Loading ...

Home cinema

‘എന്നോട് എന്നെക്കുറിച്ച് മാത്രം ചോദിച്ചാല്‍ മതി: തുറന്നടിച്ച് രേവതി

രേവതി ഒരു പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. നടി എന്ന നിലയിലും സംവിധായിക എന്ന നിലയിലും പേരെടുത്ത രേവതി നല്ല കഥകളും കഥാപാത്രങ്ങളും മാത്രം നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത്. അതിനു താമസം നേരിട്ടാല്‍ എഴുത്തിലേക്കു തിരിയും. കഥയും കവിതയും എഴുതുന്നതിനൊപ്പം സാമൂഹ്യപ്രവര്‍ത്തനം നടത്തും.

ആശാകേളുണ്ണി എന്ന പെണ്‍കുട്ടിയാണ് രേവതി എന്ന പേരില്‍ പ്രശസ്തയായത്. അതും ഭാരതിരാജയുടെ തമിഴ് ചിത്രത്തിലൂടെ. ഇന്ത്യന്‍ സിനിമയിലെ നല്ല നായികമാരില്‍ ഒരുവളായിട്ടുകൂടി അര്‍ഹിക്കുന്ന അംഗീകാരം ഇതുവരെ രേവതിക്കു കിട്ടിയിട്ടില്ല.

രേവതി ഇങ്ങനെയൊക്കെയാണ്. ഒന്നിലും ഒരു നിര്‍ബന്ധമില്ല. പണം, പ്രശസ്തി, അംഗീകാരം എല്ലാം സ്വപ്‌ന സാക്ഷാത്കാരമായി കൊണ്ടുനടക്കുന്നവരുണ്ട്. രേവതിക്ക് അവരില്‍ ഒരാളാകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ എന്തുചെയ്താലും അതില്‍ തന്റെ കഴിവുകള്‍ പതിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമാണ്. തമിഴില്‍ ഭാരതിരാജയുടെ ‘മണ്‍വാസന’ മലയാളത്തില്‍ ഭരതന്റെ ‘കാറ്റത്തെ കിളിക്കൂട്’ എന്നിവയാണ് രേവതിയുടെ ആദ്യചിത്രങ്ങള്‍. അതേക്കുറിച്ച് അഭിമാനത്തോടെയാണ് രേവതി പറഞ്ഞത്.

‘ഞാനൊരു ലക്കി ആര്‍ട്ടിസ്റ്റായിരുന്നു എന്നാണ് തോന്നുന്നത്. ഭാരതിരാജസാറിനെപോലെയുള്ള ഒരു വലിയ സംവിധായകന്റെ ‘മണ്‍വാസനൈ’, ഭരതന്‍ സാറിനെപോലെയുള്ള സംവിധായകന്റെ ‘കാറ്റത്തെ കിളിക്കൂട്’, ഗോപിസാര്‍, മോഹന്‍ലാല്‍, ശ്രീവിദ്യ തുടങ്ങിയ നടീനടന്‍മാര്‍, ശരിക്കും ത്രില്ലടിച്ച സിനിമകളും അനുഭവങ്ങളുമാണ്. അന്ന് ഞാനൊരു തുടക്കക്കാരി മാത്രം. ഗോപിസാറും ശ്രീവിദ്യയും മോഹന്‍ലാലും വലിയ ആര്‍ട്ടിസ്റ്റുകളാണ്. അവരെക്കുറിച്ച് കേട്ടിട്ടുള്ളതല്ലാതെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അങ്ങനെ ഒരു അവസരം വന്നപ്പോള്‍ ഞാനത് ശരിക്കും എന്‍ജോയ് ചെയ്തു.’

‘രേവതിക്കു കിട്ടിയ ഭാഗ്യം എന്താണ്?’

‘ഞാന്‍ സിനിമയില്‍ വന്ന സമയം. എന്റെ സംവിധായകര്‍, എന്റെ നായകനടന്‍മാര്‍, നല്ല നല്ല കഥകള്‍, നല്ല നല്ല കഥാപാത്രങ്ങള്‍ എല്ലാം എനിക്ക് കിട്ടി. എന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. മനസറിഞ്ഞാണ് ഓരോ സിനിമയിലും ഞാന്‍ അഭിനയിച്ചത്.

‘പിടിവാശിക്കാരിയാണെന്നു പലര്‍ക്കും അറിയാം’

‘ഒരു പിടിവാശിയും എനിക്കില്ല. ഏതു രംഗത്തു പ്രവര്‍ത്തിക്കുമ്പോഴും അതെല്ലാം ഞാനെന്ന വ്യക്തിക്കു വെല്ലുവിളിയോടെ ഏറ്റെടുക്കാന്‍ കഴിയണം. അതാണ് പിടിവാശിയായി കരുതുന്നതെങ്കില്‍ ഞാന്‍ പിടിവാശിക്കാരിയാണ്.’

