Loading ...

Home sports

വെസ്റ്റ് ഇന്‍ഡീസിസ് ടെസ്റ്റ്; ഇന്ത്യ പൊരുതുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തിട്ടുണ്ട്. 81 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ ഇന്നിംഗ്സാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. രഹാനെയെക്കൂടാതെ ലോകേഷ് രാഹുല്‍, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവര്‍ മാത്രമാണ് ഇന്ത്യയില്‍ രണ്ടക്കം കടന്നത്. വിന്‍ഡീസിനു വേണ്ടി കെമാര്‍ റോച്ച്‌ മൂന്നു വിക്കറ്റ് വീഴ്ത്തി.
രോഹിത് ശര്‍മ്മയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ലോകേഷ് രാഹുല്‍ മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യയുടെ ബാറ്റിംഗ് ഓപ്പണ്‍ ചെയ്തു. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച വിന്‍ഡീസിനു കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു. അഞ്ചാം ഓവറില്‍ അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2) എന്നിവരെ പുറത്താക്കിയ കെമാര്‍ റോച്ച്‌ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കി. എട്ടാം ഓവറില്‍ ഷാനോന്‍ ഗബ്രിയേലിനു വിക്കറ്റ് സമ്മാനിച്ച്‌ കോലിയും (9) മടങ്ങിയതോടെ ഇന്ത്യ വലിയ ഒരു തകര്‍ച്ച മുന്നില്‍ കണ്ടു.
നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രഹാനെ-രാഹുല്‍ സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും 35ആം ഓവറില്‍ വേര്‍പിരിഞ്ഞു. 44 റണ്‍സെടുത്ത രാഹുലിനെ റോസ്റ്റണ്‍ ചേസ് പുറത്താക്കി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഹനുമ വിഹാരി രഹാനെയ്ക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ അപകടം ഒഴിവാക്കി. ഇരുവരും ചേര്‍ന്ന് 82 റണ്‍സ് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. 55ആം ഓവറില്‍ 32 റണ്‍സെടുത്ത വിഹാരിയെ പുറത്താക്കിയ കെമാര്‍ റോച്ച്‌ ഈ കൂട്ടുകെട്ട് പൊളിച്ചു.
60ആം ഓവറില്‍ 81 റണ്‍സെടുത്ത രഹാനെയും പുറത്തായി. ഷാനോന്‍ ഗബ്രിയേലിനായിരുന്നു വിക്കറ്റ്. 68. 5 ഓവറുകള്‍ ആയപ്പൊഴേക്കും മഴ പെയ്തതിനെത്തുടര്‍ന്നാണ് ആദ്യ ദിവസത്തെ കളി മതിയാക്കിയത്. 20 റണ്‍സെടുത്ത ഋഷഭ് പന്തും 3 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പുറത്താവാതെ നില്‍ക്കുകയാണ്.

Related News