Loading ...

Home special dish

ചായ പുരാണം

സതീശന്‍ കൊല്ലം

ഗ്രാമത്തിലെ കവലയും അവിടുത്തെ ചായക്കടയും മലയാളിയുടെ ഗ്രഹാതുരത്വത്തിന്റെ പ്രതീകമാണല്ലോ. അതുകൊണ്ട് തന്നെ നമുക്ക് ചായയുടെ കഥയൊന്നു കേട്ടാലോ.

ചായയുടെ ഉപയോഗം കണ്ടുപിടിച്ചതു ചൈനാക്കാരാണ്. B.C . 2737ല്‍ ചൈനീസ് ചക്രവര്‍ത്തിയും സസ്യശാസ്ത്ര വിദഗ്ദനുമായിരുന്ന ഷെന്‍ നങ് ഒരിക്കല്‍ കാട്ടില്‍ വിശ്രമിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ പരിചാരകന്‍ വെള്ളം തിളപ്പിക്കുമ്ബോള്‍ തൊട്ടടുത്തു നിന്ന ചെടിയുടെ ഇലകള്‍ കാറ്റില്‍ വെള്ളത്തിലേക്കു വീണു. താമസിയാതെ ചൂട് വെള്ളത്തിന്റെ നിറത്തിനു മാറ്റം വന്നു. ഇതു ശ്രദ്ധിച്ച ചക്രവര്‍ത്തി അതു രുചിച്ചു നോക്കുകയും അതിന് ഉത്തേകജനകമായ കഴിവുണ്ടെന്നു മനസ്സിലാക്കുകയും ചെയ്തു. Camellia Sinesis എന്ന ചെടിയില്‍ നിന്നാണ് ഇലകള്‍ വീണത്. ഇലകള്‍ വീണ തിളച്ച വെള്ളമാണ് പിന്നീട് ചായ എന്നറിയപ്പെട്ടതെന്നാണ് എെതീഹ്യം.

കഥയെന്തായാലും പുരാതനകാലം മുതല്‍ക്കേ ചൈനാക്കാര്‍ ചായകുടിയന്മാരാണ്. B.C .206നും A.D220നും ഇടയില്‍ ചൈന ഭരിച്ചിരുന്ന ഹാന്‍ രാജവംശത്തിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളില്‍ നിന്ന് ചായ നിറച്ച കണ്‍ടെയിനറുകള്‍ ലഭിച്ചിട്ടുണ്ട്. A.D.618നും 906നും ഇടയില്‍ ചൈന ഭരിച്ചിരുന്ന റ്റാങ് രാജാക്കന്മാരുടെ കാലമായപ്പോഴേക്കും ചൈനക്കാരുടെ ദേശീയ പാനിയമായി ചായ മാറിയിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ലു യു എന്ന എഴുത്തുകാരന്‍ ചായയെക്കുറിച്ചൊരു പുസ്തകമെഴുതി Ch'a Ching (Tea Classic) എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.

ബുദ്ധമതം പഠിക്കാനായി ചൈനയിലെത്തിയ ജപ്പാനീസ് ഭിക്ഷുക്കളാണ് ചായ ജപ്പാനില്‍ പരിചയപ്പെടുത്തിയത്. താമസിയാതെ ജപ്പാന്റെ മത സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ അഭിവാജ്യഘടകമായി ചായ മാറി. കൊറിയയില്‍ 661 AD മുതല്‍ ചായ മത ചടങ്ങുകളുടെ ഭാഗമായി. രാജാക്കന്മാരും പ്രഭുക്കന്മാരും ബുദ്ധഭിക്ഷുക്കള്‍ക്കും ക്ഷേത്രങ്ങളിലും ചായ സമര്‍പ്പിച്ചിരുന്നു. ബുദ്ധഭിക്ഷുക്കള്‍ ധ്യാനത്തിനും എകാഗ്രതയ്ക്കും ചായ ഗുണപരമാണെന്നു വിശ്വസിച്ചിരുന്നു.

കിഴക്കിലേക്കു കച്ചവടത്തിനും മതപ്രചരണത്തിനുമായി വന്ന പറങ്കികളാണ് ആദ്യമായി ചായ രുചിച്ച യൂറോപ്യന്മാര്‍. ഇതൊരു വ്യാപാരമായി വളര്‍ത്തി എടുത്തത് ഡച്ചുകാരായിരുന്നു.

1606ല്‍ ജാവയില്‍ സ്ഥാപിച്ച വ്യാപാര കേന്ദ്രത്തില്‍ നിന്ന് അവര്‍ യൂറോപ്പിലേക്കു ചായ കയറ്റുമതി ആരംഭിച്ചു. ബ്രിട്ടനില്‍ ചായയെക്കുറിച്ച്‌ ആദ്യമായി രേഖപ്പെടുത്തി കാണുന്നത് 1658 സെപ്റ്റംബറില്‍ Mercurius Politicus എന്ന പത്രത്തില്‍ Tcha എന്ന ചൈനീസ് പാനീയത്തെക്കുറിച്ചുള്ള പരസ്യത്തിലാണ്.

