Loading ...

Home special dish

ഈ പഴം നുറുക്ക് ഓണക്കാലത്തിന് സ്വന്തം

പഴംനുറുക്കാണ് ഓണക്കാലത്തെ പ്രഭാതഭക്ഷണം. വിശേഷിച്ച്‌ തിരുവോണനാളില്‍. അന്ന് വളരെനേരത്തേ ഊണുകഴിക്കുന്നതുകൊണ്ട് ഈ ലഘുഭക്ഷണംതന്നെ ധാരാളം. ലഘുഭക്ഷണമെന്നാണ് പറയുന്നതെങ്കിലും കുറച്ചേ കഴിക്കാവൂ എന്നൊന്നുമില്ല. പപ്പടവും ഉപ്പേരിയും കൂട്ടി വയറുനിറയെ കഴിക്കാം. പത്ത് പഴംനുറുക്കിന് മൂന്ന് പപ്പടം എന്നാണ് കണക്ക്. ഓണത്തിന് പ്രത്യേകരീതിയില്‍ വേവിച്ചെടുത്ത പഴംനുറുക്കുതന്നെ വേണം. സ്വര്‍ണനിറമുള്ള ലക്ഷണമൊത്ത പഴംനുറുക്ക്. ഉത്രാടനാളില്‍ അത്താഴംകഴിഞ്ഞാല്‍ തിരുവോണനാളിലേക്കുള്ള പഴം പുഴുങ്ങാം. നന്നായി പഴുത്ത, തൊലിയില്‍ കറുത്ത പുള്ളികള്‍ വീണ നേന്ത്രപ്പഴമാകണം. ഒരു പഴം മൂന്നോ നാലോ കഷണമാക്കാം. വിറകടുപ്പില്‍ ചെമ്ബുകലത്തില്‍ പുഴുങ്ങിയാല്‍ നല്ല രുചി കിട്ടും. കുറഞ്ഞ അളവില്‍ വെള്ളമൊഴിച്ച്‌ അതിനുമുകളില്‍ വാഴയണകള്‍ മുറിച്ചെടുത്ത് തട്ടായിവച്ച്‌ അതിനും മുകളിലാണ് പഴംനുറുക്കുകള്‍ വെയ്ക്കേണ്ടത്. വെള്ളം തിളയ്ക്കുമ്ബോള്‍ പഴം ആവി തട്ടി വേവണം. പഴംനുറുക്കില്‍ വെള്ളമുണ്ടാവരുത്. ചിലര്‍ പാത്രത്തില്‍ വളരെക്കുറച്ച്‌ വെള്ളമൊഴിച്ച്‌ ആ വെള്ളത്തില്‍ത്തന്നെ പഴം നുറുക്കിയിടും. അല്ലെങ്കില്‍ പഴം നുറുക്കിനുമുകളില്‍ വെള്ളം തളിച്ച്‌ വേവിക്കും. ഇങ്ങനെ വേവിച്ച പാത്രത്തിനടിയില്‍ തേന്‍പോലെ ഊറുന്ന പഴച്ചാറിന് ആരേയും കൊതിപ്പിക്കുന്ന സ്വാദാണ്. പഴം നുറുക്കല്ല അപ്പോഴത് തേന്‍നുറുക്കാകും. ഇതില്‍ തേനും പഞ്ചസാരയും ചേര്‍ത്തും കഴിക്കാം. മറ്റുചിലര്‍ നെയ്യുകൂട്ടി തട്ടും. പായസത്തെ വെല്ലുന്ന പഴംനുറുക്കാണ് ഓണവിഭവങ്ങളിലെ രാജാവ് എന്ന് പറയാറുണ്ട്. പഴംനുറുക്കിന്റെകൂടെ ഓണപ്രാതലിന് ഉപ്പേരിയും നിര്‍ബന്ധമാണ്.

Related News