Loading ...

Home sports

ഇന്ത്യന്‍ പരിശീലക സംഘത്തില്‍ നിര്‍ണായക മാറ്റം ; ടീമിന് ഇനി പുതിയ സഹപരിശീലകന്‍

ഇന്ത്യന്‍‌ ക്രിക്കറ്റ് ടീമിന്റെ പുതിയ സഹപരിശീലകനായി ബോളിംഗ് പരിശീലകന്‍ ഭരത് അരുണിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്‌. നേരത്തെ, ബാറ്റിംഗ് പരിശീലകനായിരുന്ന സഞ്ജയ് ബംഗാറായിരുന്നു ടീമിന്റെ സഹപരിശീലക സ്ഥാനവും വഹിച്ചിരുന്നത്. എന്നാല്‍ പുതിയ പരിശീലകര്‍ക്ക് വേണ്ടിയുള്ള ബിസിസിഐ യുടെ തിരഞ്ഞെടുപ്പിന് ശേഷം സഞ്ജയ് ബംഗാര്‍ ഈ സ്ഥാനത്ത് നിന്ന് പുറത്താവുകയും, വിക്രം റാത്തോര്‍ ടീമിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി നിയമിതനാവുകയുമായിരുന്നു. ഇതോടെ ടീമിന്റെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്ഥാനത്തേക്ക് ടീമിന്റെ ബോളിംഗ് പരിശീലകന്‍ കൂടിയായ ഭരത് അരുണിന് പ്രൊമോഷന്‍ ലഭിക്കുമെന്നാണ് സൂചനകള്‍. ഇതോടെ ബംഗാര്‍ നേരത്തെ ടീമില്‍ ചെയ്തിരുന്ന ജോലികളെല്ലാം അരുണിന്റെ ദൗത്യമാകും. എന്നാല്‍ ബംഗാറിന് ലഭിച്ചിരുന്നതിനേക്കാള്‍ മികച്ച പ്രതിഫലം അരുണിന് ബിസിസിഐ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിംഗ് പരിശീലകന് പുറമേ സഹപരിശീലകനായി കൂടി സേവനം അനുഷ്ഠിക്കുന്നത് അധിക ജോലിയായതിനാല്‍ അതിന് അനുസരിച്ചുള്ള പ്രതിഫലം അരുണിന് ലഭിക്കും. നിലവില്‍ വിദേശത്തുള്ള ബിസിസിഐ സി.ഇ.ഓ രാഹുല്‍ ജോഹ്രി ഇന്ത്യയില്‍ തിരിച്ചെത്തിയതിന് ശേഷമാകും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. അതേ സമയം ഇന്ത്യയുടെ ബാറ്റിംഗ് പരിശീലക സ്ഥാനവും, സഹപരിശീലക സ്ഥാനവും നഷ്ടമായ സഞ്ജയ് ബംഗാര്‍, ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലക സംഘത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞയിടയ്ക്ക് മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസണെ ക്രിക്കറ്റ് ഓപ്പറേഷന്‍‌ ഡയറക്ടറായി അവര്‍ നിയമിച്ചിരുന്നു.

Related News