Loading ...

Home sports

അന്ന് കണ്ടത് ചെന്നൈയുടെ ബാറ്റിംഗ് വിസ്ഫോടനം ; ഡെല്‍ഹിയും, ചെന്നൈയും ഏറ്റുമുട്ടിയ 2012 ലെ ക്വാളിഫയര്‍ ഇങ്ങനെ.

പന്ത്രണ്ടാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയര്‍ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. വൈകിട്ട് 7.30 ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും, ഡെല്‍ഹി ക്യാപിറ്റല്‍സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. 2012 ലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറി വീണ്ടും നടക്കുന്നത്. ആ സീസണിലേയും രണ്ടാം ക്വാളിഫയറില്‍ ഈ രണ്ട് ടീമുകള്‍ തന്നെയായിരുന്നു ഏറ്റുമുട്ടിയത്. 2012 ല്‍ ചെന്നൈയില്‍ വെച്ച്‌ നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ ഡെല്‍ഹിയെ 86 റണ്‍സിന് ധോണിപ്പട കീഴടക്കുകയായിരുന്നു. അന്നത്തെ മത്സരം ചുരുക്കത്തില്‍ ഇങ്ങനെ, ടോസ് നേടിയ ഡെല്‍ഹി, എതിരാളികളെ ബാറ്റിംഗിന് അയക്കുന്നു. 58 പന്തില്‍ 15 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 113 റണ്‍സ് നേടിയ മുരളി വിജയ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നിശ്ചിത 20 ഓവറില്‍ ചെന്നൈ നേടിയത് 222/5 എന്ന പടുകൂറ്റന്‍ സ്കോര്‍. 10 പന്തില്‍ 23 റണ്‍സെടുത്ത ധോണിയും, 12 പന്തില്‍ 33 റണ്‍സെടുത്ത ബ്രാവോയും ചെന്നൈയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുന്ന തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഡേവിഡ് വാര്‍ണര്‍, വീരേന്ദര്‍ സേവാഗ്, ആന്ദ്രെ റസല്‍, ജയവര്‍ധനെ, റോസ് ടെയ്ലര്‍ എന്നീ തകര്‍പ്പന്‍ ബാറ്റ്സ്മാന്മാരടങ്ങിയ ഡെല്‍ഹി പക്ഷേ മത്സരത്തില്‍ തകര്‍ന്ന് വീണു. 55 റണ്‍സെടുത്ത ജയവര്‍ധനെ മാത്രമാണ് അല്പമെങ്കിലും പൊരുതി നോക്കിയത്. ബാറ്റ്സ്മാന്മാര്‍ ചീട്ടുകൊട്ടാരം പോലെ വീണ മത്സരത്തില്‍ 16.5 ഓവറുകളില്‍ ടീം പുറത്തായി. അതും വെറും 136 റണ്‍സിന്. അങ്ങനെ ആധികാരിക ജയത്തോടെ ചെന്നൈ ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തപ്പോള്‍ സേവാഗും സംഘവും കണ്ണീരോടെ പുറത്തേക്ക്.

Related News