Loading ...

Home special dish

ചിക്കന്‍ പിക്കാച്ചു

ഡോ. സുരേഷ്. സി. പിള്ള 'അച്ഛന്‍ എന്താ താമസിച്ചത്, മൂവിക്ക് പോകേണ്ടേ? ' 'സമയമുണ്ടെടാ, അച്ഛന്‍ പെട്ടെന്ന് ഡിന്നര്‍ ഉണ്ടാക്കിയിട്ട് വരാം'. 'ഡിന്നര്‍ ഉണ്ടാക്കിയിട്ട് പോകാനോ? നടന്നത് തന്നെ, 6.20 നു മൂവി തുടങ്ങും, ഇപ്പോള്‍ അഞ്ചേകാല്‍.' 'നിന്നെ, 6.15 ന് അവിടെ എത്തിക്കാം' ഇതും പറഞ്ഞു അടുക്കളയിലേക്ക് ഒരു ഓട്ടം ആയിരുന്നു. ഓഫീസില്‍ നിന്നും നാലരയ്ക്ക് ഇറങ്ങാന്‍ പ്ലാന്‍ ചെയ്തതാണ്, അതിന്റെ ഇടയ്ക്ക് അത്യാവശ്യം തീര്‍ക്കേണ്ട കുറെ ജോലികള്‍ വന്നു. സഹധര്‍മ്മിണി വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങില്‍ ആണ്, ഇറങ്ങാന്‍ വൈകും. ഇളയ മോനെയും കൊണ്ട് മൂവിക്കും പോകണം (Pokémon Detective Pikachu), ഡിന്നറും ഉണ്ടാക്കണം. എന്തു ചെയ്യും എന്ന് ഒരു മിനിറ്റ് ആലോചിച്ചു. ഉള്ളി വഴറ്റി, ആചാരപരമായ ചിക്കന്‍ കറി എന്തായാലും നടപ്പുള്ള കാര്യമല്ല. ആചാര ലംഘനം നടത്തി ഇല്ലെങ്കില്‍ മോന് മൂവി മിസ്സ് ആകും. 35 മിനിറ്റേ ആകെയുള്ളൂ. കോഴികളുടെ കുലദൈവം ആയ ഒട്ടകപ്പക്ഷിയെ മനസ്സില്‍ ധ്യാനിച്ചു അടുക്കളയില്‍ കയറി. പാന്‍ എടുത്ത് അതില്‍ ഒരു ചെറിയ കപ്പ് വെള്ളം ഒഴിച്ചു, അതിലേക്ക് അര ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു സ്പൂണ്‍ മുളകു പൊടി, രണ്ടു സ്പൂണ്‍ കുരുമുളകു പൊടി ഇവയിട്ട് ഇളക്കി. അതിലേക്ക് അരക്കിലോ ചിക്കന്‍ കഷണങ്ങള്‍ എടുത്തിട്ട് അടച്ചു വച്ചു തിളപ്പിക്കാന്‍ വച്ചു. അടുത്ത അടുപ്പില്‍ അരിയും ഇട്ടു. കത്തിയും ആയി വര്‍ക്ക് ഏരിയായില്‍ പോയി. അഞ്ച് ചെറിയ സബോളയും, ആറു വെളുത്തുള്ളിയുടെ ഇതളുകളും പൊളിച്ചെടുത്തു. ഒരു ചെറിയ ഇഞ്ചി കഷണവും, മൂന്ന് പച്ചമുളകും. എല്ലാം കൂടി കുനു കുനാ അരിഞ്ഞു. ചിക്കന്‍ ഒന്ന് ഇളക്കിയിട്ട് അതിലേക്ക് കുറച്ചു എണ്ണ (രണ്ടു ടീ സ്പൂണ്‍) ഒഴിച്ചു. ഒന്നു കൂടി ഇളക്കിയിട്ട് അതിലേക്ക് അരിഞ്ഞ സബോള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി ഇവയെല്ലാം ചേര്‍ത്തു വീണ്ടു അടച്ചു വച്ചു. സിനിമയ്ക്ക് പോകാനായി ഡ്രസ്സ് ഒക്കെ മാറി വന്നിട്ട് ഒന്ന് കൂടി ഇളക്കി. ഉള്ളിയൊക്കെ നല്ല മയമായി ചിക്കനോട് ചേര്‍ന്നു. കണ്ടാല്‍ എണ്ണയില്‍ ഇട്ടു വരട്ടിയ പോലെ ഉണ്ട്, പക്ഷെ ആകെ രണ്ടു ടീ സ്പൂണ്‍ എണ്ണയെ ഉപയോഗിച്ചുള്ളൂ. ചോറ് വാര്‍ത്തിട്ട്, ചിക്കന്‍ ഒന്നു കൂടി ഇളക്കി. അവസാനം ഉപ്പ് ആവശ്യത്തിന് ചേര്‍ക്കാം (വേണമെങ്കില്‍ വറ്റല്‍ മുളക് ഒക്കെയിട്ട് ഒന്ന് കടുകു വറക്കാം). ഇതാണ് ചിക്കന്‍ പിക്കാച്ചു (പേര് മോന്റെ ഇന്നത്തെ മൂവിയില്‍ നിന്നും Pokémon Detective Pikachu).
മൂവിക്ക് എന്തായാലും മോനോട് പറഞ്ഞ പോലെ തന്നെ 6.15 ന് എത്തി.
മൂവി കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഭാര്യയുടെയും, മൂത്ത മോന്റെയും ഫീഡ്ബാക്ക് 'അടിപൊളി'. യാദൃശ്ചികമായി, തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ ഉണ്ടാക്കിയ പലതും ആണ്, റെസിപ്പി നോക്കി ഉണ്ടാക്കിയതിലും ടേസ്റ്റ് ആയി തോന്നിയിട്ടുള്ളത്. എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കൂ, സമയവും ലാഭം, എണ്ണയും വേണ്ട, അപാര ടേസ്റ്റും.

Related News