Loading ...

Home parenting

രചനാമോഷണവും നൈതികതയും

ഡോ. സുരേഷ്. സി. പിള്ള

"ഇത്തിരി തേങ്ങാപ്പിണ്ണാക്ക്... ഇത്തിരി പരുത്തിക്കുരു.... ഇത്തിരി തവിട്.. ഇത്രയും കൊടുത്താല്‍.... പിന്നെ പാല് ഛറപറാന്ന് അങ്ങട് ഒഴുകുകയായി..."

നാടോടിക്കാറ്റ് എന്ന സിനിമയില്‍ ശങ്കരാടി പറഞ്ഞത് ഓര്‍മ്മയില്ലേ?

ഇപ്പോള്‍ പറയാന്‍ കാരണം കോളേജുകളിലെ ഫൈനല്‍ സെമസ്റ്റര്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ടുകള്‍ പലതും ഏതാണ്ട് ഇങ്ങനെയാണ്. എങ്ങനെയെന്നല്ലേ? ഇത്തിരിഭാഗം വെബ്സൈറ്റുകളില്‍ നിന്നും ... പിന്നെ കുറച്ചു ടെക്സ്റ്റ് ബുക്കുകളില്‍ നിന്നും.. പേരിന് കുറച്ചു ജേര്‍ണല്‍ പേപ്പറുകളില്‍ നിന്ന്... ബാക്കി സീനിയര്‍ ചെയ്ത പ്രോ ജക്ടില്‍ നിന്ന്.. ഗൂഗിള്‍ ചെയ്തെടുത്ത കുറെ കളര്‍ പടങ്ങള്‍... പിന്നെ കുറെ തനിയെ ഉള്ള തട്ടിക്കൂട്ട് എഴുത്തുകള്‍.... എല്ലാം കൂടി മിക്സ് ചെയ്തു പ്രിന്റ് എടുത്താല്‍ ഫൈനല്‍ ഇയര്‍ പ്രോജക്‌ട് റെഡി. മാര്‍ക്ക് 70 ശതമാനത്തിനു മുകളില്‍ മാര്‍ക്കു കിട്ടും. സ്റ്റുഡന്റും ഹാപ്പി, സൂപ്പര്‍വൈസ് ചെയ്ത ടീച്ചറും ഹാപ്പി. ടീച്ചര്‍ പറയുന്നു.

"വിനീതേ, അടുത്ത സെപ്റ്റംബറില്‍ നമുക്ക് ചെന്നൈയിലുള്ള ഒരു കോണ്‍ഫറന്‍സില്‍ പ്രെസന്റ് ചെയ്യണം. അവര്‍ ഇത് ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പബ്ലിഷ് ചെയ്യും." വിനീതും ടീച്ചറും കൂടി ചെന്നൈയില്‍ പോകുന്നു, പേപ്പര്‍ പ്രെസന്റ് ചെയ്യുന്നു. തിരികെ വരുന്നു. ജേര്‍ണല്‍ പേപ്പര്‍ തയ്യാറാക്കുന്നു, സബ്മിറ്റ് ചെയ്യുന്നു. എല്ലാം മംഗളം, ശുഭം. കാത്തിരുപ്പ്.. രണ്ടാഴ്ച്ച കഴിയുമ്ബോളേക്കും ജേര്‍ണലിന്റെ rejection ലെറ്റര്‍. കൂടെ പ്രിന്‍സിപ്പലിന്റെ ഈമെയിലില്‍ ജേര്‍ണല്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് .. "നിങ്ങളുടെ കോളേജില്‍ നിന്നും സബ്മിറ്റ് ചെയ്ത പേപ്പറില്‍ 40 % plagiarism കണ്ടെത്തി. വേണ്ട നടപടികള്‍ സ്വീകരിക്കുക."

അന്വേഷണ കമ്മീഷന്‍, അന്വേഷണം, റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ചു സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍.. വിനീതിന്റെ റിസള്‍ട്ട് യൂണിവേഴ്സിറ്റി തടഞ്ഞു വയ്ക്കുന്നു. ഇപ്പറഞ്ഞത്, അല്‍പ്പം ശ്രദ്ധ കാണിച്ചില്ലെങ്കില്‍ പലര്‍ക്കും പറ്റാവുന്നതാണ്. പഠിപ്പിച്ചു തീര്‍ക്കാനുള്ള തിരക്കില്‍ പലപ്പോഴും Research Ethics (ഗവേഷണ നൈതികത) നെ പറ്റിയും Plagiarism (രചനാമോഷണം) എന്താണ് എന്നും പറഞ്ഞു കൊടുക്കാറില്ല. എന്റെ അഭിപ്രായത്തില്‍ ഇത് തീര്‍ച്ചയായും കരിക്കുലത്തിന്റെ ഭാഗം ആക്കണം. അത്രയ്ക്ക് പ്രധാനപ്പട്ടതാണ്, എല്ലാ കോളേജ് വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ടതാണ്.

