Loading ...

Home sports

ഇവരുടെ ഐപിഎല്‍ ഹണിമൂണ്‍ തീര്‍ന്നു... പാതിവഴിയില്‍ മടക്കം, ഇനി ടീമിന്റെ ഭാവി?

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരായ അവസാന റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. പ്ലേഓഫില്‍ ഏതൊക്കെ ടീമുകളായിരിക്കും ഉണ്ടാവുകയെന്ന് ഇനിയുള്ള മല്‍സരങ്ങളാണ് തീരുമാനിക്കുക. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്, മുന്‍ വിജയികളായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് ഇപ്പോള്‍ പ്ലേഓഫിന് അരികിലെത്തിയിട്ടുള്ളത്. ശേഷിച്ച അഞ്ചു ടീമുകള്‍ തമ്മിലാവും പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി പ്രധാന അങ്കം. നിര്‍ണായക മല്‍സരങ്ങള്‍ നടക്കാനിരിക്കെ പല ടീമുകളിലെയും വിദേശ താരങ്ങള്‍ ഐപിഎല്‍ വിടാനൊരുങ്ങുകയാണ്. മേയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്. മൂന്നു ടീമുകള്‍ അനുമതി നല്‍കിന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍ ടീമുകള്‍ തങ്ങളുടെ താരങ്ങള ഐപിഎല്ലില്‍ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് തങ്ങളുടെ താരങ്ങളോട് ലോകകപ്പ് ഒരുക്കത്തിനായി തിരിച്ചെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് താരങ്ങള്‍ ഇതിനകം ഐപിഎല്‍ വിട്ടു കഴിഞ്ഞു. ഓസീസ് താരങ്ങളോട് മേയ് രണ്ടിനുള്ളില്‍ തിരിച്ചെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയാവട്ടെ ഐപിഎല്ലിലെ പ്ലേഓഫിനു മുമ്ബ് തിരിച്ചത്തണമെന്ന നിബന്ധനയാണ് വച്ചത്.

  

ആരൊക്കെ പോവും?ദക്ഷിണാഫ്രിക്കന്‍ യുവ പേസ് സെന്‍സേഷന്‍ കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസി, ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലി (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ഇംഗ്ലണ്ടിന്റെ മോയിന്‍ അലി, ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ഓസീസ് താരം സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍ റോയല്‍സ്), ഓസീസ് താരം ഡേവിഡ് വാര്‍ണര്‍, ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്, ഓസീസിന്റെ ജാസണ്‍ ബെറന്‍ഡോര്‍ഫ് (മുംബൈ ഇന്ത്യന്‍സ്) എന്നിവരാണ് ഐപിഎല്ലിനിടെ മടങ്ങുന്നത്. ഇവരില്‍ ചിലര്‍ ഇതിനകം നാട്ടിലെത്തിക്കഴിഞ്ഞു.

  

ചില ടീമുകളെ ബാധിക്കില്ലവിദേശ താരങ്ങളുടെ മടക്കം ചില ഫ്രാഞ്ചൈസികള്‍ക്കു അത്ര തിരിച്ചടിയായി മാറാന്‍ സാധ്യതയില്ല. എന്നാല്‍ ചില ടീമുകള്‍ക്കാവട്ടെ പകരം വയയ്ക്കാനാവാത്ത നഷ്ടമായി മാറുകയും ചെയ്യും. ഡല്‍ഹി, കൊല്‍ക്കത്ത, പഞ്ചാബ് എന്നിവര്‍ക്കു ഒരു വിദേശ താരത്തെ മാത്രമേ നഷ്ടമാവുകയുള്ളൂ.
ഇവരില്‍ റബാദയുടെ നഷ്ടം ഡല്‍ഹിക്കു വലിയ ആഘാതമാവും. കാരണം ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളറാണ് റബാദ.
എട്ടു ടീമുകളില്‍ ഏറ്റവുമധികം തിരിച്ചടി നേരിടുക രാജസ്ഥാനും ഹൈദരാബാദുമായിരിക്കും. കാരണം ബട്‌ലര്‍, സ്റ്റോക്‌സ്, ആര്‍ച്ചര്‍, നായകനായ സ്മിത്ത് എന്നിവരുടെ അഭാവം നികത്താന്‍ രാജസ്ഥാനു കഴിയില്ല. ഹൈദരാബാദിനാവട്ടെ മികച്ച ഫോമിലുള്ള തങ്ങളുടെ രണ്ടു ഓപ്പണര്‍മാരായ വാര്‍ണര്‍- ബെയര്‍‌സ്റ്റോ എന്നിവരെയാണ് നഷ്ടമാവുന്നത്. ഇതോടെ ശേഷിച്ച കളികൡ പുതിയ ഓപ്പണിങ് സഖ്യത്തെ അവര്‍ക്കു കണ്ടെത്തേണ്ടിവരും.

Related News