Loading ...

Home cinema

കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന തമിഴ് രാഷ്ട്രീയവും മലയാളികളുടെ വോട്ടും by പി.ഹര്‍ഷകുമാര്‍

കോട്ടയം: താരപ്രഭയുള്ളവര്‍ രാഷ്ര്ടീയത്തില്‍ തിളങ്ങുന്നത് ദേശീയ, തെന്നിന്ത്യന്‍ രാഷ്ര്ടീയത്തില്‍ ഇന്നും സജീവമാണ്. സിനിമാ സീരിയല്‍ രംഗത്തുനിന്നും കേന്ദ്ര മന്ത്രിസഭയില്‍ എത്തിപ്പെട്ട സ്മൃതി ഇറാനിയും തമിഴ്‌നാടിനെ വര്‍ഷങ്ങളായി തന്റെ വരുതിക്ക് നിര്‍ത്തിപ്പോരുന്ന ജയലളിതയുമെല്ലാം തങ്ങളുടെ താരമൂല്യത്തെ വോട്ടാക്കി മാറ്റിയവര്‍ക്ക് ഉദാഹരണം മാത്രം. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലും രാഷ്ര്ടീയ നേതൃരംഗത്തേയ്ക്ക് സിനിമാ താരങ്ങളുടെ എത്തിനോട്ടം കലശലായതായി സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കെ.ബി ഗണേഷ്‌കുമാറും ഇന്നസെന്റുമാണ് വോട്ടര്‍മാരുടെ മനസ്സ് കീഴടക്കിയ നേതാക്കള്‍. എന്നാല്‍ ഇവരുടെ രാഷ്ര്ടീയ പാരമ്പര്യവും തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ര്ടീയ പശ്ചാത്തലവും ഇവരെ ആ സ്ഥാനങ്ങള്‍ക്ക് അര്‍ഹരാക്കുകയായിരുന്നു.രാഷ്ര്ടീയത്തിലെ സിനിമാ കളിക്ക് വ്യക്തമായ തെളിവാണ് തമിഴ്‌നാട്ടിലേത്. എം.ജി.ആര്‍ മുതല്‍ ജയലളിതയും ക്യാപ്റ്റന്‍ വിജയകാന്തുമെല്ലാം സിനിമയിലൂടെ ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത സ്വാധീന ശക്തിയെ വോട്ടാക്കി മാറ്റിയാണ് അധികാരത്തിലെത്തിയത്. സിനിമയെ സിനിമയായി കാണാതെ ജീവിതവുമായി തുലനം ചെയ്യുന്ന തമിഴ് ജനത, താരങ്ങള്‍ സിനിമയില്‍ കാണിക്കുന്ന നന്മ ജീവിതത്തിലും ആവര്‍ത്തിക്കുമെന്ന് കണ്ണടച്ച് വിശ്വസിച്ചുപോന്നു.എന്നാല്‍ ദേശീയ രാഷ്ര്ടീയത്തില്‍ നിന്നടക്കം കേരളാ രാഷ്ര്ടീയം എന്നും വ്യത്യസ്തത പുലര്‍ത്തിപ്പോന്നിരുന്നു. ഇവിടെ താരപ്പൊലിമയ്ക്കല്ല, രാഷ്ര്ടീയ നിലപാടുകള്‍ക്കാണ് ജനങ്ങള്‍ വിലയിട്ടു പോരുന്നത്. സിനിമയെ സിനിമയായി കാണാന്‍ മലയാളിക്കറിയാം. സമകാലിക പ്രശ്‌നങ്ങളില്‍ താരങ്ങള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് മലയാളികള്‍ നല്‍കുന്ന പ്രതികരണം ഇത് വ്യക്തമാക്കുന്നു.എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ മുന്‍നിര്‍ത്തി വോട്ടു പിടിക്കാമെന്ന ധാരണയിലാണ് മൂന്നു മുന്നണികളും. സുരേഷ്
ഗോപി മുതല്‍ ഒടുവില്‍ ഉയര്‍ന്നുകേട്ട അശോകന്‍ വരെ ഈ പട്ടികയിലുണ്ട്. രാഷ്ര്ടീയ പശ്ചാത്തലമുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്നതും സത്യം.
എന്നാല്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ളവരെ തഴഞ്ഞ്, വെറും പോപ്പുലാരിറ്റിയുടെ ബലത്തില്‍ വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരുടെ ജനപിന്തുണ ഈ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് മുമ്പില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിലും സംശയമില്ല.മലയാളികള്‍ സിനിമയിലൂടെ ഇഷ്ടപ്പെടുന്നത് തങ്ങളെ സ്വാധീനിച്ച കഥാപാത്രങ്ങളെയാണെന്നും അല്ലാതെ അവരെ അവതരിപ്പിച്ച താരങ്ങളെ അല്ലെന്നുമുള്ള തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നത് സാരം. കെ.പി.എ.സി ലളിതയ്ക്ക് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും, നടന്‍ സിദ്ദിഖിന് തെരഞ്ഞെടുപ്പില്‍ അഭിവാദ്യം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ ഫാന്‍സ് അസോസിയേഷന്റെ പേര് ഉപയോഗിക്കേണ്ടിവന്നതും ഈ പ്രതിഫലനത്തിന്റെ സൂചനകള്‍ മാത്രം.പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ലളിതയ്ക്ക് പിന്‍മാറേണ്ടിവന്നതും കേരള രാഷ്ര്ടീയത്തിലെ മറ്റൊരു മുഖമാണ്. എതിര്‍പ്പുകളല്ല, അനാരോഗ്യവും സിനിമയിലെ തിരക്കുമാണ് പിന്‍മാറാന്‍ കാരണമെന്ന് ലളിത പറയുന്നു. ലളിതയുടെ അപ്രതീക്ഷിത പിന്‍മാറ്റം സി.പി.എമ്മിനാണ് തിരിച്ചടിയായത്. പ്രേം നസീര്‍ മുതല്‍ മുരളി വരെ മുന്‍പ് പല ജനകീയ താരങ്ങളും രാഷ്ര്ടീയ ഗോദയില്‍ തോറ്റുപിന്‍വാങ്ങിയ ചരിത്രമുള്ളവരാണ്.

