ്പോള്‍ സിനിമയില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കുന്ന ദുരിതത്തെ കുറച്ചുകാണുകയാണോ?

ഒരിക്കലുമല്ല ഫാന്‍ ഫോളോയിംഗ് എന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാളുപോലെയാണ്. ഒരു ഭാഗത്ത്, സിനിമ എന്ന വ്യവസായത്തെ നിലനിര്‍ത്തിപ്പോരുന്ന ഒരു വലിയ ശക്തിയാണ് താരങ്ങളും അവരുടെ ആരാധകവൃന്ദവും. എന്നിരിക്കെത്തന്നെ താരാരാധനയ്ക്ക് ദൂഷ്യവശങ്ങളും ആവോളം ഉണ്ട്. പണ്ടൊക്കെ, എതിര്‍ താരത്തിന്റെ പോസ്റ്റര്‍ കീറുന്നതിലും മറ്റും ഒതുങ്ങി നിന്നിരുന്ന ഒരു കളിയായിരുന്നു ഇതെങ്കില്‍ ഇന്നതിന് വികൃതമായ ഒരു അസുരമുഖം കൈവന്നിരിക്കുന്നു.
താരാരാധനയുടെ ഈ വികൃതമുഖം ഏറ്റവും കൂടുതല്‍ നിഴലിച്ചുകാണുന്നത് സാമൂഹിക മാധ്യമങ്ങളിലാണ്. എതിരഭിപ്രായങ്ങളെ വ്യക്തമായ അഭിപ്രായംകൊണ്ടോ മാന്യമായ മൗനം കൊണ്ടോ നേരിടുന്നതിന് പകരം അസഭ്യവര്‍ഷത്തിലേക്കും ഭീഷണിയിലേക്കും തിരിയുക എന്ന രീതിയിലാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ ഇത്തരം കൊള്ളരുതായ്മകള്‍ കാട്ടുന്നവര്‍ക്ക് കൊടുക്കുന്ന സുരക്ഷിതമായ ഒരു അജ്ഞാതത്വം ഉണ്ട്. അതിന്റെ മറവില്‍ പതുങ്ങിനിന്നാണ് ഈ ഒളിയമ്ബുകള്‍ എയ്യുന്നത് എന്നു മനസ്സിലാക്കുമ്ബോഴാണ് ഇതിലെ ഭീരുത്വം നമ്മള്‍ അറിയുന്നത്.
ഭക്തന്റേയും ഭക്തിയുടേയും നാടായിരിക്കുമ്ബോള്‍ത്തന്നെ ഭാരതം മതാന്ധതയുടേയും മതതീവ്രവാദത്തിന്റേയും നാടും കൂടിയാണ്. ഇത് മറ്റെല്ലാ മേഖലയിലും പ്രതിഫലിക്കുന്നത് പോലെ സിനിമയിലും പ്രതിഫലിക്കുന്നുണ്ട്.

താങ്കളുടെ വൊക്കാബുലറി ഒരു ഇടത് മനസ്സാണ് താങ്കള്‍ക്ക് എന്ന് തോന്നിപ്പിക്കുന്നു. പക്ഷേ, ഒരു പ്രോ-ഹിന്ദു നിലപാടുള്ളയാളാണ് താങ്കള്‍ എന്ന് പറയുന്നവരുണ്ടല്ലോ?

