Loading ...

Home sports

ഇംഗ്ലണ്ട്‌ പിടിക്കാൻ കോഹ്‌ലിപ്പട

ലണ്ടൻ
നിറഞ്ഞ പ്രതീക്ഷകളുമായി ഇന്ത്യൻ ക്രിക്കറ്റ‌് ടീം ഇംഗ്ലണ്ടിലെത്തി. കണക്കുകൂട്ടലുകൾ അവസാനിച്ചു, ഇനി കളത്തിലാണ‌് കളി. 25ന‌് ന്യൂസിലൻഡുമായി നടക്കുന്ന സന്നാഹ മത്സരത്തോടെ ലോകകപ്പ‌് ക്രിക്കറ്റ‌് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര തുടങ്ങും. 30 മുതൽ ജൂലൈ 14 വരെ നീണ്ടുനിൽക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ കപ്പുയർത്തി, വിരാട‌് കോഹ‌്‌ലിയും സംഘവും വീരോചിതമായി തിരിച്ചെത്തുമെന്ന‌ാണ‌് ആരാധകരുടെ പ്രതീക്ഷ.
1983ലും 2011ലും ലോകകപ്പ‌് ചാമ്പ്യൻമാരായ ഇന്ത്യ നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തിയാണ‌്. ഏകദിന റാങ്കിങ‌് പട്ടികയിൽ രണ്ടാംസ്ഥാനക്കാർ. വിരാട‌് കോഹ‌്‌ലി തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ. ഇംഗ്ലണ്ടിലെ റണ്ണൊഴുകുന്ന പിച്ചുകൾ... കാര്യങ്ങൾ ഇന്ത്യക്ക‌് അനുകൂലമാണ‌്.

  കോഹ‌്‌ലി തന്നെയാണ‌് പ്രധാന ആയുധം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ‌്സ‌്മാനാണ‌് കോഹ‌്‌ലി. ക്യാപ‌്റ്റൻ ആയതിനുശേഷമുള്ള ആദ്യ ലോകകപ്പാണിത‌്.
227 ഏകദിന മത്സരങ്ങളിൽ 10,843 റണ്ണാണ‌് കോഹ‌്‌ലിയുടെ സമ്പാദ്യം. 41 സെഞ്ചുറികളും ഇതിനകം നേടി. ലോകകപ്പിൽ 17 മത്സരങ്ങളിൽ സ്വന്തമാക്കിയത‌് 481 റൺ. രണ്ട‌് സെഞ്ചുറിയും ഒരു അരസെഞ്ചുറിയും ഇതിലുൾപ്പെടും. മോശമല്ലാത്ത തയ്യാറെടുപ്പാണ‌് കോഹ‌്‌ലിയും സംഘവും ലോകകപ്പിനായി നടത്തിയത‌്.
ഓപ്പണിങ‌് നിരയിൽ രോഹിത‌് ശർമ–-ശിഖർ ധവാൻ സഖ്യം എതിരാളികളെ ഭയപ്പെടുത്തും. രോഹിത‌് ഏകദിന ക്രിക്കറ്റിൽ രണ്ട‌് ഇരട്ട സെഞ്ചുറികൾ നേടിയ കളിക്കാരനാണ‌്. ഐസിസി ടൂർണമെന്റുകളിൽ നിലവിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ റണ്ണടിച്ചുകൂട്ടിയ താരമാണ‌് ധവാൻ. ഇരുവരും താ‌‌ളം കണ്ടെത്തിയാൽ ഇന്ത്യക്ക‌് കുതിക്കാം.
മധ്യനിരയിൽ പരിചയസമ്പന്നനായ മഹേന്ദ്ര സിങ‌് ധോണിയുടെ സാന്നിധ്യമുണ്ട‌്. ദിനേശ‌് കാർത്തിക‌്, കേദാർ ജാദവ‌് എന്നിവരും ബാറ്റിങ‌് നിരയിലുണ്ട‌്.
ഓൾ റൗണ്ടർ ഹാർദിക‌് പാണ്ഡ്യയുടെ പ്രകടനം നിർണായകമാകും. വാലറ്റത്ത‌് തകർത്തടിച്ച‌് ക‌ളിക്കാൻ കഴിവുള്ള പാണ്ഡ്യക്ക‌് ബൗളിങ്ങിലും തിളങ്ങാനാകും. ഐപിഎലിൽ ഉശിരൻ ബാറ്റിങ്‌ പ്രകടനം പുറത്തെടുത്ത പാണ്ഡ്യ ലോകകപ്പിലും ആ മികവ‌് ആവർത്തിച്ചാൽ ഇന്ത്യക്ക‌് കാര്യങ്ങൾ എളുപ്പമാകും.
പേസ‌് വിഭാഗത്തിൽ ലോക ഒന്നാംറാങ്കുകാരൻ ജസ‌്പ്രീത‌് ബുമ്രയാണ‌് നായകൻ. ലോകത്തെ ഏറ്റവും അപകടകാരിയായ ബൗളറാണ‌് ബുമ്ര. ഇംഗ്ലണ്ടിലെ ബാറ്റിങ‌് വിക്കറ്റുകളിൽ ബുമ്രയുടെ പന്തുകളാകും ഇന്ത്യയുടെ ഗതി നിർണയിക്കുക. മുഹമ്മദ‌് ഷമിയും ഭുവനേശ്വർ കുമാറും കൂട്ടിനുണ്ട‌്. സ‌്പിന്നർമാരായ കുൽദീപ‌് യാദവും യു‌ശ‌്‌വേന്ദ്ര ചഹാലും ഏകദിനത്തിൽ മികവുകാട്ടുന്നവരാണ‌്. ഐപിഎൽ കളിക്കാരെ തളർത്തിയിട്ടില്ലെന്നാണ‌് കോഹ‌്‌ലി വ്യക്തമാക്കിയത‌്. ജൂൺ അഞ്ചിന‌് ദക്ഷിണാഫ്രിക്കയുമായാണ‌് ഇന്ത്യയുടെ ആദ്യ കളി. സെമിയിൽ എളുപ്പത്തിൽ കടക്കാമെന്ന പ്രതീക്ഷയിലാണ‌് ഇന്ത്യൻ ടീം.


Related News