ഇനി താര സ്ഥാനാര്‍ത്ഥികളിലേക്ക്:

കെ.ബി ഗണേഷ് കുമാര്‍:

ഒരു നടനെങ്കിലും വ്യക്തമായ രാഷ്ര്ടീയ പശ്ചാത്തലമുള്ള ഗണേഷിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വെറുമൊരു കളിയല്ല. അച്ഛന്റെ രാഷ്ര്ടീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നു പാര്‍ട്ടിയില്‍ ഏറ്റവും അര്‍ഹതയുള്ള നേതാവും രണ്ടു തവണ പത്തനാപുരത്ത് വിജയിച്ച മുന്‍തൂക്കവും ഗണേഷിനുണ്ട്. അതുകൊണ്ടുതന്നെ ഗണേഷിന് ഉയര്‍ത്തിക്കാണിക്കാന്‍ ഒരു നടന്‍ എന്നതിനേക്കാള്‍ ഒരു രാഷ്ര്ടീയ പ്രവര്‍ത്തകന്‍ എന്ന മേന്മയുമുണ്ട്.

ജഗദീഷ്:

ഗണേഷ് കുമാറിന്റെ താരമൂല്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് നടന്‍ ജഗദീഷ് യു.ഡി.എഫ് സ്ഥനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിക്കാനൊരുങ്ങുന്നത്. എന്നാല്‍ ഗണേഷ് കുമാറിനെതിരെ ഉയര്‍ത്തിക്കാട്ടാന്‍ ജഗദീഷിനുള്ളത് സിനിമാ പശ്ചാത്തലം മാത്രവും. ഹാസ്യ താരമായി പലപ്പോഴും മലയാളിയെ ചിരിപ്പിച്ചിട്ടുള്ള ജഗദീഷിന്റെ തെരഞ്ഞെടുപ്പിലുള്ള സ്വീകാര്യത കണ്ടറിയുക തന്നെവേണം. കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു എന്ന വാദവും യു.ഡി.എഫിനു വേണ്ടി തെരഞ്ഞെടുപ്പ് വേദികളില്‍ എത്തിയുള്ള പരിചയവുമാണ് അദ്ദേഹത്തിന് ആകെയുള്ള രാഷ്ര്ടീയ പശ്ചാത്തലം.

സിദ്ദിഖ്:

വിദ്യാര്‍ത്ഥി രാഷ്ര്ടീയത്തിലെ പ്രവര്‍ത്തി പരിചയവുമായാണ് വലതുപക്ഷത്തിനുവേണ്ടി സിദ്ദിഖ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പലനേതാക്കളെയും വെട്ടിനിരത്തി സ്ഥാനാര്‍ത്ഥിത്വം നേടിയത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സിദ്ദിഖിന് വെല്ലുവിളിയായേക്കും. സിദ്ദിഖ് മത്സരിക്കുന്ന വിവരം ഉറപ്പിച്ചതിന് ശേഷം ഒരു പ്രമുഖ മാധ്യമം നടത്തിയ ജനഹിത പരിശോധനയില്‍ ഉയര്‍ന്നുവന്ന പ്രതികരണം ശ്രദ്ധേയമായിരുന്നു. സിനിമാക്കാര്‍ അവരുടെ പണി നോക്കിയാല്‍ മതിയെന്ന് തുറന്നു പറയാനും സാധാരണക്കാരായ ജനങ്ങള്‍ തയ്യാറായി.

