Loading ...

Home sports

സഞ്ജു സാംസൺ തകർത്തു; ഇന്ത്യ എയ്ക്ക് ഉജ്വല ജയം

ബെംഗളൂരു∙ ബംഗ്ലദേശ് എ ടീമിനെതിരായ ആദ്യ ഏകദിന മൽസരത്തിൽ ഇന്ത്യ എ ടീമിന് 96 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ ടീം മലയാളി താരം സഞ്ജു സാംസണുൾപ്പെടെ നാലു താരങ്ങൾ നേടിയ അർധസെഞ്ചുറികളുടെ മികവിൽ നിശ്ചിത 50 ഓവറിൽ 322 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് എ ടീം 42.3 ഓവറിൽ 226 റൺസിന് പുറത്തായി. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.അഞ്ചുവിക്കറ്റുകൾ നഷ്ടമായ ശേഷം ആറാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത് മൽസരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച ബംഗ്ലദേശിന്റെ അവസാന അ‍ഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയ ഗുർകീരത് സിങ്ങാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്. നേരത്തെ, ബാറ്റിങ്ങിലും തിളങ്ങിയ ഗുർകീരത് 58 പന്തിൽ 65 റൺസും നേടിയിരുന്നു. 73 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ മായങ്ക് അഗർവാൾ (56), സഞ്ജു വി. സാംസൺ (73), ഗുർകീരത് സിങ് (65) റിഷി ധവാൻ (പുറത്താകാതെ 56) എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിൽ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് എടുത്തത്. അതേസമയം, മൽസര പരിചയത്തിനായി കളത്തിലിറങ്ങിയ സീനിയർ ടീം അംഗം സുരേഷ് റെയ്ന 28 പന്തിൽ 16 റൺസ് എടുത്ത് പുറത്തായി. ഉൻമുക്ത് ചന്ദ് (16), മനീഷ് പാണ്ഡെ (1), കേദാർ യാദവ് (0), കരൺ ശർമ (പുറത്താകാതെ 11) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.322 റൺസ് ലക്ഷ്യവുമായിറങ്ങിയ ബംഗ്ലദേശ് എ ടീമിന് തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റു. 87 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി പരാജയത്തിലേക്ക് നീങ്ങിയ ബംഗ്ലദേശിനെ ആറാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് (120) തീർത്ത് ലിറ്റൺ ദാസ്-നാസിർ ഹുസൈൻ സഖ്യം കരകയറ്റാൻ ശ്രമിച്ചെങ്കിലും ഗുർകീരത് സിങ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ കളിമാറി. 20 റൺസിനിടെ അവസാന അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ഗുർകീരത് സിങ് സീനിയർ ടീമിലെ താരങ്ങളുമായെത്തിയ ബംഗ്ലദേശ് എ ടീമിനെ പരാജയത്തിലേക്ക് തള്ളിയിട്ടു. ഇന്ത്യ എയ്ക്കായി ശ്രീനാഥ് അരവിന്ദ് മൂന്നും റിഷി ധവാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Related News