Loading ...

Home sports

ഇനിയെല്ലാം ചടങ്ങുകള്‍ മാത്രം; യുവരാജ് സിങ് കളി മതിയാക്കുന്നു

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ യുവരാജ് സിങ് വിരമിക്കാനൊരുങ്ങുന്നു. വിദേശ ടി20 ലീഗുകളില്‍ കളിക്കാനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും യുവരാജ് സിങ് വിരമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശത്തെ ടി20 ലീഗുകളില്‍ കളിക്കണമെങ്കില്‍ ബിസിസിഐയുടെ അനുമതി വേണം. ഈ അനുമതി ലഭിച്ചാല്‍ മാത്രമായിരിക്കും വിരമിക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം താരം എടുക്കുകയുള്ളൂ. ഇന്ത്യയ്ക്കായി ഇനിയൊരു മത്സരം കൂടി കളിക്കുകയെന്നത് അസാധ്യമാണെന്ന് യുവിക്ക് ബോധ്യപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. "അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ യുവരാജ് ആലോചിക്കുകയാണ്. ജി20, യൂറോ ടി20 സ്ലാം തുടങ്ങിയ ലീഗുകളില്‍ കളിക്കാന്‍ വേണ്ട ബിസിസിഐ അനുമതിയ്ക്കായി ശ്രമിക്കുകയാണ് താരം" പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ തന്റെ പേര് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ താര ലേലത്തിനുള്ള ഡ്രാഫ്റ്റില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ പഠാന്‍ ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റ് കൡക്കുന്ന താരമായതിനാല്‍ ബിസിസിഐയുടെ അനുമതി ലഭിക്കണമെന്നില്ല. തന്റെ കരിയറിന്റെ അന്തിമ ദിശയിലൂടെ കടന്നു പോവുകയാണ് യുവരാജ് ഇപ്പോള്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ യുവിയ്ക്ക് ആദ്യ നാലു മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഇതോടെയാകാം താരം കളി മതിയാക്കാന്‍ തീരുമാനിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേസമയം, സെവാഗിനും സഹീറിനും ടി10 ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കുമെങ്കില്‍ യുവരാജിനും പുറത്ത് പോയി കളിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഒരു വിഭാഗം പറയുന്നത്.

Related News