മുകേഷ്:

ഇടതുമുന്നണിയുടെ കൊല്ലത്തെ സ്ഥനാര്‍ത്ഥി മുകേഷ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. അടിയുറച്ച കമ്മ്യുണിസ്റ്റ് അനുഭാവിയും കമ്മ്യുണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗവുമാണ് മുകേഷ്. മുന്‍പ് പല തെരഞ്ഞെടുപ്പുകളിലും മുകേഷിന്റെ പേര് ഉയര്‍ന്നുകേട്ടുവെങ്കിലും അദ്ദേഹം പിടികൊടുത്തിരുന്നില്ല. ഇത്തവണ ആദ്യം ഉയര്‍ന്നുവന്ന സ്ഥനാര്‍ത്ഥി നിര്‍ദേശങ്ങളില്‍ ഒന്ന് മുകേഷിന്റെ പേരായിരുന്നു.

ലാലു അലക്‌സ്:

ലാലു അലക്‌സ് കടുത്തുരുത്തിയില്‍ മോന്‍സ് ജോഫിന് എതിരെ ചാവേര്‍ ആകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാര്‍ട്ടി ഭേദമന്യേ വോട്ടു നേടുന്ന മോന്‍സ് ജോസഫിന് എതിരെ തോല്‍ക്കുവാന്‍ ആണെങ്കില്‍പോലും ഒരു സിനിമാ താരത്തെ മത്സരിപ്പിക്കേണ്ടിവരുന്നതിനെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുകൂലിക്കുമോ എന്നതും കണ്ടറിയണം.

സുരേഷ് ഗോപി:

സംസ്ഥാന രാഷ്ര്ടീയത്തില്‍ സിനിമാക്കാരുടെ പങ്ക് ഉറപ്പിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ബി.ജെ.പിയിലേക്കുള്ള പ്രവേശനം. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകുന്നു എന്ന വാര്‍ത്തകളാണ് അവസാനമായി പുറത്തുവരുന്നത്. സുരേഷ് ഗോപിയുടെ
താരമൂല്യത്തെ തന്നെ വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യമാവും ബി.ജെ.പിയും മുന്നോട്ടുവയ്ക്കുക.

അശോകന്‍:

നടന്‍ അശോകന്റെ പേരാണ് ഏറ്റവും ഒടുവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സിനിമയില്‍ സജീവമല്ലാത്ത അശോകന് ഇപ്പോഴും പ്രേഷകരെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരാണ് രാഷ്ര്ടീയ നേതൃത്വം. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ഹരിപ്പാട് മത്സരിക്കാനാണ് അശോകനെ പരിഗണിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെയാവും അശോകന്റെ കന്നി പോരാട്ടം. എന്നാല്‍ ഇക്കാര്യം സി.പി.ഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.സി.പി.എം, സി.പി.ഐ, ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സിനിമാകാര്‍ക്ക് പിന്നാലെ പായുമ്പോള്‍ കേരള കോണ്‍ഗ്രസുകാരും മുസ്ലീം ലീഗുമാണ് സിനിമാക്കാരെ അടുപ്പിക്കാത്ത പ്രധാന കക്ഷികള്‍. ലീഗില്‍ മഞ്ഞിളാംകുഴി അലി മാത്രമാണ് സിനിമ മേഖലയില്‍ നിന്നുമുള്ളത്. എന്നാല്‍ ഇടത് സ്വാതന്ത്രനായി രാഷ്ര്ടീയത്തില്‍ സജീവമായ ശേഷമാണ് അലി ലീഗിലേക്ക് ചാടിയതെന്നതും ശ്രദ്ധേയമാണ്.എന്താ സിനിമാക്കാര്‍ക്ക് രാഷ്ര്ടീയം പാടില്ലെന്നുണ്ടോ എന്ന് വായിക്കുന്ന ആര്‍ക്കും ഒരുപക്ഷേ തോന്നിയേക്കാം. നടന്‍ ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ ഈ ചോദ്യത്തെ മറികടന്നവരുമാണ്. പക്ഷേ സ്ഥാനാര്‍ത്ഥിയാക്കാന്‍ മൂന്ന് മുന്നണികളിലും നേതാക്കളുടെ ക്ഷാമമാണോ എന്ന മറുചോദ്യവും ഇവിടെ പ്രസക്തമാണ്. എങ്ങിനെയും വിജയിക്കുക എന്ന അടവുനയത്തിന്റെ ഭാഗമാണ് മുന്നണികളുടെ ഈ സിനിമാ കമ്പമെന്നും സൂചനയുണ്ട്. വിശ്വാസങ്ങളും പ്രത്യേയ ശാസ്ത്രങ്ങളും ഉയര്‍ത്തിക്കാട്ടുന്ന മുന്നണികള്‍ക്ക് മലയാളിയുടെ സിനിമാ പ്രേമത്തെ വോട്ടാക്കി മാറ്റുന്നതില്‍ വിജയിച്ചാല്‍ കേരളത്തിലെ രാഷ്ര്ടീയ പ്രവര്‍ത്തനത്തിന് പുതിയ മാനദണ്ഡങ്ങളിടാന്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് വഴിയൊരുക്കും എന്നതും ഉറപ്പ്.

Related News