Loading ...

Home sports

പാകിസ്ഥാനോടും തോല്‍വി; ദക്ഷിണാഫ്രിക്ക സെമി കാണാനാകാതെ പുറത്ത്‌

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്ക പുറത്ത്. 49 റണ്‍സിന് പാകിസ്ഥാനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് ഈ ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയുടെ വഴി അടഞ്ഞത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ഹാരിസ് സൊഹൈലാണ് കളിയിലെ താരം.

ഓപ്പണര്‍ ഹാഷിം അംലയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് എടുത്ത അംലയെ മുഹമ്മദ് ആമിര്‍ പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഡി കോക്കും ഡുപ്ലസിസും ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും ഡി കോക്കിനെ വീഴ്ത്തി ഷദാബ് ഖാന്‍ കൂട്ടുകെട്ട് പൊളിച്ചു. ഡി കോക്ക് 60 പന്തില്‍ 47 റണ്‍സ് നേടി.

അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസിസിനെയും ആമിര്‍ പുറത്താക്കി. ഡുപ്ലെസിസ് 79 പന്തില്‍ 63 റണ്‍സ് എടുത്തു. വാന്‍ ഡി ഡുസന്‍ 47 പന്തില്‍ 36 റണ്‍സും ഡേവിഡ് മില്ലര്‍ 37 പന്തില്‍ 31 റണ്‍സും എടുത്ത് പുറത്തായി.
പാകിസ്ഥാന് വേണ്ടി 10 ഓവറില്‍ 50 റണ്‍സ് വഴങ്ങി ഷദാബ് ഖാനും 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി വഹാബ് റിയാസും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് സ്വന്തമാക്കി. പാകിസ്ഥാന് വേണ്ടി ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി.

Related News