Loading ...

Home sports

ചാമ്ബ്യന്‍സ് ലീഗ്; യുണൈറ്റഡിനെ തകര്‍ത്ത് ബാഴ്‌സ, ക്രിസ്റ്റ്യാനോയുടെ യുവന്റസും പുറത്ത്

ബാഴ്സലോണ: ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെ തോല്‍പ്പിച്ച്‌ അയാക്‌സും സെമി ഉറപ്പിച്ചു. ആദ്യ പാദത്തില്‍ ഒരു ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പാദത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് ലയണല്‍ മെസ്സിയുടെ ഇരട്ടഗോള്‍ ആണ് വന്‍ജയമൊരുക്കിയത്. ഇരുപാദങ്ങളിലുമായി ബാഴ്‌സലോണ 4-0ന്റെ വിജയം ആഘോഷിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ ആക്രമണത്തോടെ യുണൈറ്റഡ് കളം നിറഞ്ഞെങ്കിലും പതിയെ ബാഴ്‌സലോണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പതിനാറാം മിനിറ്റില്‍ മെസ്സിയുടെ ഗോളില്‍ ബാഴ്‌സ ലീഡ് നേടി. 20-ാം മിനിറ്റില്‍ മെസ്സിയുടെ രണ്ടാം ഗോള്‍ കൂടി വന്നതോടെ യുണൈറ്റഡ് തോല്‍വി സമ്മതിച്ചിരുന്നു. 61-ാം മിനിറ്റില്‍ ഫിലിപ്പ് കുടീന്യോയാണ് മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ 2015-ന് ശേഷം ഇതാദ്യമായി ബാഴ്‌സ ചാമ്ബ്യന്‍സ് ലീഗിന്റെ സെമിയില്‍ കടന്നു. ചാമ്ബ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡില്‍ നിന്നും റെക്കോര്‍ഡ് പ്രതിഫലത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ച യുവന്റസിന് സെമിയില്‍ കടക്കാനായില്ല. നെതര്‍ലന്‍ഡ്‌സ് ടീം അയാക്‌സിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദമത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം പാദത്തില്‍ 2-1 എന്ന സ്‌കോറിനാണ് അയാക്‌സിന്റെ വിജയം. 28-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ യുവന്റസ് മുന്നിലെത്തിയതായിരുന്നു. എന്നാല്‍, ഡോണി വാന്‍ ഡി ബീക്കും(34), മാത്തിസ്(67) എന്നിവരുടെ ഗോളുകള്‍ അയാക്‌സിന് വിജയമൊരുക്കി. ഒന്‍പത് വര്‍ഷത്തിനുശേഷം ഇതാദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചാമ്ബ്യന്‍സ് ലീഗിന്റെ സെമിയില്‍ കളിക്കാന്‍ കഴിയില്ല.

Related News