ചായയുടെ ബ്രിട്ടീഷ് ചരിത്രം മാറുന്നത് ചായ പ്രിയയായിരുന്ന പോര്‍ച്ചുഗീസ് രാജകുമാരിയായിരുന്ന കാതറിനെ ചാള്‍സ് രണ്ടാമന്‍ വിവാഹം കഴിക്കുന്നതോടുകൂടിയാണ്. താമസിയാതെ ബ്രിട്ടീഷ് കുലീനരുടെ ഇഷ്ടപാനീയമായി ചായ മാറി .ചായയുടെ പ്രചാരം വര്‍ദ്ധിച്ചപ്പോള്‍ ബ്രിട്ടീഷ് ഭരണകൂടം കനത്ത നികുതി ചുമത്താനാരംഭിച്ചു. ഇത് കരിഞ്ചന്തക്കും കള്ളക്കടത്തിനും വഴിവെച്ചു .1784ല്‍ പ്രധാനമന്ത്രി വില്യം പിറ്റ് ചായയുടെ നികുതി 119% ത്തില്‍ നിന്നും 12.5% ആയി കുറച്ചു.

1839ല്‍ ആസ്സാമിലാണ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ചായ കൃഷി ആരംഭിക്കുന്നത്. തുടക്കത്തിലെ ചില തിരിച്ചടികള്‍ക്കുശേഷം കൃഷി വിജയകരമായി.1888 ആയപ്പോഴേക്കും ചായ കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടാന്‍ ആരംഭിച്ചു.

1706 മുതല്‍ ലണ്ടനില്‍ ചായയുടെ മൊത്തം ലേലം ആരംഭിച്ചു. അപ്പോഴേക്കും വളരെക്കാലം ബ്രിട്ടീഷുകാര്‍ നിലനിര്‍ത്തിയിരുന്ന ചായ വ്യാപാരത്തിലെ കുത്തക അവര്‍ക്കു നഷ്ടമായി കഴിഞ്ഞു.1998 ജൂണിലാണ് അവസാനമായി ലണ്ടന്‍ റ്റീ ഒാക്ഷന്‍ നടന്നത്. ചായയുടെ ചരിത്രം വളരെ ദീര്‍ഘമാണ് അതുകൊണ്ട് ഒരു ഉപകഥ പറഞ്ഞു നിര്‍ത്താം.

ഒരിക്കല്‍ കുറച്ചു ചൈനീസ് വ്യാപാരികള്‍ ഇംഗ്ളണ്ടില്‍ വ്യാപാരയാവശ്യത്തിനായി എത്തി. വിരുന്നുകാര്‍ക്കായി ബ്രിട്ടീഷ് ആതിഥേയര്‍ ചായ സല്‍ക്കാരം നടത്തി. ചായ മുന്നിലെത്തിയപ്പോള്‍ ചൈനക്കാര്‍ കപ്പില്‍ നിന്നും സോസറിലേക്ക് ചായ പകര്‍ന്നു ഉൗതി കുടിക്കാനാരംഭിച്ചു. ഇതു സായിപ്പിന് ചിരി അടക്കാനായില്ല. ചിരി കണ്ട ചൈനാക്കാര്‍ കാരണമന്വേഷിച്ചു.

കപ്പിനു പിടിയുണ്ടെന്നും സോസര്‍ ചായ തുളുമ്ബി മേശകേടാകാതെയിരിക്കാനാണ് ഉപയോഗിക്കുന്നതെന്നും സായ്പ് മറുപടി നല്കി. അതുകേട്ട് ചൈനാക്കാരന്‍ സായ്പിനോടു ചോദിച്ചു ആരാണ് ചായ കണ്ടുപിടിച്ചതെന്നറിയാമോ..? 'ചൈനാക്കാര്‍' സായ്പു മറുപടി പറഞ്ഞു. അപ്പോള്‍ കപ്പും സോസറും ആദ്യമായി നിര്‍മ്മിച്ചതാരാണ് ചൈനാക്കാരന്‍ വീണ്ടും ചോദിച്ചു .'ചൈനാക്കാര്‍' സായ്പ് സംശയലേശമന്യേ പറഞ്ഞു. അപ്പോള്‍ ചിരിച്ചുകൊണ്ട് ചൈനാക്കാരന്‍ ഇംഗ്ളീഷുകാരോടു പറഞ്ഞു ഇതൊക്കെ എങ്ങനെ ഉണ്ടാക്കണമെന്നു ഞങ്ങള്‍ക്ക് അറിയാമെങ്കില്‍ അവ എങ്ങനെ ഉപയോഗിക്കണമെന്നും ഞങ്ങള്‍ക്ക് അറിയാം .

Related News