എന്താണ് Research Ethics (ഗവേഷണ നൈതികത)?

ഗവേഷണ പ്രൊജക്റ്റുകള്‍ ചെയ്യുമ്ബോള്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ ചുരുക്കത്തില്‍ Research Ethics (ഗവേഷണ നൈതികത) എന്ന് പറയാം. ഇവയൊക്കെയാണ് പ്രധാനം വേണ്ട ഗുണങ്ങള്‍ Honesty (സത്യസന്ധത), Objectivity (വസ്തുനിഷ്ഠത), Integrity (സ്വാഭാവദാര്‍ഢ്യം), Carefulness (ശ്രദ്ധ), Openness (ആര്ജ്ജവം), Respect for Intellectual Property ( ബൗദ്ധികസ്വത്തി നോടുള്ള കരുതല്‍), Confidentiality (സ്വകാര്യത), Responsible Publication (ഉത്തരവാദിത്വ തന്നോടുള്ള പ്രസിദ്ധീകരിക്കല്‍), Responsible Mentoring ( ഉത്തരവാദിത്വമുളള മാര്‍ഗ്ഗദര്‍ശനം), Respect for colleagues (സഹകാരിയോടുള്ള കരുതല്‍), Social Responsibility (സാമൂഹ്യ ഉത്തരവാദിത്വം), Non-Discrimination (വിവേചനമില്ലായ്മ), Competence (കാര്യക്ഷമത), Legality (നിയമാനുസൃതമായ), Animal Care (ഗവേഷണത്തിനു പ്രയോഗിക്കുന്ന ജീവികളോടുള്ള കരുതല്), Human Subjects Protection (മാനുഷിക വിഷയങ്ങളിലുള്ള സംരക്ഷണം), ഇവയൊക്കെയാണ്.

ഇതൊക്കെ ഓരോന്നായി ക്ലാസ്റൂമില്‍ ഓരോ ഉദാഹരണം പറഞ്ഞു കൊടുക്കാന്‍ ഓരോ മണിക്കൂറായി അഞ്ചു ദിവസങ്ങള്‍ വേണ്ടി വരും. അത്യാവശ്യം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കുക. ഉദാഹരണത്തില്‍ പറഞ്ഞ വിനീതും, സൂപ്പര്‍വൈസറും ഇതില്‍ തെറ്റിക്കപ്പെട്ടത് Honesty (സത്യസന്ധത), Objectivity (വസ്തുനിഷ്ഠത), Integrity (സ്വാഭാവദാര്‍ഢ്യം), Carefulness (ശ്രദ്ധ), Responsible Publication (ഉത്തരവാദിത്വത്തോടുള്ള പ്രസിദ്ധീകരിക്കല്‍), Responsible Mentoring (ഉത്തരവാദിത്വമുളള മാര്‍ഗ്ഗദര്‍ശനം), Respect for colleagues (സഹകാരിയോടുള്ള കരുതല്‍) ഇവയൊക്കെയാണ് എന്ന് ഊഹിക്കാമല്ലോ? പാഠ്യ പദ്ധതിയുടെ ഭാഗമായി ഇത് പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസിയിലായല്ലോ? വിദേശ യൂണിവേഴ്സിറ്റികളില്‍ ഡിഗ്രി ലെവലില്‍ എത്തിക്സിനായി പ്രത്യേക ക്ലാസുകള്‍ ഉണ്ട്.

എന്താണ് Plagiarism അല്ലെങ്കില്‍ രചനാമോഷണം?

Britannica നിര്‍വചന പ്രകാരം Plagiarism എന്നാല്‍ 'the act of taking the writings of another person and passing them off as one's own'. അതായത് മറ്റൊരാളുടെ എഴുത്തിനെ നമ്മളുടേതാക്കി കാണിക്കുന്നതാണ് Plagiarism. ഒട്ടും തന്നെ രചനാമോഷണം ചെയ്യാതെ ഇരിക്കുക എന്നതും Research Ethics (ഗവേഷണ നൈതികത) ന്റെ ഭാഗമാണ്. ഒന്നോ രണ്ടോ വാചകങ്ങള്‍ എടുത്തിട്ട് അത് പബ്ലിക്കേഷനില്‍ റെഫര്‍ ചെയ്താല്‍ പോരെ? ഉദ്ധരണികള്‍ (Quotes) ആണെങ്കില്‍ ഇത് പറഞ്ഞ ആളിന്റെ പേരും വച്ച്‌ ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാതെ ഉള്ളത് എല്ലാം മുഴുവനായും rephrase (വാക്കുകള്‍ മാറ്റി) അല്ലെങ്കില്‍ paraphrase (മറ്റു വാക്കുകളില്‍ വിവരിക്കുക) ചെയ്തു സ്വന്തം വാചകങ്ങളില്‍ എഴുതിയിട്ടു വേണം റെഫെറന്‍സ് കൊടുക്കാന്‍.

Plagiarism എങ്ങിനെ കണ്ടു പിടിക്കാം?