‘സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനവും?

‘അതെന്റെ ഇഷ്ടം. എന്റെ മനസിന്റെ സംതൃപ്തി. ജീവിച്ചു എന്നതിന്റെ അര്‍ഥം കണ്ടെത്താന്‍ എന്നൊക്കെ പറയാം.’

‘എങ്കില്‍ ഇതിനൊക്കെ ആരാണ് മാതൃക?’

‘എന്റെ അച്ഛനും അമ്മയും. അവരുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍, പെരുമാറ്റങ്ങള്‍, എനിക്കു നല്‍കിയ അംഗീകാരം, വിശ്വാസം എന്നൊക്കെ വേണമെങ്കില്‍ പറയാം. കുട്ടിക്കാലത്ത് എന്റെ മനസില്‍ രൂപപ്പെട്ട അല്ലെങ്കില്‍ രൂപപ്പെടുത്തിയ കാര്യങ്ങള്‍ വളര്‍ന്നപ്പോഴും ഞാന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നും പറയാം.’

‘അഭിനയിച്ച സിനിമകളില്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച, നല്ല നടിക്കുള്ള അവാര്‍ഡ് ലഭിക്കുമെന്ന് വിചാരിച്ച നിരവധി സിനിമകള്‍ ഉണ്ടല്ലോ. എന്നാല്‍, അഭിമാനപൂര്‍വം ഒരു സിനിമയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചാല്‍ ഏതു സിനിമയായിരിക്കും പറയുക?’

മണിരത്‌നം സംവിധാനം ചെയ്ത ‘അഞ്ജലി’- ആ സിനിമ എന്റെ മനസില്‍ എന്തൊക്കെയോ ചലനങ്ങള്‍ ഉണ്ടാക്കി. ബുദ്ധിയുറക്കാത്ത കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് ഏതൊരാളെയും വേദനിപ്പിക്കും. ഇത്തരമൊരു രോഗത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും എനിക്കറിയാമായിരുന്നു. ‘അഞ്ജലി’ ചെയ്യുന്ന സമയം എനിക്കതെല്ലാം ഗുണകരമായി ഭവിച്ചു.’

‘പല നടികളും അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ മടി കാണിക്കുമ്പോള്‍ പൃഥ്വിരാജിന്റെ അമ്മയായി അഭിനയിച്ചത് ‘നന്ദന’ത്തിലെ റോള്‍ ഇഷ്ടപ്പെട്ടതുകൊണ്ടാണോ?’

‘എന്നോട് എന്നെക്കുറിച്ച് മാത്രം ചോദിച്ചാല്‍ മതി. മറ്റു നടികള്‍ അമ്മയായി അഭിനയിക്കുന്നതും അഭിനയിക്കാതിരിക്കുന്നതും അവരുടെ ഇഷ്ടം. ‘നന്ദനത്തില്‍ ഞാന്‍ പൃഥ്വിരാജിന്റെ അമ്മയായിട്ടല്ല അഭിനയിച്ചത്. തങ്കം എന്ന കഥാപാത്രത്തെയാണ്. തങ്കം എന്ന കഥാപാത്രമാണ് ശക്തമായി നില്‍ക്കുന്നത്. എനിക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് തങ്കം. ഇഷ്ടപ്പെട്ട കഥാപാത്രമായതുകൊണ്ട് മാത്രമാണ് അഭിനയിച്ചത്. ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യില്ല.’

‘ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ദേവാസുരത്തിലെ ഭാനുമതി. ജീവിച്ചിരിക്കുന്ന കഥാപാത്രം. മോഹന്‍ലാലാണ് രേവതിയെ ആ റോളിലേക്ക് റെക്കമെന്റ് ചെയ്തത്. അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കിട്ടിയതില്‍ ലാലിനോട് നന്ദിപോലും പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തുകയുണ്ടായി.’

‘ദേവാസുരത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചത് മോഹന്‍ലാല്‍ റെക്കമെന്റ് ചെയ്തിട്ടല്ല. ഭാനുമതിയായി അഭിനയിക്കാന്‍ മൂന്ന് നായികനടിമാരെയാണ് അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ശോഭനയും ഭാനുപ്രിയയും ഞാനും. എന്നാല്‍ അക്കഥകളൊന്നും എനിക്കറിയില്ല. ശോഭനക്കുവേണ്ടിയും ഭാനുപ്രിയക്കുവേണ്ടിയും വാദിച്ചത് മോഹന്‍ലാലും രഞ്ജിത്തുമായിരുന്നു. എന്റെ പേര് പറഞ്ഞത് സംവിധായകന്‍ ഐ വി ശശി സാറാണ്. നര്‍ത്തകിമാര്‍ എന്ന പ്ലസ് പോയിന്റായിരുന്നു ശോഭനക്കും ഭാനുപ്രിയക്കും. അതേസമയം നെടുമുടി വേണുവിന്റെ മകളായും നീലകണ്ഠന്റെ തോല്‍വിക്ക് കാരണക്കാരിയായും അഭിനയിക്കാന്‍ പറ്റിയ രൂപമായിരുന്നു എനിക്കെന്ന് മനസിലായി. അതുകൊണ്ടാണ് എനിക്ക് ദേവാസുരത്തിലെ ഭാനുമതിയാകാന്‍ കഴിഞ്ഞത്.

