Loading ...

Home Business

സാമ്പത്തിക പ്രതിസന്ധിയും ഊര്‍ജിത് പട്ടേലിന്റെ രാജിയും

ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുടര്‍ച്ചയായി നമുക്ക് ചര്‍ച്ച ചെയ്യേണ്ടിവരുന്നു. പുതിയ പുതിയ വിഷയങ്ങള്‍ ദിനംപ്രതി ഉയര്‍ന്നുപൊങ്ങുമ്പോള്‍ ഈ ചര്‍ച്ച ഒഴിവാക്കാനാകില്ല. സ്വാഭാവികമായും ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയേണ്ടിവരും. ഏതായാലും ഒരു കാര്യം ഇപ്പോള്‍ ഉറപ്പിച്ചു പറയാം. നേരത്തെ ജനയുഗത്തിലെ ലേഖനങ്ങളിലൂടെ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും പങ്കുവച്ചിട്ടുള്ള ആശങ്കകളും മിക്കവാറും ശരിയായിരുന്നു എന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പദവിയില്‍ നിന്നും ഉര്‍ജിത് പട്ടേലിന്റെ രാജിയാണ് ഏറ്റവും ഒടുവിലത്തെ ചര്‍ച്ചാവിഷയം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആ പദവിയില്‍ തുടരണമെന്ന് മോദിയും കേന്ദ്രസര്‍ക്കാരും ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി മോഡിയും അരുണ്‍ ജെയ്റ്റ്‌ലിയും കാത്തിരിക്കുകയായിരുന്നു എന്നതാണ് വസ്തുത. അദ്ദേഹം രാജിവച്ച് പോകുന്നതിനു മുന്‍പുതന്നെ ആ പദവിയിലേക്ക് മോദി കണ്ടെത്തിയ ആളായിരുന്നു ഊര്‍ജിത് പട്ടേല്‍. അവര്‍ തമ്മിലുള്ള ബന്ധം അത്ര ആഴമുള്ളതായിരുന്നു. ആ ഊര്‍ജിത് പട്ടേലാണ് 2019 സെപ്റ്റംബര്‍ വരെ കാലാവധി ഉണ്ടായിരുന്നിട്ടും ഡിസംബര്‍ 10 ന് രാജിവച്ചൊഴിഞ്ഞത്. ആത്മാഭിമാനവും നീതിബോധവും സത്യസന്ധതയും രാജ്യസ്‌നേഹവുമുള്ള ഒരാള്‍ക്കും ബിജെപി സര്‍ക്കാരിന്റെ ഭാഗമായി ഉന്നത പദവിയില്‍ പ്രവര്‍ത്തിക്കാനാകില്ല എന്നതാണ് നിരവധി പേരുടെ രാജികള്‍ വ്യക്തമാക്കുന്നത്. നിതി അയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനാഗരിയ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജിവച്ച് ഒഴിഞ്ഞത്.
ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാന്‍ കാരണമെന്ത് എന്നതു സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചയാണ് രാജ്യത്ത് നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിലനില്‍പ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്നവിധത്തില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നാണ് ഈ രാജി സൂചിപ്പിക്കുന്നത്. ആത്മാഭിമാനം വ്രണപ്പെടുന്ന സാഹചര്യം പട്ടേലിനുണ്ടായി എന്നുവേണം കണക്കാക്കാന്‍. ആര്‍ബിഐയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടുന്ന ശക്തമായ സാഹചര്യം ഉണ്ടായിരിക്കുന്നു. 2018 ജനുവരി 25 ന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്, റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക വിഹിതത്തില്‍ 13,000 കോടി രൂപയുടെ വര്‍ധനവ് വരുത്തണമെന്നാണ്. റിസര്‍വ് ബാങ്ക് ഈ ആവശ്യം അംഗീകരിച്ചില്ല. ഇത് റിസര്‍വ് ബാങ്കിനുമേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഉയര്‍ത്താന്‍ വഴിവച്ചു. ഓഗസ്റ്റ് 30 ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത് നോട്ടു നിരോധനത്തിലൂടെ മൂല്യം നഷ്ടപ്പെട്ട 99.3 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കില്‍ മടങ്ങിവന്നു എന്നാണ്. ഇങ്ങനെയൊരു കണക്ക് പുറത്തുവരുന്നത് കേന്ദ്രം ഇഷ്ടപ്പെട്ടിരുന്നില്ല. