Loading ...

Home sports

നെയ്മര്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ല ; ബ്രസീല്‍ ആരാധകര്‍ക്ക് ഞെട്ടല്‍.

ലിഗമെന്റിനേറ്റ പരിക്കിനെത്തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കില്ല. അല്പം മുന്‍പ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ബ്രസീലിയന്‍ ആരാധകര്‍ക്ക് മുഴുവന്‍ വലിയ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണിത്. കഴിഞ്ഞ കുറച്ച്‌ നാളുകളായി പരിക്കിന്റെ പിടിയിലുള്ള നെയ്മര്‍ക്ക് ഇന്നലെ ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെ കണ്ണങ്കാലിന് പരിക്കേറ്റിരുന്നു. ഖത്തറിനെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കിനെത്തുടര്‍ന്ന് കളം വിട്ട നെയ്മറെ പിന്നീട് ക്രച്ചസിലായിരുന്നു സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോയത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുന്‍പ് പരിക്കില്‍ നിന്ന് മോചിതനാവാന്‍ നെയ്മര്‍ക്ക് കഴിയില്ലെന്ന് പരിശോധനകളില്‍ നിന്ന് മനസിലായതോടെയാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. അതേ സമയം സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ നെയ്മറിന്റെ അഭാവം ബ്രസീലിന്റെ സാധ്യതകളെ പിന്നോട്ടടിക്കും. ഇത്തവണ സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് വേണ്ടി വലിയ പ്രതീക്ഷകളോടെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് നെയ്മര്‍ ടീമിന് പുറത്താകുന്നത്. ജൂണ്‍ പതിനാലിന് ബൊളീവിയക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ആദ്യ മത്സരം.

Related News