Loading ...

Home Business

11 രൂപയ്ക്ക് കുപ്പിവെള്ളവുമായി സപ്ലൈകോ

അധികം പണം മുടക്കാതെ തന്നെ കുപ്പിവെള്ളം ലഭ്യമാക്കാന്‍ സപ്ലൈകോ. ഒരു ലിറ്റര്‍ കുപ്പിവെള്ളം 11 രൂപയ്ക്ക് നല്‍കുന്ന പദ്ധതിക്കാണ് സപ്ലൈകോ തുടക്കം കുറിച്ചത്. സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ കുപ്പിവെള്ള നിര്‍മ്മാണ കമ്ബനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കാനാണ് സപ്ലൈകോയുടെ നടപടി. ഇന്നലെ മുതല്‍ സപ്ലൈകോയുടെ 1560 ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കി തുടങ്ങി.

ആദ്യഘട്ടത്തില്‍ മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ വഴിയാണ് കുപ്പിവെള്ള വിതരണം. ഇതിനായി അംഗീകൃത സ്വകാര്യ കമ്ബനികളില്‍ നിന്നും കുപ്പിവെള്ളം വാങ്ങി വില്‍പ്പന നടത്തുന്നതിന് കരാറായി. ഇവര്‍ സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ വെള്ളമെത്തിക്കും. കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഇവ സൂക്ഷിക്കാനുള്ള സൗകര്യം പലയിടങ്ങളിലും ഇല്ല. കൂടാതെ തണുപ്പിച്ച്‌ സൂക്ഷിക്കാനുള്ള സൗകര്യവും ഇനി കണ്ടെത്തണം. യു ഡി എഫ് കാലത്ത് സ്വകാര്യ കമ്ബനികളുമായി ചേര്‍ന്ന് ശബരി ബ്രാന്‍ഡില്‍ കുപ്പിവെള്ള വിതരണം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വിലയേറിയതിനാല്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുറഞ്ഞ വിലയ്ക്ക് കുപ്പി വെള്ളമെത്തിക്കുന്നതിന് ജലസേചന വകുപ്പിന് കീഴിലുള്ള കമ്ബനിയുമായി ചര്‍ച്ച നടക്കുകയാണ്.

വിപണികളില്‍ ഇപ്പോഴും സ്വകാര്യ കമ്ബനികളുടെ ഒരു ലീറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയാണ് വില. ഇത് വലിയ വിലയാണെങ്കിലും ദാഹംവരുമ്ബോള്‍ വാങ്ങി ഉപയോഗിക്കുമെന്ന് ഉപയോക്താക്കളും പറയുന്നു. സപ്ലൈകോയുടെ കുപ്പിവെള്ളം ഇതിന് പരിഹാരമാകും. സ്വകാര്യ കുപ്പിവെള്ളത്തിനുവില 15 രൂപയില്‍ താഴെയാക്കുമെന്ന് കുപ്പിവെള്ള വിതരണക്കാര്‍ മുമ്ബ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. കുപ്പിവെള്ള വിപണിയില്‍ കോടികളുടെ വ്യാപാരമാണ് ദിവസവും നടക്കുന്നത്. അതേസമയം 15 രൂപ നിരക്കില്‍ റെയില്‍വേയില്‍ നിന്നും കുപ്പിവെള്ളം ലഭിക്കുന്നുണ്ട്.

Related News