Loading ...

Home sports

ലോകകപ്പ് ബൗണ്ടറി എണ്ണി ഇംഗ്ലണ്ടിന് സമ്മാനിച്ചതില്‍ വിവാദം

ലോകകപ്പ് ഫൈനലില്‍ വിജയിയെ തീരുമാനിച്ച ഐസിസി നിയമത്തെ വിമര്‍ശിച്ച്‌ മുന്‍ താരങ്ങള്‍ അടക്കമുള്ളര്‍ രംഗത്ത്. ന്യൂസിലാന്‍ഡിനോട് ഐസിസി കാണിച്ചത് ക്രൂരതയാണെന്ന് മുന്‍താരങ്ങളും ആരാധകരും ഒരേസ്വരത്തില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ ആരാധക രോഷം കത്തുകയാണ്. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും അനുവദിച്ച സമയത്തില്‍ സമനില പാലിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറും സമനിലയിലായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ മുന്നില്‍ നിന്ന ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇംഗ്ലണ്ടും ന്യൂസീലാന്‍ഡും തോല്‍ക്കുകയോ വിജയിക്കുകയോ ചെയ്യാതെ ടൈ ആയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ചാമ്ബ്യന്‍മാരായി പ്രഖ്യാപിച്ചത് അംഗീകരിക്കാന്‍ ആകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സൂപ്പര്‍ ഓവറിന്റെ നിയമം ഇങ്ങനെയൊക്കെ ആണെങ്കിലും ബൗണ്ടറി എണ്ണി മാത്രം ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും അധികം നേടാത്ത ഇംഗ്ലണ്ടിനെ വിജയികളാക്കിയത് അനീതിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത് എന്തുകൊണ്ട് കണക്കാക്കുന്നില്ലെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. സൂപ്പര്‍ ഓവറില്‍ ന്യൂസീലാന്‍ഡ് സിക്സും അടിച്ചിരുന്നു. എന്നിട്ടും നിയമം ബൗണ്ടറി മാത്രം കണക്കാക്കി ഇംഗ്ലണ്ടിനെ തുണക്കുകയായിരുന്നു. ഇംഗ്ലണ്ട് മത്സരത്തിലാകെ 26 തവണ പന്ത് ബൗണ്ടറി ലൈന്‍ കടത്തിയപ്പോള്‍ ന്യൂസീലന്‍ഡിന്റെ പേരിലുണ്ടായത് മൂന്ന് സിക്സ് അടക്കം 17 ബൗണ്ടറികള്‍. ആരാദകര്‍ മാത്രമല്ല, മുന്‍താരങ്ങളും സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്ബോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുന്‍ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയമം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫും പറയുന്നു. ഐസിസിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീര്‍ സൂപ്പര്‍ ഓവറിലെ വിജയി നിര്‍ണ്ണയത്തെ വിശേഷിപ്പിച്ചത്. സൂപ്പര്‍ ഓവറും ടൈ ആയപ്പോള്‍ ലോകകപ്പ് കിരീടം പങ്കിടാമായിരുന്നില്ലേ എന്നും ചോദിച്ചവരുണ്ട്‌.

Related News