പൊതുതാല്‍പ്പര്യം, പൊതുലക്ഷ്യം എന്നതിനൊക്കെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഡബ്ല്യു.ഡബ്ല്യു.എഫിലെ കള്ള ഗുസ്തിപോലെയായി മാറിയിരിക്കുന്നു മാധ്യമപ്രവര്‍ത്തനം പോലും. ഇന്നത്തെ പ്രൈം അവറില്‍ ജയിക്കുന്നവന്‍ നാളത്തെ പ്രൈം അവറില്‍ മരിച്ചുവീഴുന്നു. മറ്റെന്നാള്‍ അവന്‍ പുനര്‍ജ്ജനിക്കുകയും ജയിക്കുകയും ചെയ്യുന്നു. ഈ വ്യക്തിഹത്യയും പുനര്‍നിര്‍മ്മിതിയും ഒക്കെ വ്യക്തിപരമായ ഹിഡന്‍ അജന്‍ഡയോട് കൂടിയുള്ളതാണ് എന്നു മനസ്സിലാവുമ്ബോഴാണ് നോവുന്നത്.
ഓരോ മാധ്യമശാലയും ഓരോരോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കുടപിടിക്കുന്നു ഇപ്പോള്‍. പണ്ടും ഇതുണ്ടായിരുന്നു. പക്ഷെ, പണ്ടൊക്കെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് 'ജയ്' വിളിക്കാന്‍ മാധ്യമ ബുദ്ധിജീവികളുടെ ഇടയില്‍ 'ബ്രാന്‍ഡ് അംബാസഡേഴ്‌സ്' ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ബ്രാന്‍ഡിംഗ് അംബാസഡേഴ്‌സ് ആയി മാറി എന്നു മാത്രം.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ എന്നു മുതല്‍ മലയാളിയുടെ ശ്രദ്ധയ്ക്ക് പാത്രമായോ അന്നു മുതലാണ് എന്നെ ഒരു വലതുപക്ഷക്കാരനായി ചിത്രീകരിക്കാനുള്ള തത്രപ്പാടിന്റേയും തുടക്കം. നീ നമ്മുടെ ആള്‍ അല്ലെങ്കില്‍ നീ തീര്‍ച്ചയായും അവരുടെ ആളാണ്, എന്ന മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ഏറ്റവും പഴഞ്ചന്‍ ആക്രമണസൂക്തതയാണ് ഇതിനു പിന്നിലെ കാരണം. അത് ഉരുവിട്ടുകൊണ്ടിരുന്നാലേ അവര്‍ക്ക് പിഴച്ച്‌ പോകാനാകൂ. അവരത് ചെയ്ത് പിഴയ്ക്കുന്നു. എനിക്ക് ഒരു പരിഭവവും ഇല്ലതാനും.


 
അങ്ങനെയാണെങ്കില്‍, എന്താണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് രാഷ്ട്രീയം?

ഇവിടെ ഒരു വലത്പക്ഷം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം പക്ഷേ, ഇവിടെ ഒരു ഇടത് പക്ഷം ഇപ്പോള്‍ ഇല്ല എന്ന് ആര്‍ക്കും അറിയില്ല. അറിയുമെങ്കില്‍ത്തന്നെ അതാരും തുറന്നു പറയുന്നില്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അത് തുറന്നു പറഞ്ഞ സിനിമയാണ്. ഒരിക്കലും തളരാത്ത, സന്ധി ചെയ്യാത്ത ഒരു ഇന്ത്യന്‍ ഇടതുപക്ഷം ഉണ്ടാവേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്നും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പറയുന്നുണ്ട്. ആ സിനിമയ്ക്ക് ഒരു രാഷ്ട്രീയം ഉണ്ടെങ്കില്‍, ഇതാണ് ആ രാഷ്ട്രീയം.

എന്താണ് താങ്കളുടെ രാഷ്ട്രീയം?

ഒരു കലാകാരന്‍, അവന് ആവുന്നിടത്തോളം കാലം കഴിയുന്നത്ര സത്യസന്ധമായി സന്ധിയില്ലാതെ, കലാകാരനായിത്തന്നെ തുടരാന്‍ ശ്രമിക്കുക. അത് മാത്രമാണ് അവന്റെ രാഷ്ട്രീയം. എന്റെ രാഷ്ട്രീയവും അതുതന്നെ. ഇതു കാരണം ഒരുപാട് നഷ്ടങ്ങള്‍ സഹിക്കേണ്ടതായും വരും. പല വേദികളിലും മാറ്റിനിറുത്തപ്പെടും. പല തട്ടകങ്ങളും നിഷിദ്ധമാക്കപ്പെടും, തൊട്ടുകൂടാത്തവനായും മുദ്രകുത്തപ്പെട്ടേക്കാം; എന്നാലും ഇങ്ങനെ ജീവിക്കുന്നതില്‍ ഒരു സുഖമുള്ളിടത്തോളം കാലം ഇങ്ങനെ തുടരും.

