Loading ...

Home sports

തകര്‍പ്പന്‍ പ്രകടനം; ഷാക്കിബ് യുവിയുടെ റെക്കോര്‍ഡിനൊപ്പം

സതാംപ്ടണ്‍: ബാറ്റുകൊണ്ടും പന്തു കൊണ്ടും ഷാക്കിബ് അല്‍ ഹസന്‍ തിളങ്ങിയ മത്സരത്തില്‍ അഫ്ഗാനിസ്താനെ 62 റണ്‍സിന് തോല്‍പ്പിച്ച്‌ ബംഗ്ലാദേശ് ലോകകപ്പിലെ സെമി പ്രതീക്ഷകള്‍ അണയാതെ കാത്തിരുന്നു. മികച്ച പ്രകടനത്തോടെ ഷാക്കിബ് ലോകകപ്പിലെ ഒരു അപൂര്‍വ നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ യുവ്‌രാജ് സിങിനു ശേഷം ലോകകപ്പിലെ ഒരു മത്സരത്തില്‍ അര്‍ധസെഞ്ചുറിയും അഞ്ചു വിക്കറ്റും നേടുന്ന ഏക താരമായും ഷാക്കിബ് മാറി. 2011 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് യുവി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 31 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ യുവി 75 പന്തില്‍ നിന്ന് 50 റണ്‍സുമെടുത്തു. അഫ്ഗാനെതിരായ മത്സരത്തില്‍ 69 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ഷാക്കിബ് 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റും വീഴ്ത്തി. ഏകദിനത്തില്‍ ഷാക്കിബിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ലോകകപ്പില്‍ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഇതാണ്. ടൂര്‍ണമെന്റിലെ താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ചുറിയുമായിരുന്നു ഇത്. ഇതോടൊപ്പം ബംഗ്ലാദേശിനായി ലോകകപ്പുകളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും ഷാക്കിബ് സ്വന്തമാക്കി. ലോകകപ്പില്‍ ആയിരം ക്ലബിലെത്തുന്ന പത്തൊന്‍പതാമനാണ് ഷാക്കിബ്. ഈ ലോകകപ്പിലെ ആറു മത്സരങ്ങളില്‍ നിന്ന് 476 റണ്‍സ് ഷാക്കിബിന്റെ അക്കൗണ്ടിലുണ്ട്. അഞ്ചു തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തു. 11 വിക്കറ്റുകളും സ്വന്തമാക്കി. വിന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സെഞ്ചുറി പ്രകടനവും.

Related News