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോഡി വായ്പയായി എടുത്ത വന്‍ തുക തിരിച്ചടയ്ക്കാതിരിക്കുകയും മോഡി രാജ്യം വിടുകയും ചെയ്ത സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 2018 ജനുവരി 29 ന് റിസര്‍വ് ബാങ്ക്, സിബിഐയ്ക്ക് പരാതി നല്‍കിയതും കേന്ദ്രം ആഗ്രഹിക്കാത്ത കാര്യമാണ്. സംഘപരിവാര്‍ സൈദ്ധാന്തികനായ എസ് ഗുരുമൂര്‍ത്തി റിസര്‍വ് ബാങ്ക് ഭരണസമിതിയിലെ അംഗമായി വന്നതിനെത്തുടര്‍ന്ന് നിയമവിരുദ്ധമായ കാര്യങ്ങള്‍ റിസര്‍വ് ബാങ്കിനെക്കൊണ്ട് ചെയ്യിക്കുന്നതിന് നിരന്തര സമ്മര്‍ദ്ദം ഉണ്ടായി. ഏറ്റവും ഒടുവില്‍ റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള 9.63 ലക്ഷം കോടി രൂപയുടെ കരുതല്‍ ധനത്തില്‍ 3.6 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ വന്നത് കേന്ദ്രസര്‍ക്കാരിനെ വല്ലാതെ ചൊടിപ്പിച്ചു. റിസര്‍വ് ബാങ്കിനെതിരെ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഭീഷണി മുഴക്കി. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടി ദേശസാല്‍കൃത ബാങ്കുകളുടെ പണം ഉപയോഗിക്കാന്‍ കൂട്ടുനില്‍ക്കുകയും എന്നിട്ട് അതിന്റെ പേരില്‍ റിസര്‍വ് ബാങ്കിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ശൈലിക്കെതിരെ ഊര്‍ജിത് പട്ടേല്‍ ശക്തമായ നിലപാട് തന്നെ കൈകൊണ്ടു. ഈ സാഹചര്യത്തില്‍ ഒന്നുകില്‍ ആത്മാഭിമാനം പണയംവച്ച് കേന്ദ്രസര്‍ക്കാരിന് കീഴടങ്ങുക അല്ലെങ്കില്‍ രാജിവയ്ക്കുക എന്നീ രണ്ടുവഴികള്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നുള്ളു. ഇതില്‍ രണ്ടാമത്തെ വഴി ഊര്‍ജിത് പട്ടേല്‍ തെരഞ്ഞെടുക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടവിധം 3.6 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്ക് നല്‍കിയാല്‍ എന്താണ് കുഴപ്പം എന്ന ചോദ്യം ബിജെപി കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വികസിത രാജ്യങ്ങള്‍ എട്ട് മുതല്‍ 14 ശതമാനം വരെ കരുതല്‍ ധനം സൂക്ഷിക്കുമ്പോള്‍ ഇന്ത്യ 22.47 ശതമാനം കരുതല്‍ ധനം സൂക്ഷിക്കേണ്ടതിന്റെ ആവശ്യം എന്ത് എന്ന ചോദ്യം ഇവര്‍ മുഖ്യമായും ഉയര്‍ത്തുന്നു. സുസ്ഥിരവികസനവും ആരോഗ്യകരമായ സമ്പദ്ഘടനയും സ്ഥിര സ്വഭാവത്തിലുള്ള വളര്‍ച്ചനിരക്കും കൈമുതലായുള്ള വികസിത രാജ്യങ്ങളുടെ അവസ്ഥയുമായി ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെ താരതമ്യപ്പെടുത്തുന്നതില്‍ ഒരര്‍ഥവുമില്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങളോടെയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴൊക്കെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം എടുത്തു നല്‍കിയാല്‍ നിര്‍ണായകഘട്ടങ്ങളില്‍ റിസര്‍വ് ബാങ്കിന് ഇന്ത്യന്‍ സമ്പദ്ഘടനയെ നിയന്ത്രിക്കാനാകാതെ വരികയും ബാങ്കിങ് മേഖലയുടെ ആകെ പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്യും എന്നതാണ് വസ്തുത. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടലില്‍ പരിമിതി ഉണ്ടായാല്‍ ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനത്തില്‍ അത് പ്രതിഫലിക്കും. സര്‍ക്കാരിന്റെ ഒരു സാധാരണ വകുപ്പായി റിസര്‍വ് ബാങ്ക് അധഃപതിക്കുന്ന അവസ്ഥ രാജ്യത്തെക്കുറിച്ച് ഉല്‍ക്കണ്ഠയും ദീര്‍ഘവീക്ഷണവുമുള്ള ഒരു ഭരണാധികാരിയും ആഗ്രഹിക്കില്ല. 1991-92 കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന ആടിയുലഞ്ഞപ്പോഴും 2008-ല്‍ സാമ്പത്തിക മാന്ദ്യം തിരയിളക്കി നിന്നപ്പോഴുംഒന്നും റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കൈയടക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ തയാറായില്ല എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ച് ചരിത്രത്തിലില്ലാത്ത അവകാശവാദങ്ങളാണ് ഉയര്‍ന്നുപൊങ്ങിയത്. സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി, വരുമാന നികുതിയില്‍ 17.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായി, വരുമാന നികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ 1.61 കോടി വര്‍ധനവുണ്ടായി, കള്ളപ്പണവും കള്ളനോട്ടും അഴിമതിയും കുറഞ്ഞത് സമ്പദ്ഘടനയ്ക്ക് കരുത്ത് പകര്‍ന്നുനല്‍കി, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചതിലൂടെ 1.76 ലക്ഷം കോടി രൂപ ഖജനാവില്‍ എത്തി, കേന്ദ്ര സര്‍വീസ് മേഖലയില്‍ (ഇന്ത്യന്‍ റയില്‍വേയില്‍ ഉള്‍പ്പെടെ) ജീവനക്കാരുടെ ലക്ഷക്കണക്കിന് തസ്തികകള്‍ വെട്ടിക്കുറച്ചത് സര്‍ക്കാരിന് നേട്ടമായി, നിരവധി മേഖലകളില്‍ നിലനിന്നിരുന്ന സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറച്ചത് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍ കാരണമായി, സര്‍ക്കാര്‍ ജീവനക്കാരുടെ സാറ്റിയൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കിയതിലൂടെ പെന്‍ഷന്‍ ചെലവില്‍ കുറവ് അനുഭവപ്പെട്ടു എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതില്‍ നിരവധി കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവകാശവാദമായി ഉന്നയിക്കുന്നതാണെങ്കില്‍ മറ്റുചില കാര്യങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതാണ്.
കേന്ദ്രസര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും സാമ്പത്തിക വിലയിരുത്തലുകളും പരിശോധിക്കുമ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്. ഇത്രയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും രാജ്യത്ത് സാമ്പത്തിക തകര്‍ച്ച എങ്ങനെയുണ്ടായി എന്നതാണത്. രാജ്യത്തെ കര്‍ഷക സമൂഹത്തെ സഹായിക്കാന്‍ വന്‍ പദ്ധതികളൊന്നും ഉണ്ടായില്ല. അവരുടെ കടം എഴുതിതള്ളിയില്ല. വാഗ്ദാനം ചെയ്തപോലെ രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ നിക്ഷേപം നടത്തിയില്ല. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും കൂടുതല്‍ തുക വകയിരുത്തിയില്ല എന്നുമാത്രമല്ല, നേരത്തെ ഉണ്ടായിരുന്നതില്‍ കുറവ് വരുത്തുകയും ചെയ്തു. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രയാസം മറികടക്കാന്‍ ഒരു പദ്ധതിയും ആവിഷ്‌ക്കരിച്ചില്ല. പൊതുവിതരണം ശക്തിപ്പെടുത്തി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം നിയന്ത്രിച്ചു നിര്‍ത്താന്‍ കൂടുതല്‍ തുക ചെലവഴിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയില്ല എന്നുമാത്രമല്ല, ഉള്ള സ്ഥാപനങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ദാരിദ്ര്യം ഇല്ലാതാക്കാനും