Loading ...

Home cinema

പ്രവാചകനെക്കുറിച്ചുള്ള ചിത്രം: പിന്തുണയുമായി ഇറാനും

ന്യൂഡൽഹി∙ മുഹമ്മദ് നബി പ്രവാചകനെക്കുറിച്ചുള്ള ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുമ്പോൾ പ്രമുഖ മുസ്‌ലിം രാജ്യമായ ഇറാൻ സിനിമയെ അനൂകൂലിച്ചു രംഗത്ത്. ന്യൂഡൽഹിയിലെ ഇറാനിയൻ എംബസ്സിയാണ് ചിത്രത്തിന് അനുകൂല നിലപാടുമായി രംഗത്തുവന്നത്. ഇസ്‌ലാമിക മൂല്യങ്ങളെ ചിത്രം അപമാനിക്കുന്നില്ലെന്ന് എംബസ്സി വ്യക്തമാക്കി.ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച എ.ആർ.റഹ്മാനെതിരെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്‌ലിം സംഘടന ഫത്‌വ പുറപ്പെടുവിച്ചിരുന്നു. സംഗീതം നൽകിയത് ഉറച്ച വിശ്വാസത്തിന്റെ പുറത്താണെന്നും ഇസ്‌ലാമിനെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും റഹ്മാൻ ഇന്നലെ വിശദീകരിച്ചിരുന്നു. കൂടാതെ ഒരു വിഭാഗം ഇസ്‌ലാം മതപ‍ണ്ഡിതന്മാർ ഫത്‌വയ്ക്കെതിരെ രംഗത്തുവന്നിരുന്നു.

മജീദ് മജീദി സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ചു കണ്ടതിനു ശേഷമേ അഭിപ്രായം പറയാവൂയെന്നും അല്ലാതെ ചെയ്യുന്നതു തെറ്റാണെന്നും യുക്തിയല്ലെന്നും എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ രാജ്യം ഇസ്‌ലാമിനെ പ്രതിരോധിക്കുന്ന നടപടികളാണ് ആദ്യം മുതൽ കൈക്കൊണ്ടിരുന്നത്. ഇസ്‌ലാമിക മൂല്യങ്ങൾക്കു ഒരു അപമാനവും ചിത്രം വരുത്തുന്നില്ല, എംബസ്സി വ്യക്തമാക്കി.അതേസമയം, താനോ, ഫത്‌വ പുറപ്പെടുവിച്ച മുഫ്തി മഹ്മൂദ് അഖത്രൂൽ ഖദ്രിയോ ചിത്രം കണ്ടിട്ടില്ലെന്ന് റാസ അക്കാദമിയുടെ ജനറൽ സെക്രട്ടറി സയീദ് നൂറി അറിയിച്ചു.ചിത്രത്തിൽ പ്രവാചകനായി അഭിനയിക്കുന്ന കുട്ടിയുടെ മുഖം കാണിക്കുന്നില്ല. ഇസ്‌ലാം എന്താണെന്നു മനസ്സിലാക്കാൻ ക്ഷണിക്കുക (ദവാ) എന്നത് എല്ലാ മുസ്‌ലിംകളുടെയും കടമയാണ്. ഇക്കാര്യത്തിൽ ചിത്രത്തിനു പ്രധാന പങ്കു വഹിക്കാനുകമെന്നും ഡൽഹിയിലെ പ്രധാന ഇസ്‌ലാമിക പണ്ഡിതൻ മൗലാന വാഹിദുദ്ദീൻ ഖാൻ അറിയിച്ചു.ഫത്‌വകൾ ഇറക്കുന്നതിനു മുൻപ് പുരോഹിതന്മാർ അതീവ ശ്രദ്ധാലുക്കളാകണമെന്ന് ദേശീയ മുസ്‌ലിം വ്യക്തിനിയമ ബോർഡ് സെക്രട്ടറി മൗലന സഹീർ അബ്ബാസ് റിസ്‌വി പറഞ്ഞു. ബാലിശമായ കാര്യങ്ങൾക്കു വേണ്ടി ഫത്‌വകൾ ഇറക്കരുത്. താനും ചിത്രം കണ്ടിട്ടില്ല. പ്രവാചകനെക്കുറിച്ചുള്ള ആദ്യ ചിത്രമല്ല ഇത്. 1976-77ൽ മൗസ്തഫ അക്കാദ് ദി മെസേജ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ വലിയൊരു സന്ദേശമെത്തിക്കാൻ ചിത്രങ്ങൾക്കാകും. മജീദിയെപ്പോലൊരാൾ ഇത്തരം ചിത്രങ്ങളെടുക്കണം. മതനിന്ദയല്ലെന്നും അനാവശ്യമായ പ്രശ്നങ്ങൾ ഒഴിവാക്കണമെന്നുമുള്ള ഉറച്ച വിശ്വാസത്തിനു ബലം നൽകുകയാണ് ചിത്രവുമായി സഹകരിച്ചതോടെ റഹ്മാൻ ചെയ്തത്- മൗലാന റിസ്‌വി അറിയിച്ചു.

Related News