ഇതിനായി പ്രത്യേക തരം സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും ഒക്കെ ഉപയോഗിക്കുന്നത് 'Turnitin' എന്ന സോഫ്റ്റ് വെയര്‍ ആണ്. ഗവേഷണ സ്ഥാപങ്ങള്‍ സാധാരണ ഉപയോഗിക്കുന്നത് itheticate (CrossCheck) എന്ന സോഫ്റ്റ് വെയര്‍ ആണ്. ഈ സോഫ്റ്റ് വെയറുകള്‍ കൃത്യമായി എവിടെ നിന്നാണ് കോപ്പി ചെയ്തത് എന്ന് കണ്ടു പിടിച്ചു തരും. ചിത്രത്തില്‍ നോക്കുക. ഇതില്‍ കാണിച്ചിരിക്കുന്ന പ്രസിദ്ധീകരണം 38 % കോപ്പി ചെയ്തത് ആണ്. അത് ഏതൊക്കെ സോഴ്സില്‍ നിന്നാണ് എന്നും ithenticate പറഞ്ഞു തരും. ഈ പേപ്പറില്‍ 38 % similarity ഉണ്ട് എന്ന് പറയാം. ഇതിനെ similarity index എന്ന് പറയാം.

എത്ര ശതമാനം similarity വരെ സ്വീകാര്യമാണ്?

ഇത് പറയാന്‍ വളരെ ബുദ്ധിമുട്ടാണ്. ഒരു വരിപോലും പൂര്‍ണ്ണമായി മറ്റൊന്നില്‍ നിന്നും കോപ്പി ചെയ്തു കൂടാ എന്നാണ് പൊതു നിയമം. എന്നിരുന്നാലും ചില സമയങ്ങളില്‍ രണ്ടില്‍ക്കൂടിയ വാക്കുകള്‍ ഒക്കെ similarity റിപ്പോര്‍ട്ടില്‍ കാണിക്കും. പൊതുവായി ജേര്‍ണല്‍ പേപ്പറുകളില്‍ 10 % ല്‍ താഴെ യെ similarity index വരാവൂ. ഈ പത്തു ശതമാനം ഒന്നോ രണ്ടോ സോഴ്സ് കളില്‍ നിന്നും ആയിരിക്കുകയും അരുത്. അതായത് ആകെയുള്ള പത്തു ശതമാനം പത്തു ഡോക്യൂമെന്റില്‍ ആണെങ്കില്‍ വലിയ കുഴപ്പം ഇല്ല.

എങ്ങിനെ Plagiarism ഒഴിവാക്കാം?

1. ഒന്നും അതേ പടി പകര്‍ത്തി എഴുതാതെ ഇരിക്കുക. വായിച്ചിട്ട് നിങ്ങളുടെ സ്വന്തം വാക്കുകളില്‍ എഴുതണം എന്നിട്ട് അതിന്റെ റഫറന്‍സ് കൊടുക്കാം.

2. കഴിവതും ഗവേഷണ പേപ്പറുകളില്‍, ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത
വ്യക്തമായ സോഴ്സ് ഇല്ലാത്ത ഭാഗങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുക. വ്യക്തത ഉള്ള peer-reviewed ജേര്‍ണലുകളില്‍ നിന്നു മാത്രം ഉള്ളടക്കം എടുക്കുക. എന്നിട്ട് മുകളില്‍ പറഞ്ഞതു പോലെ സ്വന്തം വാക്കിലെഴുതി റഫറന്‍സ് കൊടുക്കണം.

3. മറ്റുള്ളവരുടെ അഭിപ്രായം (ഐഡിയ) ഒരിക്കലും നിങ്ങളുടേതായി പ്രസിദ്ധീകരിക്കാതെ ഇരിക്കുക. ഇനി വേണ്ടി വന്നാല്‍ അവരെ കൃത്യമായി acknowledge (കൃതജ്ഞതാപ്രദര്‍ശനം) ചെയ്യണം.

അടിക്കുറിപ്പ്: ഇത് വായിക്കുന്ന നിങ്ങള്‍ അദ്ധ്യാപിക/ അദ്ധ്യാപകന്‍ ആണെങ്കില്‍ ക്ലാസ്സെടുക്കുമ്ബോള്‍ തീര്‍ച്ചയായും Ethics, Plagiarism ഇവയെക്കുറിച്ചൊക്കെ കൂടി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. നിങ്ങളുടെ കോളേജുകളില്‍ സബ്മിറ്റ് ചെയ്യുന്ന പ്രോജക്‌ട് റിപ്പോര്‍ട്ടുകള്‍ turnitin സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ സ്കാന്‍ ചെയ്തു Plagiarism ഇല്ല എന്ന് ബോധ്യപ്പെട്ട ശേഷം മാത്രം റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുക. കുട്ടികളോട് ഇതേപ്പറ്റി പ്രൊജക്റ്റ് തുടങ്ങുമ്ബോള്‍ തന്നെ പറയുകയും വേണം.

Related News