Loading ...

Home sports

ന്യൂസിലന്‍ഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന്‌ സ്റ്റോക്ക്സും പരിഗണനയില്‍ ; ആരാധകര്‍ക്ക് അദ്ഭുതം

ഇത്തവണത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് കാഴ്ച വെച്ചത്. ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കിയ മത്സരത്തില്‍ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്ക്സായിരുന്നു. എന്നാല്‍ ഇപ്പോളിതാ ഇതേ സ്റ്റോക്ക്സിന്റെ പേര് ന്യൂസിലന്‍ഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ജന്മം കൊണ്ട് ന്യൂസിലന്‍ഡുകാരനായതാണ് സ്റ്റോക്ക്സിന്റെ പേരും ഈ പുരസ്കാരത്തിന് പരിഗണനയിലെത്താന്‍ കാരണം. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച സ്റ്റോക്ക്സ് തന്റെ പന്ത്രണ്ടാം വയസിലായിരുന്നു ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. മുന്‍ ന്യൂസിലന്‍ഡ് റഗ്ബി ലീഗ് താരമായിരുന്ന അച്ഛന്‍ ജെറാഡ് സ്റ്റോക്ക്സിന്റെ ജോലിയുടെ സൗകര്യത്തിന് വേണ്ടിയായിരുന്നു ബെന്‍ സ്റ്റോക്ക്സും കുടുംബവും ഇംഗ്ലണ്ടിലേക്ക് താമസം മാറ്റിയത്. അവിടെ ഒരു ഇംഗ്ലീഷ് ക്ലബ്ബിനെ പരിശീലിപ്പിക്കാനെത്തിയ ബെന്‍ സ്റ്റോക്ക്സിന്റെ പിതാവ്, ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡിലേക്ക് മടങ്ങി. എന്നാല്‍ അപ്പോളേക്കും ബെന്‍സ്റ്റോക്ക്സ് ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയിരുന്നു. ഇപ്പോളും ക്രൈസ്റ്റ് ചര്‍ച്ചിലില്‍ ആണ് ബെന്‍ സ്റ്റോക്ക്സിന്റെ അച്ഛനും അമ്മയും താമസിക്കുന്നത്. ന്യൂസിലന്‍ഡിന് വേണ്ടി കളിക്കുന്നില്ലെങ്കിലും, ജന്മം കൊണ്ട് ന്യൂസിലന്‍ഡുകാരനായതിനാല്‍ ബെന്‍ സ്റ്റോക്ക്സിനെ ഈ പുരസ്കാരത്തിന് പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ ന്യൂസിലന്‍ഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവ് കാമറോണ്‍ ബെനറ്റ് അഭിപ്രായപ്പെടുന്നു. ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്ല്യംസണിന്റെ പേരും ഈ പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്. 2020 ഫെബ്രുവരിയിലായിരിക്കും പുരസ്കാരം ആര്‍ക്കെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Related News