ടിയാന്‍ എന്ന താങ്കളുടെ സിനിമയിലും പ്രൊ-ഹിന്ദുയിസം ആരോപണം ഉന്നയിക്കുന്നുണ്ട് താങ്കളുടെ വിമര്‍ശകര്‍?

അത് ഒന്നുകില്‍ ശുദ്ധ വിവരമില്ലായ്മകൊണ്ടാവാം അതല്ലെങ്കില്‍ 'യജമാനന്‍ പറഞ്ഞ് പഠിപ്പിച്ചത്, അടിയന്‍ ഓതി മരിക്കുന്നു' എന്നതുകൊണ്ടാവാം. അതുമല്ലെങ്കില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു ബ്രാന്‍ഡിംഗ് ഗെയിം ഭാവവുമാവാം.
ടിയാന്‍ ഒരു പ്രൊ-ഹിന്ദുത്വ സിനിമ അല്ലെന്ന് മാത്രമല്ല, ഹിന്ദുത്വ എന്ന രാഷ്ട്രീയ അടവിനെ ശിഥിലീകരണം ചെയ്യുന്ന സിനിമ കൂടിയാണ്. ഇതു നന്നായി മനസ്സിലാക്കുന്നവര്‍ ഈ വിമര്‍ശകര്‍ക്കിടയിലും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, നേരത്തെ പറഞ്ഞത്‌പോലെ അവര്‍ക്കത് കണ്ടില്ലെന്ന് നടിക്കാനേ സാധിക്കൂ. കാരണം, ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാവുക എന്നു പറഞ്ഞാല്‍ത്തന്നെ അതിന്റെ അര്‍ത്ഥം സ്വതന്ത്ര ചിന്ത അടിയറവ് വയ്ക്കുന്നു എന്നതാണല്ലോ.
ടിയാന്‍ എന്ന സിനിമ ചെയ്യുന്നത് മതത്തിന്റെ മതിലിനുള്ളില്‍നിന്നുകൊണ്ട്തന്നെ മതതീവ്രവാദത്തിനെ നോക്കിക്കാണുക എന്നതാണ്. ഈ ചെയ്യുന്നതിന്റെ പ്രസക്തി എന്താണ് എന്നു കപട ഇടത് ചിന്തകര്‍ക്ക് ഒരിക്കലും മനസ്സിലാകാന്‍ വഴിയില്ല. മതതീവ്രവാദത്തെ മതത്തിന് വെളിയില്‍നിന്നുകൊണ്ട് തോല്‍പ്പിക്കാന്‍ ശ്രമിച്ച്‌ തോറ്റുപോവുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കിയവര്‍ക്കേ മേല്‍പ്പറഞ്ഞതും മനസ്സിലാവൂ. മേല്‍പ്പടിയാനേയും മനസ്സിലാവൂ.

മാര്‍ക്‌സിസത്തെ അതിന്റെ പ്രയോക്താക്കള്‍ തന്നെ മറ്റൊരു വിശ്വാസംപോലെ രൂപപ്പെടുത്തുന്നു എന്ന താങ്കള്‍ അഭിപ്രായപ്പെട്ട് കണ്ടു. ഒന്നു വിശദീകരിക്കാമോ?

