Loading ...

Home sports

ലങ്കയെ ബാറ്റിങ്ങിന് അയച്ച്‌ അഫ്ഗാനിസ്ഥാന്‍; കാര്‍ഡിഫില്‍ അട്ടിമറിയോ തിരിച്ചു വരവോ?

കാര്‍ഡിഫ്: ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ജീവന്‍ മെന്‍ഡിസിന് പകരം നുവാന്‍ പ്രദീപിനെ ശ്രീലങ്ക ടീമിലെത്തിച്ചിട്ടുണ്ട്. അഫ്ഗാന്‍ ടീമില്‍ മാറ്റമില്ല. ടീം അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്‌സാദ്, ഹസ്രത് സസല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷഹീദി, മുഹമ്മദ് നബി, ഗുലാബ്ദിന്‍ നയ്ബ്, നജീബുള്ള സര്‍ദ്രാന്‍, റാഷിദ് ഖാന്‍, ദാവ്‌ലത്ത് സാദ്രാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഹമീദ് ഹസന്‍. ശ്രീലങ്ക: ദിമുത്ത് കരുണരത്‌നെ, ലഹിരു തിരുമാനെ, കുസാല്‍ പെരേര, കുസാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, തിസര പെരേര, ഇസുരു ഉഡാന, സുരംഗ ലക്മല്‍, നുവന്‍ പ്രദീപ്, ലസിത് മലിംഗ. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞ ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു. കണക്കുകളിലും പ്രതാപത്തിലും മുന്നിലുള്ളത് ശ്രീലങ്കയാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് ഉത്തരം പറയുക ബുദ്ധിമുട്ടാകും. പാക്കിസ്ഥാനും ശ്രീലങ്കയും പരാജയപ്പെട്ടപ്പോള്‍ ഏഷ്യയുടെ ശബ്ദം ലോകകപ്പ് വേദിയില്‍ ആദ്യമുയര്‍ത്തിയവരാണ് അഫ്ഗാനിസ്ഥാന്‍. ഏഴ് വിക്കറ്റുകള്‍ക്ക് ഓസ്ട്രേലിയക്ക് മുന്നില്‍ തോറ്റെങ്കിലും തങ്ങള്‍ ഇത്തിരിക്കുഞ്ഞന്മാരല്ലെന്ന് അഫ്ഗാനുകാര്‍ തെളിയിച്ചതാണ്. ആദ്യ കളിയില്‍ ഓപ്പണര്‍മാര്‍ രണ്ടു പേരും പൂജ്യത്തിന് മടങ്ങിയതോടെ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിയാമെന്നായിരുന്നു ഓസീസുകാര്‍ കരുതിയത്. എന്നാല്‍ പൊരുതാനുറച്ച മധ്യനിരയും വാലറ്റവും ചേര്‍ന്ന് നടത്തിയത് സമാതകളില്ലാത്ത തിരിച്ചു വരവാണ്.38.2 ഓവറില്‍ പുറത്താകുമ്ബോള്‍ അഫ്ഗാന്‍ 207 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ എത്തിയിരുന്നു. ഓള്‍ റൗണ്ട് മികവിലാണ് അഫ്ഗാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ കളിയില്‍ നേരത്തെ പുറത്തായ ഷെഹ്സാദ് ഇന്ന് തിരികെ വന്നാല്‍ കളിയുടെ ഗതി അഫ്ഗാന് അനുകൂലമാകും. റാഷിദും നൈബും റഹ്മത്തുമെല്ലാം ഫോമിലാണെന്നത് ടീമിന് പ്രതീക്ഷ നല്‍ക്കുന്നു എന്നാല്‍ മറുവശത്തുള്ള ശ്രീലങ്കയുടെ നിര ഏറെ പരുങ്ങലിലാണ്. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റുവാങ്ങിയത് 10 വിക്കറ്റിന്റെ പരാജയമാണ്. നായകന്‍ ദിമുത്ത് കരുണരത്നെ ഒഴികെ ഒരാള്‍ പോലും തിളങ്ങിയില്ല. 136 റണ്‍സ് മാത്രമായിരുന്നു ലങ്കയുടെ സമ്ബാദ്യം. ഇതാകട്ടെ 16.1 ഓവറില്‍ ന്യൂസിലന്‍ഡ് മറികടക്കുകയും ചെയ്തു. കുസാല്‍ പെരേരയടക്കമുള്ളവര്‍ ഫോമിലേക്ക് തിരികെ വരേണ്ടത് വളരെ അത്യാവശ്യമായി മാറിയിരിക്കുകയാണ്. ബോളിങ്ങില്‍ ലസിത് മലിംഗയിലാണ് ഇപ്പോഴും ടീമിന്റെ പ്രതീക്ഷ. കഴിഞ്ഞ കളിയിലെ പ്രകടനവും അതിന് മുമ്ബത്തെ ഒരു വര്‍ഷത്തിലധികം കാലത്തെ സ്ഥിരതയും കണക്കിലെടുത്താല്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ ജയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാകും അത്.

Related News