വീടില്ലാത്തവര്‍ക്കെല്ലാം വീട് ഉറപ്പുവരുത്താനും ഒറ്റപ്പെട്ട ചെറിയ പദ്ധതികളല്ലാതെ രാജ്യത്തിന്റെ ആവശ്യം അറിഞ്ഞുള്ള ഒരു ബൃഹത് പദ്ധതിക്കും രൂപം നല്‍കിയില്ല. പട്ടികജാതി പട്ടിക വര്‍ഗ്ഗ സമൂഹത്തിന്റെ ജീവിത സാഹചര്യം മാറ്റിയെടുക്കുന്നതിന് ആവശ്യമായ കര്‍മ പദ്ധതികള്‍ ഉണ്ടായില്ല. ജനസംഖ്യ വര്‍ധിക്കുന്നതിന് ആനുപാതികമായി സിവില്‍ സര്‍വീസ് വളരുകയും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുക എന്നത് എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നുമാത്രമല്ല, ലക്ഷക്കണക്കിന് തസ്തികകള്‍ ഇല്ലാതാക്കുകയും ചെയ്തു. വനിതകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കാര്യമായ പദ്ധതികള്‍ ഒന്നും ഉണ്ടായില്ല. തൊഴിലെടുക്കുന്ന വനിതകളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും കുറവുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതൊക്കെയായിട്ടും കേന്ദ്രസര്‍ക്കാരിന്റെ ധനകമ്മി കുതിച്ചുയരുകയാണ്. 2018-19 ലെ ബജറ്റില്‍ കേന്ദ്ര ധനകമ്മി 3.3 ശതമാനമായി നിയന്ത്രിച്ചു നിര്‍ത്തുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആറു മാസം കൊണ്ടുതന്നെ ബജറ്റ് കമ്മി 95.3 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. നിലവില്‍ 6.24 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. ഇത് എട്ട് ലക്ഷം കോടി രൂപയിലധികമായി ഉയരാനാണ് സാധ്യത.
മുകളില്‍ പറഞ്ഞ വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടും ദീര്‍ഘവീക്ഷണമില്ലായ്മയും കോര്‍പറേറ്റ് താല്‍പര്യങ്ങളും കൊണ്ടാണ് ഇത്രയും വലിയ സാമ്പത്തിക തകര്‍ച്ച ഇന്ത്യയില്‍ ഉണ്ടായത് എന്ന് കാര്യങ്ങള്‍ സൂക്ഷ്മതയോടെ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യമാകും. 2018-19 ലെ കേന്ദ്രബജറ്റിലൂടെ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചത് കൃത്യമായും കോടീശ്വരന്മാരുടെ അനുഭാവം ഉറപ്പുവരുത്തുന്നതിനു മാത്രമാണ്. കോടിക്കണക്കിനു രൂപയുടെ കുടിശിക തുക വന്‍കിടക്കാരില്‍ നിന്നും പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു ജാഗ്രതയും കാട്ടിയില്ല. 2018 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം രാജ്യത്തെ കിട്ടാക്കടം 10.25 ലക്ഷം കോടി രൂപയാണ്. ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളില്‍ കുടിശിക വരുത്തിയവര്‍ക്ക് വിദേശത്തേക്ക് കടക്കാന്‍ ഒരു ബൂദ്ധിമുട്ടും ഉണ്ടാകുന്നില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. ഇറക്കുമതിയില്‍ വന്‍തോതില്‍ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ ആനുപാതികമായ വര്‍ധനവ് കയറ്റുമതിയില്‍ ഉണ്ടാകുന്നില്ല. റബര്‍, സ്വര്‍ണം ഇവയുടെ ഇറക്കുമതിക്കു പിന്നില്‍ വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ ശക്തമായി ഇടപെടുന്നു എന്നത് യാഥാര്‍ഥ്യമാണ്. നോട്ടു നിരോധനത്തിലൂടെ നിലവിലുണ്ടായിരുന്ന നോട്ടുകളില്‍ 86 ശതമാനം ഒറ്റദിവസം ഇല്ലാതായപ്പോള്‍ സമസ്തമേഖലകളെയും അത് പ്രതികൂലമായി ബാധിച്ചു. വളര്‍ച്ചനിരക്ക് കുറഞ്ഞു. തൊഴിലവസരങ്ങള്‍ ഇല്ലാതായത് സാധാരണ ജനജീവിതത്തിന്റെ താളം തെറ്റിച്ചു. യാതൊരു ഗൃഹപാഠവും മുന്നൊരുക്കവും നടത്താതെ ജിഎസ്ടി നടപ്പിലാക്കിയത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. ജിഎസ്ടി നടപ്പിലാക്കിയ എല്ലാ രാജ്യങ്ങളിലും ഇത് ആ രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് വലിയ കരുത്തായി മാറിയപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് മറിച്ച് സംഭവിച്ചത്. ആസൂത്രണമില്ലാതെയും കോര്‍പറേറ്റ് താല്‍പര്യത്തിലൂടെയും പ്രതിരോധരംഗം കൈകാര്യം ചെയ്തത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഖജനാവിന് വരുത്തിവച്ചത്. റഫാല്‍ ആയുധ ഇടപാടിന്റെ നേട്ടം കൊയ്‌തെടുക്കുന്നത് റിലയന്‍സ് കമ്പനിയാണ്. പ്രകൃതിദത്ത എണ്ണയും കല്‍ക്കരി ഖനിയും അടക്കമുള്ള പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യാന്‍ കോര്‍പറേറ്റുകള്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കി. ഫലപ്രദമായ രീതിയില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുമേഖലാ സ്ഥാപനങ്ങള്‍ നവീകരിച്ചിരുന്നു എങ്കില്‍ അത് സമ്പദ്ഘടനയെ ശാക്തീകരിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 12.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് പ്രതിരോധിക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. നാലുകോടിയിലധികം ചെറുപ്പക്കാര്‍ക്ക് തൊഴിലില്ല എന്നത് രാജ്യത്തിനും സമ്പദ്ഘടനയ്ക്കും നല്ലതല്ല. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ 3,16,500 കോടി രൂപ ബാങ്കുകള്‍ എഴുതിത്തള്ളിയപ്പോള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് 44,900 കോടി രൂപമാത്രമാണ്. രാജ്യത്തെ മൊത്തം ബാങ്ക് നിക്ഷേപം 2018 നവംബറിലെ കണക്കുപ്രകാരം 118.24 ലക്ഷം കോടി രൂപയാണ്. ഇതില്‍ 90.41 ലക്ഷം കോടി രൂപ വായ്പയായി നല്‍കി. ഫലത്തില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി സര്‍വകാല റിക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ പണം ബാങ്കുകളില്‍ എത്തുകയും അവിടെനിന്ന് പണം കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തുകയും ചെയ്യുന്നു. അവര്‍ പകുതിയിലധികം തുകയും തിരിച്ചടയ്ക്കുന്നില്ല. ഈ ഘട്ടത്തില്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാകുന്നു. അതിനു പരിഹാരമായി ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാന്‍ 2.11 ലക്ഷം കോടി രൂപ ബജറ്റിലൂടെ ബാങ്കുകള്‍ക്ക് നല്‍കുന്നു. ഇത് എല്ലാ അര്‍ഥത്തിലും ജനങ്ങളുടെ നികുതി പണം കോര്‍പറേറ്റുകള്‍ക്ക് വളഞ്ഞ വഴിയില്‍ കൈമാറുന്ന നടപടിയാണ്. ഇങ്ങനെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു രാജ്യം ലോകത്തുണ്ടാകില്ല.
മോഡി സര്‍ക്കാര്‍ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് എത്രവലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും എന്തെല്ലാം കള്ളക്കഥകള്‍ പ്രചരിപ്പിച്ചാലും ഏതെല്ലാം വിധത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിച്ചാലും ജാതിയും മതവും അന്ധവിശ്വാസങ്ങളും ഏതുവിധത്തില്‍ ഉപയോഗിക്കാന്‍ നോക്കിയാലും സ്വന്തം അനുഭവങ്ങളിലൂടെ ജനങ്ങള്‍ അവരുടെ കാപട്യം കുറേശെയായി തിരിച്ചറിയും. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത് അതാണ്.

Related News