നോക്കൂ, ഓരോ മതവും ജനിക്കുന്നത് അതതു കാലങ്ങളിലെ അനീതികള്‍ക്കും അക്രമത്തിനും അന്യായത്തിനും എതിരെയാണ്. അസാമാന്യ പ്രഹരശേഷിയുള്ള സത്യത്തിന്റെ ഒരു സ്വര്‍ണ്ണവാളുമായാണ് ഓരോ പ്രവാചകനും ജന്മമെടുത്തിട്ടുള്ളത്. അങ്ങനെ ഒരു പ്രവാചകന്‍ തന്നെയാണ് മാര്‍ക്‌സും പക്ഷേ, ഒരു മഹാന്‍ മരിച്ച്‌ തൊട്ടടുത്ത ദിവസം തൊട്ട് അവനെ ദിവ്യനും ക്രമേണ ദൈവവും ആക്കി മാറ്റുക എന്നതാണ് ഭൂമിയിലെ നാട്ടുനടപ്പ്. അവര്‍ പറഞ്ഞ മഹദ് വചനങ്ങളെ മതവും ആക്കി മാറ്റും. കാലം കഴിയുന്തോറും മതം വളരുകയും മഹാന്മാര്‍ മഹാദൈവങ്ങളാവുകയും ചെയ്യും. പ്രസ്ഥാനങ്ങളുണ്ടാവും, ആരാധനാലയങ്ങള്‍ ഉണ്ടാകും, കമ്മിറ്റികള്‍ ഉണ്ടാകും, അങ്ങനെ പ്രഖ്യാപിത മതങ്ങളെ ചെറുക്കാനും തോല്‍പ്പിക്കാനും വേണ്ടി ഉണ്ടായ തത്ത്വസംഹിതകള്‍ വേദപുസ്തകങ്ങളായി മാറും... പുസ്തകത്തില്‍ പറഞ്ഞതിനെക്കാള്‍ പുസ്തകം വിലപ്പെട്ടതായി മാറും. ഈ അനശ്വര പ്രതിഭാസം മാര്‍ക്‌സിസത്തിനും കമ്മ്യൂണിസത്തിനും സംഭവിച്ചു എന്നേ ഞാന്‍ പറഞ്ഞുള്ളു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംബന്ധിച്ച സംവാദത്തില്‍ താങ്കളുടെ ലീഡ് ആണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ. ഒരു സമ്ബൂര്‍ണ്ണ രാഷ്ട്രീയ സിനിമയായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ ജനനം എങ്ങനെയായിരുന്നു?

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെക്കുറിച്ച്‌ ആദ്യം ഞാനാലോചിച്ചു തുടങ്ങുന്നതു ചുവപ്പ് എന്ന നിറത്തെ എങ്ങനെയൊക്കെ ഏതെല്ലാം കോണില്‍നിന്നു നോക്കിക്കാണാം എന്ന ചിന്തയില്‍ നിന്നാണ്. ചരിത്രപരമായിത്തന്നെ പറഞ്ഞാല്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ ഉലകനിറം ആക്കുന്നതിനു മുന്‍പേ ചുവപ്പിന് ഒരു രാഷ്ട്രീയ നിറമുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റേയും ഇംപീരിയല്‍ ചൈനയുടേയും ഒക്കെ നിറമായിരുന്നു ചുവപ്പ്. വൈകാരികമായ ഭൂമിയില്‍, പ്രണയത്തിനും കാമത്തിനും കോപത്തിനും പ്രതികാരത്തിനും ഒക്കെ ഒരേപോലെ അവകാശപ്പെടാവുന്ന ഒരു നിറമാണ് ചുവപ്പ്. ഈ വിവിധ ചുവപ്പുകളെ ഒരു ആഖ്യാന പ്രതലത്തില്‍ കൊണ്ടുവരികയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചെയ്തത്. അതിലെ ഓരോ കഥാപാത്രവും പ്രതിനിധാനം ചെയ്യുന്നത് ഓരോ തരം ചുവപ്പാണ്.


 
'കമ്മാരസംഭവം' എന്ന ചിത്രത്തില്‍ ചരിത്രത്തേയും ചരിത്രാധിഷ്ഠിത ആത്മകഥകളേയും പരിഹസിച്ചു കാണുന്നു?

വിജയിച്ചവര്‍ കൂടിയിരുന്ന് തുന്നിക്കെട്ടിയ കള്ളങ്ങളുടെ കടലാസുകെട്ടാണ് ചരിത്രം എന്ന പ്രസിദ്ധമായ നെപ്പോളിയന്‍ വാക്യത്തില്‍നിന്നാണ് 'കമ്മാരസംഭവം' തുടങ്ങുന്നതു തന്നെ. പുതിയ കാലങ്ങളില്‍ സിനിമപോലുള്ള പോപ്പുലര്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച്‌ എങ്ങനെ നമ്മുടെ നാട്ടിലെ വിജയികള്‍ ഇതു ചെയ്തുകൊണ്ടേയിരിക്കുന്നു എന്നു കാട്ടുന്ന സിനിമയാണ് അത്.
സിനിമ എന്ന മാധ്യമത്തെ ഒരു വാഹനമാക്കി രാഷ്ട്രീയ സ്ഥാനലബ്ധിക്കായി ഓടിയെത്തുന്ന ഒരു വലിയ വിഭാഗം ഉണ്ടല്ലോ ഈ രാജ്യത്ത്; അവര്‍ക്ക് സമര്‍പ്പിതമാണ് ആ സിനിമ.
അതുപോലെതന്നെ ബയോപ്പിക്ഷകയിലൂടെ ലോകസിനിമയില്‍ത്തന്നെ നടക്കുന്ന ചരിത്രപരമായ കബളിപ്പിക്കലുകളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് കമാരസംഭവം.

ലോക സിനിമയെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഒരു കലാകാരന്‍ എന്ന നിലയ്ക്ക് ചോദിക്കുകയാണ്; അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന സിനിമകളുണ്ടോ ഇപ്പോള്‍ മലയാളത്തില്‍?

അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാട്ടാവുന്ന സിനിമകള്‍ ഉണ്ടാവണമെങ്കില്‍ ഇന്‍ഹിബിഷന്‍ ഇല്ലാതെ, വിലക്കുകള്‍ ഇല്ലാതെ സിനിമ എടുക്കാനുള്ള ഒരു സാഹചര്യം ഇവിടെ ഉണ്ടാകണം. ഉദാഹരണത്തിന് ഒരു അഞ്ച് സമകാലീന ലോക ക്ലാസ്സിക്കുകള്‍ എടുത്തശേഷം ഇത് ഇവിടത്തെ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ നിരത്തിവച്ച്‌ നോക്കുന്നു. അതൊക്കെ പത്ത് മിനിറ്റോ അതില്‍ കുറവോ ദൈര്‍ഘ്യമുള്ള സിനിമകളായി മാറ്റുന്നത് കാണാനാകും. അങ്ങനെ ആ കടമ്ബ കടന്നു കിട്ടിയാല്‍, പിന്നെ സിനിമകളുടെ മേല്‍ ചാടിവീണ് ആ പേരില്‍ കിട്ടുന്ന അല്‍പ്പം പ്രശസ്തി നുണയാന്‍ തയ്യാറായി നില്‍ക്കുന്ന പ്രസ്ഥാനങ്ങളുടെ ഊഴമായി. ബാന്‍ ചെയ്യുക എന്നത് ഇപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയക്കളിയായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. വല്ലപ്പോഴും ആണെങ്കില്‍ക്കൂടി കോടതി ഇടപെട്ട് ഇതു തടയാന്‍ നോക്കിയാല്‍ ഭീഷണിയായി, ബന്ദായി, ബസ് കത്തിക്കലായി പറയൂ, ഇത്തരം ഒരു അവസ്ഥയില്‍ എങ്ങനെയാണ് ക്രിയേറ്റീവ് ആവാന്‍ സാധിക്കുക. എന്നിട്ടും ഈ പ്രതിബന്ധങ്ങളെയൊക്കെ ജയിച്ച്‌ ഉണ്ടാവുന്നു എന്നുതന്നെയാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നു പറയുമ്ബോള്‍ത്തന്നെ അത് എങ്ങനെയാണ് സംരക്ഷിക്കേണ്ടത് എന്നു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച്‌ ജനക്കൂട്ടങ്ങള്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥയില്‍?