‘ദേവാസുരത്തില്‍ സ്വയം മറന്ന് അഭിനയിച്ച നിമിഷം.’

‘നീലകണ്ഠന്‍ എന്ന ആഭാസന്റെ മുന്നില്‍ ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യേണ്ടിവന്നാലത്തെ ചിന്ത മനസിലുദിച്ചപ്പോള്‍ ഞാന്‍ രേവതി അല്ലാതായി. ഒരു പെണ്ണിനോട് എന്ത് ക്രൂരതയും കാണിക്കാമെന്നു കരുതി, പവിത്രമായ നൃത്തം കളങ്കപ്പെടുത്തിയ നീലകണ്ഠന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് ചിലങ്ക അഴിച്ച് ഞാനിനി നൃത്തം ചെയ്യില്ലെന്നു പറഞ്ഞ രംഗം. അപ്പോള്‍ എനിക്കു അതുവരെ ഇല്ലാതിരുന്ന ആവേശം അമിതാഭിനയത്തിലേക്ക് വഴുതിപ്പോകാതെ ശ്രദ്ധിച്ചു.

‘രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. അടുത്ത സിനിമ?’

‘വര്‍ഷങ്ങള്‍ക്കുമുമ്പ് ‘മിത്ര മൈ ഫ്രണ്ട്’ സംവിധാനം ചെയ്തു. ഇംഗ്ലീഷിലായിരുന്നു സിനിമ. നായിക ശോഭന. ഈ ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു.’ പതിനെട്ട് വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീയുടെ കഥയാണ് ‘മിത്ര് മൈ ഫ്രണ്ട്’ തിരക്കുപിടിച്ച എന്‍ജിനീയറായ ഭര്‍ത്താവിന്റെയും സാംസ്‌കാരികമായും മാനസികമായും ഒരുപാട് അകലത്തില്‍ നില്‍ക്കുന്ന മകളുടെയും ഇടയില്‍ അവര്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണിത്.
രണ്ടാമത്തെ ‘മകള്‍’ അതൊരു മുഴുവന്‍സമയ സിനിമയല്ല. 10 സംവിധാകയര്‍ ചെയ്ത സിനിമ. ‘കേരള കഫെ’ എന്നാണ് സിനിമയുടെ പേര്. അതില്‍ 10 കഥകള്‍. എട്ട് പുരുഷ സംവിധായകരും ഞാനടക്കം രണ്ട് സ്ത്രീസംവിധായകരും. ലോകസിനിമയില്‍ ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതാദ്യമാണ്. രണ്ടര മണിക്കൂറില്‍ 10 സിനിമകളെ ഒരുക്കിയതാണ്. ‘കേരള കഫേ’ ഞാന്‍ സംവിധാനം ചെയ്ത ‘മകള്‍’ തെറ്റില്ലാത്ത സിനിമയാണ്. ഈ സിനിമയുടെ തിരക്കഥ എഴുതിയത് ടി ദാമോദരന്‍ മാഷിന്റെ മകള്‍ ദീദി ദാമോദരനാണ്.
അടുത്ത സിനിമ സുലോചനയിലാണ്. വ്യത്യസ്തമായ കഥ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

‘അധികാര മോഹിയാണ്? അതുകൊണ്ടാണല്ലൊ ലോകസഭയിലേക്ക് മത്സരിച്ചത്’

‘തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അധികാരമോഹം കൊണ്ടായിരുന്നില്ല. ജയിക്കുമെന്ന പ്രതീക്ഷയും ഇല്ലായിരുന്നു. അതേസമയം കരുണാനിധിക്കും ജയലളിതക്കും വോട്ടുചെയ്യാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് എനിക്കുമാത്രം ഭേദപ്പെട്ട വോട്ടുകള്‍ കിട്ടി അതൊരു വന്‍ നേട്ടമാണ്’

‘ഇനിയും മത്സരിക്കുമോ’

‘ഇല്ലെന്ന് പറയാനാവില്ല. എനിക്ക് ശരിയെന്ന് തോന്നിയാല്‍ വീണ്ടും മത്സരിച്ചേക്കാം. അതൊരുപക്ഷെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടല്ല എന്നുമാത്രം.’

Related News