Loading ...

Home Business

റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ കുറവു വരുത്തിയെങ്കിലും വായ്പാ പലിശ നിരക്കുകള്‍ കാര്യമായി കുറഞ്ഞേക്കില്ല; വിനയാകുന്നത് നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ നിലവില്‍ കഴിയില്ലെന്ന ബാങ്കുകളുടെ വിലയിരുത്തല്‍

കൊച്ചി∙ ബാങ്കുകളുടെ പലിശ നിരക്കു കുറയ്ക്കാന്‍ വഴിതുറക്കും വിധം റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കായ റീപോയില്‍ 25 പോയിന്റ് കുറവു വരുത്തിയെങ്കിലും ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറയാത്ത സ്ഥിതിക്ക് വായ്പാ പലിശ നിരക്കുകള്‍ കാര്യമായി കുറയാന്‍ സാധ്യതയില്ല. അതേ സമയം ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഫണ്ട് കൈമാറ്റങ്ങള്‍ക്കു റിസര്‍വ് ബാങ്ക് ഫീസ് ഈടാക്കുന്നത് റദ്ദാക്കിയത് ഇടപാടുകാര്‍ക്ക് ആശ്വാസമേകുന്നു. ഈ ഇളവ് ഇടപാടുകാര്‍ക്കു കൈമാറാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ ഉടന്‍ നിര്‍ദേശം നല്‍കും. എടിഎം ഉള്‍പ്പെടെയുള്ള ബാങ്ക് ഇടപാടുകളുടെ ഫീസ് നിരക്ക് പുനര്‍നിശ്ചയിക്കാന്‍ സമിതിയെ ഏര്‍പ്പെടുത്തുകയും ചെയ്തു. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ (റീപോ) പലിശ നിരക്കില്‍ 0.25% കുറവാണു വരുത്തിയത്. 0.25% വീതം ഇക്കൊല്ലം മൂന്നാം തവണയാണു നിരക്കു കുറയ്ക്കുന്നത്. ഇതോടെ 5.75% ആയി നിരക്ക്. 2010 സെപ്റ്റംബറിനു ശേഷം റീപോ നിരക്ക് 6 ശതമാനത്തില്‍ താഴെയെത്തുന്നത് ആദ്യം. ഇക്കൊല്ലം രണ്ടു തവണയായി 0.5% റീപോ നിരക്ക് ആര്‍ബിഐ കുറച്ചെങ്കിലും ബാങ്ക് വായ്പകളില്‍ അതനുസരിച്ചുള്ള 0.5% കുറവ് ഉണ്ടായിട്ടില്ല. അതിനു കാരണം റീപോയിലൂടെ ബാങ്കുകള്‍ക്കു ലഭിക്കുന്ന ഫണ്ട് ആകെ ഫണ്ടിന്റെ 1.5% മാത്രമാണെന്നതാണ്. ബാക്കി 98.5% ഫണ്ട് പുറത്തു നിന്നുള്ള നിക്ഷേപങ്ങളിലൂടെയാണു വരുന്നത്. വായ്പകളുടെ വളര്‍ച്ചയെക്കാള്‍ കുറവാണ് ഇപ്പോള്‍ നിക്ഷേപങ്ങളുടെ വളര്‍ച്ച. അതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള പദ്ധതികളിലാണു ബാങ്കുകള്‍. അതിനാല്‍ നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ കഴിയില്ല. നിക്ഷേപ പലിശ കുറയ്ക്കാതെ വായ്പാ പലിശയും കുറയ്ക്കാനാകില്ല. റീപോ നിരക്ക് കുറഞ്ഞാലും പലിശ ആനുപാതികമായി കുറയില്ല എന്നു ചുരുക്കം. ദേശീയ സമ്ബാദ്യ സര്‍ട്ടിഫിക്കറ്റിന് 8.25% പലിശ ഉള്ളപ്പോള്‍ ബാങ്ക് നിക്ഷേപ പലിശ 7.25% വരെ മാത്രമാണ്. സ്വാഭാവികമായും നിക്ഷേപം പലിശ കൂടിയിടത്തേക്കു പോകുന്നു. നിക്ഷേപ പലിശ ഇനിയും കുറയ്ക്കാന്‍ കഴിയാത്തതിന് ഇതും കാരണമാണ്. ഇനി വായ്പാ പലിശ നിരക്കില്‍ നേരിയ ഇളവ് ഉണ്ടാകുന്നെങ്കില്‍ തന്നെ അതിനു 4 മാസത്തെയെങ്കിലും പ്രസാരണ സമയം വേണ്ടി വരുമെന്ന് ബാങ്കിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പു സാമ്ബത്തിക വര്‍ഷത്തെ സാമ്ബത്തിക വളര്‍ച്ചയുടെ അനുമാന നിരക്ക് നേരത്തേ ആര്‍ബിഐ കണക്കു കൂട്ടിയിരുന്ന 7.2 ശതമാനത്തില്‍ നിന്ന് 7% ആയി കുറയ്ക്കുകയാണെന്നും ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. എന്നാല്‍ പണപ്പെരുപ്പം നേരത്തേ അനുമാനിച്ചിരുന്നതില്‍ നിന്നു താഴെ ആണെന്നതും വിദേശ നാണ്യ ശേഖരം 42190 കോടി ഡോളറില്‍ എത്തിയതും സേവന രംഗത്തെ വളര്‍ച്ചയും നല്ല മഴ ലഭിക്കുമെന്ന പ്രവചനവും ശുഭസൂചനകളാണ്. ഇലക്‌ഷന്‍ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി സര്‍ക്കാര്‍ മൂലധനച്ചെലവു കുറഞ്ഞതും രാജ്യത്തെ ഫാക്ടറി ഉല്‍പാദനം ദുര്‍ബലമായതും സാമ്ബത്തിക വളര്‍ച്ച നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പുതുക്കിയ റീപോ നിരക്ക്: 5.75% റിവേഴ്സ് റീപോ (ബാങ്ക് നിക്ഷേപത്തിന് ആര്‍ബിഐ നല്‍കുന്ന പലിശ) നിരക്ക്: 5.5% സാമ്ബത്തിക വളര്‍ച്ച: 7% പണപ്പെരുപ്പ നിരക്ക്: 3-3.1% വിദേശനാണ്യ ശേഖരം: 42190 കോടി ഡോളര്‍. ഉപഭോക്തൃ വില സൂചിക: 3.4%-3.7%

Related News