ശരിക്ക് പറഞ്ഞാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കാണുക എന്നത് ഇടതുപക്ഷത്തിന്റെ പ്രഥമമായ ജോലികളില്‍ ഒന്നാണ്. പക്ഷേ, യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ അഭാവത്തില്‍ അത് പ്രതീക്ഷിക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. കലാകാരന്മാരുടെ ഒരു കൂട്ടായ്മയ്ക്ക് ചിലത് ചെയ്യാനാകുമെന്നും കരുതുക വയ്യ. കാരണം എല്ലാ പുതിയ നീക്കങ്ങളേയും കാഡറിന്റെ നുഴഞ്ഞ് കയറ്റത്തിലൂടെ തകര്‍ത്തെറിയുക എന്ന നയമാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇപ്പോള്‍ സ്വീകരിച്ച്‌ പോകുന്നത് എന്ന് തോന്നുന്നു. കേന്ദ്രത്തില്‍ തികഞ്ഞ വലത് പക്ഷം ഭരിക്കുമ്ബോള്‍ കേരളത്തില്‍ ഇടത്പക്ഷം എന്ന് പറഞ്ഞ് നടക്കുന്ന വലതുപക്ഷം ഭരിക്കുന്നു. തങ്ങള്‍ക്ക് തിണ്ണമിടുക്ക് കാട്ടാന്‍ സൗകര്യമുള്ള പ്രദേശങ്ങളില്‍ തങ്ങള്‍ക്കനുകൂലമായ കലയേയും കലാകാരനേയും ഇവര്‍ വാഴ്ത്തുന്നു. അല്ലാത്ത എന്തിനേയും തഴയുന്നു. അത്രയേ ഒള്ളൂ. ഇത്തരത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ എങ്ങനെ സംരക്ഷിക്കണം എന്നു ചോദിച്ചാല്‍ അന്തംവിട്ട് നില്‍ക്കാനേ സാധിക്കൂ.

ഒരു ചെറുകഥാകൃത്തു കൂടിയാണ് താങ്കള്‍. താങ്കളുടെ പല കഥകളിലും പ്രത്യക്ഷമായും പരോക്ഷമായും ബുദ്ധിജീവി ഒരു കഥാപാത്രമായി വരുന്നുണ്ട്. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് താങ്കളുടെ ചെറുകഥാ സമാഹാരത്തിന്റെ മൂന്നാം പതിപ്പില്‍ ആമുഖമായി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കിട്ടാവുന്നിടത്തെല്ലാം ബുദ്ധിജീവി ജാഡകളെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. താങ്കള്‍ ഒന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ കേരളത്തില്‍ ഇന്നു ബുദ്ധിജീവി വര്‍ഗ്ഗം ഇല്ലാതായിരിക്കുന്നു. വംശമറ്റ് പോയിരിക്കുന്നു എന്നു തോന്നും. സാംസ്‌കാരിക നായകന്മാര്‍ തന്നെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും വാലായി മാറിയിട്ടുണ്ട്. ബൗദ്ധികവും ധിഷണാപരവുമായ പ്രതിഭയുള്ള ബുദ്ധിജീവി വര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. അതൊരു കുറവല്ലേ?

ബുദ്ധിജീവി എന്ന വാക്കില്‍ത്തന്നെ ഒരു കളിയാക്കല്‍ ഒളിഞ്ഞിരിപ്പുള്ളതായി കാണാം. ആ വാക്കുപയോഗിച്ച്‌ വലിയ ചിന്തകരെ അഭിസംബോധന ചെയ്യാന്‍ ഞാനൊരുക്കമല്ല. മനോരഥം എന്നൊരു രഥമില്ലാത്തപോലെ ബുദ്ധിജീവി എന്നൊരു ജീവിയും ഇല്ല. ചിന്തകര്‍ ഉണ്ട്, ചിന്തകരായി നടിക്കുന്നവരും ഉണ്ട്. എന്റെ അഭിപ്രായത്തില്‍ മലയാളത്തിന്റെ അവസാനത്തെ റിയല്‍ ചിന്തകന്‍ എം.എന്‍. വിജയന്‍ മാഷായിരുന്നു. വാക്കിന്റെ വില എന്തെന്നും മൗനത്തിന്റെ വില എന്തെന്നും പറഞ്ഞ വാക്കുകളിലൂടെ പറയാത്ത വാക്കുകളിലൂടെ പഠിപ്പിച്ചു തന്നിട്ട് മണ്‍മറഞ്ഞ ഒരു മഹാഗുരുവുമായിരുന്നു. അദ്ദേഹം; അദ്ദേഹത്തെപ്പോലുള്ളവരുടെ അഭാവം ശരിക്ക് അനുഭവപ്പെടുന്നത് ഇപ്പോള്‍.



താങ്കള്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍ ആരൊക്കെയാണ്?

മലയാളത്തില്‍ എസ്.കെ. പൊറ്റക്കാട്, പി.പത്മരാജന്‍, എം.സുകുമാരന്‍, ഇംഗ്ലീഷില്‍ വില്യം ഡാല്‍റിംപിള്‍, ബിന്‍ ബ്രൈസണ്‍ അങ്ങനെ ഒരുപാട് പേരുണ്ട്. നോണ്‍-ഫിക്ഷന്‍ വായിക്കാനാണ് കൂടുതല്‍ ഇഷ്ടം.

ഒരു പ്രമുഖ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ദിനപത്രം പോലും വായിക്കാത്തവരാണ് മുഖ്യധാരാ സിനിമക്കാര്‍ എന്നാണ് ബുദ്ധിപരമായ ഒരു സംവാദത്തിനും ശേഷിയില്ലാത്തവരാണ് എന്ന്. സിനിമയിലെ ബൗദ്ധിക ഇടം കുറഞ്ഞ് പലതരം കോമാളിത്തരങ്ങളില്‍ കുടുങ്ങി ചിന്തയുടെ മണ്ഡലത്തില്‍നിന്നു പൂര്‍ണ്ണമായും തെന്നിമാറുമോ സിനിമ?

അങ്ങനെ പറയാന്‍ ഞാനാളല്ല. ബുദ്ധിപരമായ സംവാദത്തിന് ഇപ്പോഴത്തെ നിലവിലുള്ള വാര്‍ത്താപത്രങ്ങള്‍ വായിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണമെന്നും കരുതുക വയ്യ.


 
നിലവിലുള്ള മലയാള സിനിമയില്‍ ഏറ്റവും പ്രസക്തവും അനിവാര്യവുമായ ഒരു ചോദ്യത്തിലേക്ക്- ആര്‍ക്കൊപ്പമാണ് താങ്കള്‍ ഇരയ്ക്കൊപ്പമോ നടനൊപ്പമോ?

ഞാന്‍ ന്യായത്തിനൊപ്പമാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസാണ് അത്. ഇതൊരു ബ്രസീല്‍ Vs അര്‍ജന്റീന കളിയൊന്നുമല്ല സൈഡുചേരാന്‍. അതിദാരുണമായ ഒരു കുറ്റകൃത്യമാണ് നടന്നത്. അതിലെ സത്യം അറിയുന്നത് വരെ കാത്തുനില്‍ക്കാനേ തരമുള്ളൂ. അല്ലാതെ ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനോ ഗാലറിയില്‍ ഇരുന്ന് കയ്യടിക്കാനോ കൂവാനോ ഞാനില്ല.

കമലിന്റെ ആമിയില്‍ മാധവദാസിനെ ഉള്‍ക്കൊണ്ട താങ്കളുടെ അഭിനയം പ്രശംസ പിടിച്ചുപറ്റിയിരുന്നു. സിനിമ വേണ്ടവിധം വിജയിച്ചതായി പറയാമോ? എവിടെയായിരുന്നു അതിന്റെ പരിമിതികള്‍?

മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാ സുരയ്യ ഒരു സ്വപ്നം പോലെ ജനിച്ച്‌, ജീവിച്ച്‌ മരിച്ച ഒരു പ്രതിഭാസമായിരുന്നു. ആ പ്രതിഭാസത്തെ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ചലച്ചിത്രത്തില്‍ ആവാഹിക്കുന്നു എന്നതു തികച്ചും അസാദ്ധ്യമായ ഒന്നാണ് എന്നു ഞാന്‍ പറയും. തീവ്രമായ വാഞ്ഛയോടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ചില്ലകള്‍ ഓരോന്നായി പറന്നുകയറിയ ഒരു പാവയായിരുന്നു അവര്‍. ഒരു തുറന്നെഴുത്തിനല്ലാതെ അവരെ ഉള്‍ക്കൊളളുക പ്രയാസമാണ്. മലയാളത്തില്‍ അത് സാദ്ധ്യവുമല്ല, കാരണം നമ്മള്‍ അതിഭീകരമായ റിപ്രഷനില്‍ ജീവിക്കുന്ന ഒരു സമൂഹമാണ്. ഇതൊക്കെ മനസ്സില്‍ വച്ച്‌ ചിന്തിച്ചാല്‍ ആമി മലയാളത്തില്‍ സാദ്ധ്യമായ മാധവിക്കുട്ടിയെപ്പറ്റിയുള്ള ഒരു നല്ല ആദ്യ ചിത്രമാണ് എന്നു പറഞ്ഞു നിറുത്താം.

കമല്‍ ഹാസനും രജനികാന്തും ഒക്കെ തമിഴ്നാട്ടില്‍ വ്യക്തമായ രാഷ്ട്രീയം ഉന്നയിച്ചുകഴിഞ്ഞു. മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നേരിട്ടും അല്ലാതെയും അവര്‍ ഇടപെടുന്നു. വേഷപ്പകര്‍ച്ചകള്‍ ഇല്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നു. പൊളിറ്റിസൈഡ്സ് സിനിമയുടേയും സിനെ മാറ്റിത്ത് പൊളിറ്റിക്‌സിന്റേയും ഇടമാണ് അവിടമെന്നറിയാം എങ്കിലും ചോദിക്കുകയാണ്. ഇത്തരം സുതാര്യമായ രാഷ്ട്രീയ ജീവിതം മലയാളത്തിലെ താരങ്ങള്‍ക്ക് സാദ്ധ്യമാണോ?

വളരെ സിംപ്ലിസ്റ്റിക്കായ ഒരു വീക്ഷണമാണ് ഇത് എന്നാണ് എന്റെ അഭിപ്രായം. ഇതിനൊരു ഉത്തരം എന്റെ പക്കല്‍ ഇല്ല. കുറച്ച്‌ മറുചോദ്യങ്ങളേ ഉള്ളൂ. കമല്‍ ഹാസനും രജനീകാന്തും വ്യക്തമായ രാഷ്ട്രീയം ഉന്നയിച്ചുകഴിഞ്ഞു എന്ന് താങ്കള്‍ പറയുന്നു. ഉന്നയിച്ചുകഴിഞ്ഞോ എന്ന് ഞാന്‍ ചോദിക്കും. വേഷപ്പകര്‍ച്ചകളില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് അവര്‍ ഇറങ്ങിച്ചെല്ലുന്നു എന്നു താങ്കള്‍ പറയുന്നു. അങ്ങനെ ഇറങ്ങിച്ചെല്ലുന്നുണ്ടോ എന്ന് ഞാന്‍ ചോദിക്കും. സുതാര്യമായ രാഷ്ട്രീയം ആണ് ഇതെന്നും താങ്കള്‍ പറയുന്നു. അങ്ങനെയൊന്ന് ഇക്കാലത്ത് ഉണ്ടോ എന്നും ഞാന്‍ ചോദിക്കും.

COURTESY: (സമകാലിക മലയാളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Related News